ലണ്ടൻ: രാജകുടുംബത്തിലെ അംഗമെന്ന നിലയിൽ ചുമതലകൾ നിർവഹിക്കുന്ന സമയത്ത്, താൻ സഹിച്ച മാനസിക സമ്മർദ്ദങ്ങൾ തന്നെ വിഷാദരോഗത്തിന്റെ അരികിലേക്ക് തള്ളിയിട്ടിരുന്നു എന്ന് മേഗൻ ഓപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൗൺസിലിങ് ആവശ്യമാണെന്ന് പറഞ്ഞപ്പോൾ രാജകുടുംബം അതിനനുവദിച്ചില്ലെന്നും അന്ന് അവർ പറഞ്ഞിരുന്നു.

അതിനു ശേഷമാണ് മേഗൻ കൊട്ടാരത്തിലെ ചില ജീവനക്കാരോട് അപമാനകരമാം വിധം പെരുമാറി എന്ന ആരോപണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് തന്റെ ആശങ്കകൾ വ്യക്തമാകി മേഗൻ ചാൾസിന് കത്ത് അയച്ചിരുന്നെങ്കിലും, ചാൾസ് അത് അവഗണിക്കുകയായിരുന്നു എന്ന് മേഗനുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഈ അവഗണന മേഗന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരുപക്ഷെ അതായിരിക്കാം കിരീടധാരണ ചടങ്ങുകളിൽ നിന്നും വിട്ടു നിൽക്കാൻ മേഗനെ പ്രേരിപ്പിച്ചതെന്നും അവർ പറയുന്നു.

ഓപ്ര വിൻഫ്രിയുടെ അഭിമുഖത്തിനു ശേഷം രാജകുടുംബത്തിൽ നിന്നും ചാൾസ് രാജാവ് മാത്രമായിരുന്നു മേഗനുമായി ബന്ധപ്പെട്ടത് എന്നാണ് ചില റിപ്പോർട്ടുകൾ പറയുനന്ത്. അത്തരത്തിൽ ചാൾസ് എഴുതിയ ഒരു കത്തിന് മറുപടിയാണത്രെ മേഗൻ തന്റെ ആശങ്കകൾ അറിയിച്ചുകൊണ്ട് മെയിൽ അയച്ചത്.

അതിനു പുറമെ, കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ ഹാരിക്കും മേഗനും അയച്ച ക്ഷണക്കത്തിൽ അവരുടെ കുട്ടികളെ കുറിച്ച് പരാമർശമില്ല എന്നതും മേഗനെ വിഷമിപ്പിക്കുന്നുവത്ര. മകൻ ആർച്ചിയുടെ നാലാം ജന്മദിനം കൂടിയാണന്ന്. അതും ചടങ്ങിൽ നിന്നും വിട്ടു നിൽക്കാൻ മേഗനെ പ്രേരിപ്പിച്ചതായി അവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലൂയിസ് രാജകുമാരന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് കെയ്റ്റ്

ഇളയമകൻ ലൂയിസ് രാജകുമാരന്റെ അഞ്ചാം ജന്മദിനം അവിസ്മരണീയമാക്കുവാൻ മനോഹരങ്ങളായ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് അമ്മ കെയ്റ്റ് രാജകുമാരി. ഇവർ താമസിക്കുന്ന വിൻഡ്സറിലെ അഡെലെയ്ഡ് ഹോമിലെ ഉദ്യാനത്തിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. തങ്ങളുടെ മകന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാൻ അഭിമാനമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് വെയ്ൽസ് രാജകുമാരനും രാജകുമാരിയും ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്.

