സുഡാന്റെ അധികാരം പിടിച്ചെടുക്കാൻ പരസ്പരം പോരാടുന്ന ഇരു വിഭാഗങ്ങളും തത്ക്കാലത്തേക്ക് മൂന്ന് ദിവസത്തെ വെടി നിർത്തലിന് സമ്മതിച്ചതോടെ സാധാരണക്കാർ രക്ഷതേടിയുള്ള നെട്ടോട്ടത്തിലായി. ഡൺക്രിക്ക് മോഡലിൽ ബ്രിട്ടീഷ് പൗരന്മാരെ രക്ഷപ്പെടുത്താനുള്ള കാര്യം പരിഗണിക്കുകയാണ് ഋഷി സുനക് സർക്കാർ. അതിനിടയിൽ മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ കലാപ ഭൂമിയിൽ നിന്നും രക്ഷപ്പെടുത്തിക്കഴിഞ്ഞു. ഇതുവരെ ബ്രിട്ടൻ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ ആശ്രിതരെയും മാത്രമാണ് ഒഴിപ്പിച്ചിട്ടുള്ളത്.

അതിനിടയിൽ, സുഡാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തുന്നതിൽ ഇന്ത്യ ഓപ്പറേഷൻ കാവേരി ആരംഭിച്ചതായി പ്രധാനമന്ത്രി കൊച്ചിയിൽ പ്രസ്താവിച്ചു. ഇതിന്റെ മേൽനോട്ടം കേന്ദ്ര സഹമന്ത്രി വി മുരളിധരന് ആയിരിക്കും. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുരളിധരൻ ജിദ്ദയിൽ എത്തും. ഇതിനോടകം തന്നെ ഏകദേശം 500 ഇന്ത്യാക്കാർ പോർട്ട് സുഡാനിൽ എത്തിയതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വീറ്റ് ചെയ്തിരുന്നു. കൂടുതൽ പേർ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണെന്നും, അവരെ നാട്ടിലെത്തിക്കാനുള്ള വിമാനങ്ങളും കപ്പലുകളും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടയിൽ സുഡാനിലെ കാര്യങ്ങൾ കൂടുതൽ ദുരിതത്തിലേക്ക് നീങ്ങുകയാണെന്ന് വിവിധ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷ്യക്ഷാമവും മരുന്നുകളുടെ ക്ഷാമവും പലയിടങ്ങളിലും അനുഭവപ്പെട്ടു തുടങ്ങിയതായ റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കലാപകാരികൾ തെരുവുകളിൽ സ്വൈര്യ വിഹാരം നടത്തുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

കഴിഞ്ഞ 48 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ സുഡാനീസ് ആംഡ് ഫോഴ്സസും (എസ് എ എഫ്) റാപ്പിദ് സപ്പോർട്ട് ഫോഴ്സസും (ആർ എസ് എഫ്) ദേശവ്യാപകമായി തന്നെ താത്ക്കാലിക വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ അറിയിച്ചു. ഏപ്രിൽ 24 അർദ്ധരാത്രി മുതൽ 72 മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. സുഡാനിൽ ശശ്വതമായ സമാധാനം കൊണ്ടു വരുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ സഖ്യകക്ഷികൾക്കൊപ്പം ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സുഡാൻ സൈന്യവും പാരാമിലിറ്ററിയും തമ്മിൽ ഏപ്രിൽ 15 ന് ആയിരുന്നു സംഘർഷം ആരംഭിച്ചത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ ആഭ്യന്തരയുദ്ധത്തിൽ ആശുപത്രികൾ ഉൾപ്പടേയുള്ള അടിസ്ഥാന സൗകര്യങ്ങൾ പലതും തകർന്ന് തരിപ്പണമായിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ രാജ്യം വിട്ട് പലായനം ചെയ്തിരിക്കുന്നത്.

അതേസമയം, സുഡാനിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ രക്ഷിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും എടുക്കുമെന്ന് പറയുമ്പോഴും സർക്കാർ ഇതുവരെ വ്യക്തമായ പദ്ധതികൾ ഒന്നും തന്നെ തയ്യാറാക്കിയിട്ടില്ല എന്നാണ് അറിയുന്നത്. ആർ എഫ് എ കാർഡിഗൻ ബേ, എച്ച് എം എസ് ലങ്കാസ്റ്റർ എന്നിവ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ഒരു കൂട്ടം ബ്രിട്ടീഷ് സൈനികർ പോർട്ട് സുഡാനിലേക്ക് പറന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

നയതന്ത്ര ഉദ്യോഗസ്ഥരെയും ആശ്രിതരേയും തിരികെ നാട്ടിൽ എത്തിച്ചതോടെ ഉദ്ദേശം 2000 ഓളംബ്രിട്ടീഷ് പൗരന്മാർ സുഡാനിൽ അവശേഷിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.