പാരിസ്: കിഴക്കൻ യൂറോപ്പിൽ സമാധാനം കൊണ്ടുവരുന്നതിനായി ഫ്രാൻസും ചൈനയും കൈകോർക്കുന്നതായ വാർത്തകൾ പുറത്തു വരുന്നു. വരുന്ന വേനൽക്കാലമാകുമ്പോഴേക്കും പുടിനേയും സെലെൻസ്‌കിയേയും ഒരു മേശക്കിരുവശവും കൊണ്ടു വന്ന് സമാധാന ചർച്ചകൾക്ക് തുടക്കമിടാനാണ് ഫ്രാൻസ് ആഗ്രഹിക്കുന്നത്. ഇത് നടപ്പിലാക്കുന്നതിനായി ചൈനയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ വാംഗ് യി യുമായി ചേർന്ന് പ്രവർത്തിക്കാൻ ഫ്രഞ്ച് വിദേശകാര്യോപദേഷ്ടാവ് ഇമ്മാനുവൽ ബോണിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് പ്രസിഡണ്ട് മാക്രോൺ.

എല്ലാം പ്രതീക്ഷിച്ച രീതിയിൽ മുൻപോട്ട് പോവുകയാണെങ്കിൽ വരുന്ന വേനൽ കാലത്ത് പുടിനെയും സെലെൻസ്‌കിയെയും സമാധാന ചർച്ചകൾക്കായി കൊണ്ടു വരാൻ കഴിയുമെന്നാണ് മാക്രോൺ വിശ്വസിക്കുനന്തെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഭാവിയിൽ നടക്കാൻ ഇരിക്കുന്ന ചർച്ചകളിൽ ഉപാധികൾ ധാരാളം ഉണ്ടാകാൻ ഇടയുണ്ടെന്ന് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നു. ശർത്ക്കാല ആക്രമണങ്ങളെ യുക്രെയിൻ എത്രമാത്രം പ്രതിരോധിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ചർച്ചകളിൽ ഉപാധികൾ വരിക.

റഷ്യൻ അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ കഴിഞ്ഞാൽ, ചർച്ചകളിൽ യുക്രെയിന് മേൽക്കൈ ലഭിക്കാൻ ഇടയുണ്ട്. ഇരു രാജ്യങ്ങൾക്കും ഇടയിൽ ചർച്ചക്ക് വഴിയൊരുക്കാൻ ബോണും വാംഗും ശ്രമം തുടങ്ങിയതായി മാക്രോണിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അതിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. റഷ്യയുമായി ശക്തമായ ബന്ധം തുടരുകയും അതേസമയം, യുദ്ധത്തിൽ നിഷ്പക്ഷത പാലിക്കുകയും ചെയ്യുന്ന ചൈനക്ക് ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് പാശ്ചാത്യ സഖ്യം കണക്കുകൂട്ടുന്നുണ്ട്.

അടുത്തിടെ നടത്തിയ ബീജിങ് സന്ദർശനത്തിനിടയിലായിരുന്നു ഇങ്ങനെ ഒരു ആശയം ഉരുത്തിരുഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിനു ശേഷം പ്രസിഡണ്ട് മാക്രോണുമായി താൻ ഒന്നരമണിക്കൂർ ഫോൺ സംഭാഷണം നടത്തിയതായി സെലെൻസ്‌കി സ്ഥിരീകരിച്ചിരുന്നു. പെൻഷൻ പരിഷ്‌കരണങ്ങലുടെ പേരിൽ സ്വന്തം നാട്ടിൽ ജനപിന്തുണ നഷ്ടപ്പെട്ട മാക്രോൺ അന്താരാഷ്ട്ര സമാധാനത്തിന്റെ വക്താവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്ന വിമർശനവും ഉയരുന്നുണ്ട്.