2021 ജൂലായിലെ നല്ല ചൂടുള്ള ഒരു വേനൽക്കാല രാത്രിയിൽ പ്രസിഡണ്ടിന്റെ കൊട്ടാരത്തിലേക്ക് അതിക്രമിച്ച് കയറിയവർ അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചതിനു ശേഷം വെടിവച്ചു കൊന്നു. അവിടെനിന്നു തുടങ്ങുകയാണ് ഹയ്തി എന്ന കരീബിയൻ രാജ്യത്തിന്റെ ദുരന്തങ്ങളുടെ കഥ. അതിനു മുൻപ് തന്നെ ഹയ്തിയിൽ രാഷ്ട്രീയ അസ്ഥിരത നിലനിന്നിരുന്നു എങ്കിലും 28 ഓളം വരുന്ന വിദേശ അക്രമികളുടെ തോക്കിന് പ്രസിഡണ്ട് ഇരയായതോടെയായിരുന്നു ലഹളക്ക് കാഠിന്യമേറിയത്.

അതിന് ഒരുമാസത്തിനു ശേഷം ഈ കരീബിയൻ ദ്വീപിൽ ഭൂമികുലുക്കം ഉണ്ടായി. റിറ്റ്ച്ചർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തിയ ഓഗസ്റ്റ് 14 ല്വെ ഭൂമി കുലുക്കത്തിനു ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോൾ ദുർന്തം വിതച്ച് ഗ്രേസ് കൊടുങ്കാറ്റും എത്തി. പ്രധാനമന്ത്രി ഏരിയൽ ഹെന്റ്റിയെ പ്രസിഡണ്ടിന്റെ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് തന്റെ ആധിപത്യം ഉറപ്പിക്കാനായില്ല. അതോടെ ഭരണ സംവിധാനവും കുഴഞ്ഞു മറിഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടമില്ലാത്ത ഹെയ്തിയിൽ ഇപ്പോൾ നടമാടുന്നത് തികഞ്ഞ അരാജകത്വമാണ്. തകർന്നടിഞ്ഞ രാഷ്ട്രം എന്ന പദം തികച്ചും അന്വർത്ഥമാക്കുകയാണ് ഹെയ്തി. അധികാരമില്ലാത്ത ഒഴിവിലേക്ക് നൂറോളം സംഘടിത ക്രിമിനൽ സംഘങ്ങൾ നുഴഞ്ഞുകയറിയതോടെ ഇന്ന് അക്രമങ്ങൾ ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണിവിടെ. ക്രൂരമായ കൊലപാതകങ്ങളും, ബലാത്സംഗങ്ങളും, തട്ടിക്കൊണ്ടുപോകലുകളും എല്ലാം നടത്തി ഈ സംഘങ്ങളാണ് ഇപ്പോൾ ഹയ്തിയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്.

ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ദരിദ്ര രാഷ്ട്രമായ ഹയ്തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിന്റെ 80 ശതമാനത്തോളവും ഇപ്പോൾ ക്രിമിനൽ സംഘങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. ഏകദേശംഇരുപത് ലക്ഷം പേർ താമസിക്കുന്ന ഈ നഗരത്തിന്റെ മുഴുവൻ നിയന്ത്രണവും ക്രിമിനൽ സംഘങ്ങളുടെ കൈകളിൽ ആണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കൊലപാതകങ്ങളും ബലാത്സംഗങ്ങളും നിത്യ സംഭവമായ ഇവിടം ഇപ്പോൾ യുദ്ധസമാനമായ അന്തരീക്ഷത്തിലാണ്. അതിനിടയിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച രണ്ട് മാധ്യമ പ്രവർത്തകർ ക്രൂരമായി കൊല ചെയ്യപ്പെട്ട വാർത്ത സ്ഥിരീകരിക്കപ്പെടുന്നത്. അതിൽ ഒരാൾ കൊല്ലപ്പെട്ടത് ഏപ്രിലിൽ നടന്ന വെടിവയ്‌പ്പിലായിരുന്നു. എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 2022 ന്റെ ആദ്യ പാദത്തിൽ 690 ക്രിമിനൽ കുറ്റകൃത്യങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയാപ്പെട്ടതെങ്കിൽ ഈ വർഷം ഇതേകാലയളവിൽ ഇവിടെ നടന്നത് 1,647 കുറ്റകൃത്യങ്ങളാണെന്ന് ഹയ്തിയിലേക്കുള്ള യു എൻ പ്രതിനിധി പറയുന്നു.

നാഥനില്ലാതായ ഭരണകൂടത്തിനും, തികച്ചും ദുർബലമായ പൊലീസ് സംവിധാനത്തിനും കുറ്റവാളികളെ ഒതുക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. നിയമ പരിരക്ഷ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് വഴികൾ ഇല്ലാതെ പലയിടങ്ങളിലും പൊതുജനങ്ങൾ ക്രിമിനലുകളോട് പ്രതികരിക്കാൻ തുടങ്ങിയതോടെ അക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. പലയിടങ്ങളിലും പൗരസഭകൾ രൂപീകരിച്ച് നാട്ടുകാർ ആയുധങ്ങളുമായി അക്രമികൾക്കെതിരെ തങ്ങളുടെ സമൂഹത്തിൽ ജീവിക്കുന്നവരെ സംരക്ഷിക്കുന്നത് കാണാം.

കഴിഞ്ഞയാഴ്‌ച്ച ക്രിമിനൽ സംഘത്തിൽ പെട്ടവരെന്ന് സംശയിക്കുന്ന 13 പേരെ ജനക്കൂട്ടം പൊലീസ് വാനിൽ നിന്നും പിടിച്ചിറക്കി ജീവനോടെ കത്തിച്ചു. പഴയ ടയറുകൾ കൊണ്ട് അവരെ മൂടിയായിരുന്നു പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. അതിനു മുൻപായി കല്ലുകൾ എറിഞ്ഞ് അവരുടെ തല പൊളിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത മറ്റൊരു പ്രദേശത്ത് ആറോളം ക്രിമിനലുകളെ പൊലീസ് വെടിവെച്ചു കൊല്ലുകയും ചെയ്തു.