ചിത്രങ്ങളിൽ ഒന്നിൽ, ഷോർട്സും ഷർട്ടും വൂളൻ ജംബറും ധരിച്ച രാജകുമാരൻ ആരെയോ നോക്കി തന്റെ മാസ്റ്റർപീസ് ആയ കുസൃതി ചിരിചിരിക്കുന്നത് കാണാം. മറ്റൊന്ന് ചിരിക്കുന്ന മുഖത്തിന്റെ ക്ലോസ്അപ് ഫോട്ടോയാണ്. ഏതൊരു കുട്ടിയുടെയും വളർച്ചയിൽ ആദ്യത്തെ അഞ്ച് വർഷങ്ങൾക്കുള്ള പ്രാധാന്യത്തെ കുറിച്ച് കെയ്റ്റ് നിരവധി കാമ്പെയ്നുകൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മകന് അഞ്ച് വയസ്സ് പൂർത്തിയാകുമ്പോൾ പുറത്തുവിട്ട ഈ ചിത്രങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ കാണുന്നത്.

ഇതിനു മുൻപുള്ള ജന്മദിനങ്ങളിലെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് അമ്മ കെയ്റ്റ് എടുത്ത ചിത്രങ്ങൾ ആണെങ്കിൽ ഇത്തവണ പോസ്റ്റ് ചെയത ചിത്രങ്ങൾ ഒന്നും തന്നെ കെയ്റ്റ് എടുത്തവയല്ല. 2011, വില്യമിന്റെയും കെയ്റ്റിന്റെയും കല്യാണവിരുന്നിന്റെ ചിത്രങ്ങൾ പകർത്തിയ മില്ലി പിൽകിങ്ടൺ ആണ് ഈ ചിത്രങ്ങൾ എല്ലാം എടുത്തിരിക്കുന്നത്.

കിരീടധാരണ ചടങ്ങ് അലങ്കോലമാക്കാൻ ഗൂഢാലോചന

രാജകുടുംബത്തിനെതിരെ തീവ്ര നിലപാട് കൈക്കൊള്ളുന്ന ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങുകൾ അലങ്കോലമാക്കാൻ ഗൂഢാലോചനകൾ നടത്തുന്നതായി ചില റിപ്പോർട്ടുകൾ പുറത്തു വരുന്നു. കിരീടധാരണത്തോട് അനുബന്ധിച്ചുള്ള ഘോഷയാത്രയിൽ പങ്കെടുക്കുന്ന കുതിരകൾക്ക് നേരെ റേപ്പ് അലാമുകൾ വലിച്ചെറിഞ്ഞ് അവയെ പ്രകോപിക്കാനാണത്രെ പദ്ധതി. ഇത്തരമൊരു സംഭവം ഉണ്ടായാൽ അത് പലർക്കും ഗുരുതരമായ പരിക്കുകൾക്കും, ചിലപ്പോൾ മരണത്തിനു പോലും കാരണമായേക്കാം എന്ന് സർക്കാർ വൃത്തങ്ങൾ ഭയപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.

മെയ്‌ 6 ന് നടക്കുന്ന പരിപാടി അലങ്കോലപ്പെടുത്താൻ മറ്റ് പല സംഘങ്ങൾക്കുമൊപ്പം പരിസ്ഥിതി പ്രവർത്തകരായ ജസ്റ്റ് സ്റ്റോപ്പ് ഓയിൽ ഗ്രൂപ്പും ചേരുമെന്നാണ് അധികൃതർ കരുതുന്നത്. രാജപദവിയെ എതിർക്കുന്ന, തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പബ്ലിക് എന്ന സംഘടന ഫേസ്‌ബുക്കിലൂടെ തങ്ങളുടെ 41,000 വരുന്ന അംഗങ്ങളോട് പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞയാഴ്‌ച്ച ഷെഫീൽഡിൽ നടക്കുന്ന ലോക സ്നൂക്കർ ചാമ്പ്യൻഷിപ്പിൽ മേശമേൽ ഓപ്പ്രഞ്ച് പൗഡർ വിതറിയത് ഈ സംഘത്തിൽ പെട്ടവരായിരുന്നു. റേപ്പ് അലാം എറിഞ്ഞേക്കും എന്ന വാർത്ത അധികൃതർ അത്യധികം ആശങ്കയോടെയാണ് കാണുന്നത്. കുതിരകളുടെ പ്രതികരണം എന്തായിരിക്കും എന്ന് പ്രവചിക്കാൻ ആകാത്തതാണ് കാരണം.