ലണ്ടൻ: ബ്രിട്ടണിൽ ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിന് ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബക്കിങ്ഹാം കൊട്ടാരത്തിൽ നടന്നത് തീർത്തും വിചിത്രമായ കര്യങ്ങൾ. സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി കൊട്ടാരം വളപ്പിൽ കയറിയ ഒരാൾ കൊട്ടാരത്തിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. പിന്നീട് ഏഴു മണിയോടെ മെട്രോപോളിറ്റൻ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗ് പൊലീസ് പിടിച്ചെടുത്തു. മുൻകരുതൽ എന്ന രീതിയിൽ നിയന്ത്രിതമായ സ്ഫോടനം പൊലീസ് നടത്തി അതിലെ വസ്തുക്കൾ നിർവീര്യമാക്കിയതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇയാളുടെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന് ചില റിപ്പോർട്ടുകളീൽ പറായുന്നുണ്ടെങ്കിലും ഇയാൾ നിറയൊഴിച്ചില്ല എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. അതുപോലെ ആർക്കും ഒരുവിധത്തിലുള്ള പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കൊട്ടാരം സന്ദർശിക്കാൻ എത്തിയ ഇയാൾ ഞാൻ രാജാവിനെ കൊല്ലാൻ പോവുകയാണെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. ഈ സമയം രാജാവോ കാമില രാജ്ഞിയോ കൊട്ടാരത്തിൽ ഇല്ലായിരുന്നു എന്ന് കൊട്ടാരം വൃത്തങ്ങൾ പറയുന്നു. ഇനിയും പേര് വെളിപ്പെടുത്താത്ത പ്രതിയുടെ ബാഗിൽ നിന്നും ഒരു ഫോൺ,പഴ്സ്, താക്കോൽ കൂട്ടം രണ്ട് പാസ്സ്പോർട്ടുകൾ എന്നിവ കിട്ടിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു ചാൾസ് രാജാവ് അവിടെ വെച്ച് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. ആസ്ട്രേലിയ- യു കെ സ്വതന്ത്ര വ്യാപാര കരാറുമായുള്ള ചർച്ചകൾക്ക് ആയിരിക്കും താൻ ഈ സന്ദർശനത്തിൽ പ്രാധാന്യം നൽകുക എന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.

സംഭവത്തിനു ശേഷം ബക്കിങ്ഹാം കൊട്ടാരം അടച്ചു പൂട്ടിയിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടെ സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ല. കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.