ലണ്ടൻ: കുടിയേറ്റ പ്രശ്നം വീണ്ടും ബ്രിട്ടനിൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴി തെളിക്കുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മനിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ പേരിൽ ചരിത്രത്തിൽ ഇടം നേടിയ ഡാംബസ്റ്റർ സ്‌ക്വാഡ്രന്റെ ആസ്ഥാനമായ സ്‌കാംപ്ടണിലാണ് ഇപ്പോൾ പ്രശ്നമുണ്ടായിരിക്കുന്നത്. പ്രവർത്തന രഹിതമായ ആർ എ എഫ് ആസ്ഥാനത്ത് 2000 അഭയാർത്ഥികളെ പാർപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ തീവ്ര വലതുപക്ഷക്കാർ അണിനിരക്കുകയായിരുന്നു.

അഭയാർത്ഥികളെ പിന്തുണക്കുന്നവരും രംഗത്തെത്തിയതോടെ അന്തരീക്ഷം സംഘർഷഭരിതമായി. വംശീയതക്ക് എതിരെ പോരാടുന്ന സ്റ്റാൻഡ് അപ് ടു റേസിസം എനൻ സംഘടനയുടെ നേതൃത്വത്തിൽ നൂറോളം പേർ ലിങ്കൺ സിറ്റി സെന്ററിലൂടെ പ്രതിഷേധ പ്രകടനമായി വലതുപക്ഷക്കാരുടെ പ്രതിഷേധ സ്ഥലത്ത് എത്തുകയായിരുന്നു. പൊലീസ് ഒരു വൻ നിര സൃഷ്ടിച്ച് ഇരു വിഭാഗങ്ങളേയും അകറ്റി നിർത്തി.

കഴിഞ്ഞമാസമായിരുന്നു നഗരത്തിൽ നിന്നും മാറിയുള്ള സ്‌കാംപ്ടൺ സൈറ്റിൽ അഭയാർത്ഥികളെ പാർപ്പിക്കുന്ന കാര്യം സർക്കാർ പ്രഖ്യാപിച്ചത്.ഒറ്റക്കുള്ള പുരുഷ അഭയാർത്ഥികളെ ആയിരിക്കും ഇവിടെ പാർപ്പിക്കുക. ആദ്യഘട്ടത്തിൽ 200 പേർക്ക് താമസ സൗകര്യം ഒരുക്കുമെന്നും പിന്നീടത് 2000 ആയി വർദ്ധിപ്പിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. ഭക്ഷണവും പ്രാഥമിക ചികിത്സാ സൗകര്യങ്ങളും ഇവിടെ അഭയാർത്ഥികൾക്കായി ഒരുക്കും.

എസ്സെക്സിലെ വേതേഴ്സ്ഫീൽഡ് എയർഫീൽഡിൽ 1,700 അഭയാർത്ഥികൾക്ക് താമസമൊരുക്കുന്ന സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ബ്രെയിൻട്രീ ഡിസ്ട്രിക്ട് കൗൺസിൽ നിയമയുദ്ധത്തിൽ പരാജയപ്പെട്ടതിന്റെ അടുത്ത ദിവാമാണ് ഇപ്പോൾ ലിങ്കൺ നഗരത്തിൽ പ്രതിഷേധം ഉയർന്നിരിക്കുന്നത്. സർക്കാർ നടപടി തടയാൻ കോടതിക്കാവില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലോക്കൽ കൗൺസിലിന്റെ പരാതി കോടതി തള്ളിയത്. ഡോവർ ഡോക്ക്സിലും അഭയാർത്ഥികൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

അഭയാർത്ഥിയുടെ മുഖംമൂടിയുമായി എത്തിയത് ഐസിസ് ഭീകരൻ

42 വയസ്സുള്ള ഒരു മുൻ ഐസിസ് ഭീകരൻ 17 വയസ്സ് മാത്രം പ്രായമെന്ന് അവകാശപ്പെട്ട് ചാനലിലൂടെ ചെറുയാനത്തിൽ അനധികൃതമായി ബ്രിട്ടനിൽ എത്തിയതായി മെയിൽ ഓൺ സൺഡേ റിപ്പോർട്ട് ചെയ്യുന്നു. കൂടെയാരുമില്ലാത്ത മൈനർ എന്ന വ്യാജേന എത്തിയ ഇയാൾ പിടിക്കപ്പെടുന്നതിന് മുൻപ് വരെ ഒരാഴ്‌ച്ചയോളം മറ്റ് കൗമാരക്കാർക്കൊപ്പം സർക്കാർ ചെലവിൽ താമസിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഭീകരസംഘടനകളുമായി ബന്ധമുണ്ടായിരുന്ന ഈ ഇറാഖി വംശജൻ ഒരു സുരക്ഷാ ഭീഷണിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രിട്ടനിലേക്ക് അനധികൃതമായുള്ള അഭയാർത്ഥി പ്രവാഹം തടയുന്നത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിക്കാൻ ഇന്നലെ ഹോം ഓഫീസ് വൃത്തങ്ങൾ ഇയാളുടെ ഉദാഹരണമാണ് നിരത്തിയത്. ഓൺലൈനിൽ വാങ്ങിയ ഒരു വ്യാജ ഐ ഡി ഉപയോഗിച്ച് 2001 അവസാനത്തിലാണ് ഇയാൾ യു കെയിൽ എത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു.

കട്ടി മീശയും താടിയുമൊക്കെ ഉണ്ടായിട്ടും, കൂടെയാരുമില്ലാത്ത കൗമാരക്കാരൻ എന്ന നിലയിലായിരുന്നു ഇയാൾ അഭയത്തിന് അപേക്ഷിച്ചത്. സംശയം തോന്നിയ അധികൃതർ, യൂറോപ്പിലാകമാനമുള്ള അഭയാർത്ഥികളുടെ ഡാറ്റാബേസ് പരിശോധിച്ച് ഇയാളുടെ വിരലടയാളം ഒത്തുനോക്കിയപ്പോഴായിരുന്നു സത്യം തിരിച്ചറിഞ്ഞത്. 2006 ൽ തന്നെ അമേരിക്കൻ സൈന്യവും ബ്രിട്ടീഷ് സൈന്യവും ഇയാളുമായി ഏറ്റുമുട്ടിയിരുന്നു എന്നും അന്നു തന്നെ ഇയാളെ തീവ്രവാദിയായി രേഖപ്പെടുത്തിയിരുന്നു എന്നും കണ്ടെത്തി.