- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർപോർട്ടിൽ സ്വീകരിക്കാൻ ചെന്ന ഋഷി സുനകിനെ ജോ ബൈഡന് മനസ്സിലായില്ലെ? പെരുമാറ്റം കണ്ടിട്ട് മാധ്യമങ്ങൾക്ക് സംശയം; ഐറിഷ് പാരമ്പര്യം പറഞ്ഞ് ഇംഗ്ലണ്ടിനെ തള്ളിയതിലും പ്രതിഷേധം; പ്രസിഡണ്ടിന്റെ ബെല്ഫാസ്റ്റ് സന്ദർശനം ഊഷ്മളതയില്ലാതെ
ലണ്ടൻ: ബെൽഫാസ്റ്റിലെ വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അവഗണിച്ചുവോ? ബ്രിട്ടീഷ് മാധ്യമങ്ങൾ ഇപ്പോൾ ചർച്ചയാക്കുന്നത് അതാണ്. ദുഃഖവെള്ളിയാഴ്‌ച്ച കരാറിന്റെ25-ാം വാർഷികം ആഘോഷിക്കാൻ എത്തിയ ജോ ബൈഡൻ ഋഷിക്കൊപ്പം ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തപ്പോഴും തീരെ താത്പര്യമില്ലാത്തതു പോലെ പെരുമാറിയതായി ശരീരഭാഷാ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പ്രസിഡണ്ടിന്റെ സ്വീകരിക്കാൻ കാത്തുനിന്ന സുനകും ആകെ അസ്വസ്ഥനായിരുന്നു എന്നും അവർ പറയുന്നു.
ആദ്യ സ്വീകരണത്തിനും ഉപചാരങ്ങൾക്കും ശേഷം ഋഷിയെ ബൈഡൻ ഒഴിവാക്കിയതായി ചിലർ ചൂണ്ടിക്കാട്ടുന്നു. യു കെയിലെ അമേരിക്കൻ സ്ഥാനപതിയോടും മറ്റും സന്തോഷത്തോടെ സംസാരിച്ച ബൈഡൻ പക്ഷെ ഋഷിയുടെ അടുത്തെത്തിയപ്പോൾ ഭാവം മാറുകയായിരുന്നു എന്ന് ശരീരഭാഷാ വിദഗ്ധയായ ജൂഡി ജെയിംസ് പറഞ്ഞു. ഇന്നലെ രാവിലെ ചായ സത്ക്കാരത്തിനായി ഇരുവരും ഒരു മേശക്ക് ഇരുവശമായി ഇരുന്നപ്പോഴും അവിടെ ഊഷ്മളമായ അന്തരീക്ഷമായിരുന്നില്ല എന്ന് ചില മാധ്യമങ്ങൾ എഴുതുന്നു.
സാധാരണ, രാഷ്ട്രത്തലവന്മാർ ഒരുമിച്ചുള്ള ഫോട്ടോ ഷൂട്ടുകൾ തിരക്കഥക്ക് അനുസരിച്ച് നടത്തുന്നവയാണ്. അതിന്റെ ഉദ്ദേശം തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുക എന്നതാണ്. എന്നാൽ ഇവിടെ അത് സംഭവിച്ചില്ല എന്നും ജൂഡി ജെയിംസ് പറയുന്നു. ബൈഡൻ ഫോട്ടോഗ്രാഫർമാരുമായി സംസാരിക്കുന്നതിനിടയിൽ ഋഷി ചായകുടിക്കുകയായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടി.
കടുത്ത ശത്രുതയിലുള്ള രാജ്യങ്ങളുടെ തലവന്മാർ വരെ പൊതുവേദിയിൽ പരസ്പരം സ്നേഹം പ്രകടിപ്പിക്കും. എന്നാൽ, അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷി ആയിരുന്നിട്ടു കൂടി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ബൈഡൻ ഇടപെട്ട രീതിയിൽ എന്തൊക്കെയോ പാകപ്പിഴകൾ ഉണ്ടെന്ന് ചിലർ പറയുന്നു. അതേസമയം, തന്റെ ഇംഗ്ലീഷ് പാരമ്പര്യം ഓർമ്മപ്പെടുത്താനും ബൈഡൻ മറന്നില്ല.
താൻ ബ്രിട്ടീഷ് വിരുദ്ധനാണെന്ന പ്രചാരണം തകർക്കാനായി തന്റെ പൂർവ്വ പിതാമഹൻ 1800 കളിൽ ബ്രിട്ടീഷ് നേവിക്ക് വേടി കലാപ നിയമങ്ങൾ തയ്യാറാക്കിയ കാര്യം അദ്ദേഹം എടുത്തു പറഞ്ഞു. തുടർച്ചയായി തന്റെ ഐറിഷ് പാരമ്പര്യത്തെ കുറിച്ച് പറയാറുള്ള ബൈഡൻ, തന്റെ മാതൃകുടുംബം നോട്ടിങ്ഹാമിൽ നിന്നുള്ളതാണെന്നും പറഞ്ഞു.
അതിനിടയിൽ, സുനകിന്റെ നേതൃപാടവത്തെ പുകഴ്‌ത്താനും ബൈഡൻ മറന്നില്ല. ബ്രെക്സിറ്റിനു ശേഷമുള്ള വിൻഡ്സർ ഫ്രെയിംവർക്ക് രൂപീകരണത്തിൽ സുനകിന്റെയും യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് ഉറുസ്വല വോൺ ഡെ ലെയെന്റെയും പങ്കിനെയും അദ്ദേഹം പ്രകീർത്തിച്ചു. ഇത് കൂടുതൽ അമേരിക്കൻ നിക്ഷേപങ്ങൾ ഈ മേഖലയിൽ എത്താൻ സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, നോർത്തേൺ അയർലൻഡ് പാർലമെന്റിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമം ഫലം കണ്ടേക്കില്ല എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ബ്രിട്ടനെ വെറുക്കുന്ന പക്ഷപാതിയായ പ്രസിഡണ്ട് എന്നാണ് ഡി യു പി ബൈഡനെ വിശേഷിപ്പിച്ചത്. റിപ്പബ്ലിക് ഓഫ് അയർലൻഡിലേക്ക് പോകുന്നതിന് മുൻപായി നോർത്തേൺ അയർലൻഡിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ മാത്രമാണ് ബൈഡൻ അഭിവാദ്യം ചെയ്തത്. അടുത്ത മൂന്നു ദിവസം അദ്ദേഹം ചെലവഴിക്കുക അവിടെയായിരിക്കും.
മറുനാടന് ഡെസ്ക്