- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയും ആസ്ട്രേലിയയും അടക്കം ചാൾസ് രാജാവ് ഭരണത്തലവനായ 14 രാജ്യങ്ങളിൽ ഏഴ് രാജ്യങ്ങളും സമ്പൂർണ്ണ സ്വാതന്ത്ര്യത്തിന്; ജനാഭിപ്രായം രാജാധികാരം ഒഴിവാക്കാൻ; ബ്രിട്ടീഷ് രാജകുടുംബം ചാൾസ് രാജാവിലൂടെ ഇല്ലാതെയാകുമോ?
ലണ്ടൻ: ഒരുകാലത്ത് സൂര്യനസ്തമിക്കാത്തതായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യം. പിന്നീട് കോളനികളൊക്കെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ സാമ്രാജ്യത്തിന്റെ വിസ്തൃതി കുറഞ്ഞെങ്കിലും ലോകമെമ്പാടു നിന്നും ആദരവുകൾ ഏറ്റുവാങ്ങിയിരുന്നു ബ്രിട്ടീഷ് രാജകുടുംബം. ബ്രിട്ടനു പുറമെ മറ്റ് 14 രാജ്യങ്ങളുടെ കൂടി രാഷ്ട്രത്തലവനാണ് ഇപ്പോഴും ബ്രിട്ടീഷ് രാജാവ്. എന്നാൽ, എലിസബത്ത് രാജ്ഞിയുടെ കാലശേഷം കുടുംബത്തിന്റെ പ്രഭാവമെല്ലാം ഒലിച്ചു പോയതുപോലെയാണ്.
ബ്രിട്ടീഷ് രാജാവിനെ രാഷ്ട്രത്തലവനായി അംഗീകരിക്കുന്ന കോമൺവെൽത്ത് രാജ്യങ്ങൾ ഇപ്പോൾ മാറിച്ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ രാജ്യങ്ങളിലെ ഒന്നിലധികം തലമുറകളിൽ പെട്ട നേതാക്കളുമായി എലിസബത്ത് രാജ്ഞി ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. എന്നാൽ, അധികാര സ്ഥാനത്ത് ചാൾസ് എത്തുന്നതോടെ കാര്യങ്ങൾ തിരിഞ്ഞു മറിയുകയാണെന്ന് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഡയറക്ടർ മാത്യൂ സ്മിത്ത് പറയുന്നു.
നവ കോളനിവത്ക്കരണം എന്ന് പേരിട്ട് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഈ അധീശത്വത്തിനെതിരെ പല കോമൺവെൽത്ത് രാജ്യങ്ങളിലും പ്രതിഷേധങ്ങൾ അലയടിക്കാൻ തുടങ്ങിയിട്ടുണ്ട്. 1992 ൽ മൗറീഷ്യസ് ആയിരുന്നു ആദ്യമായി കോമൺവെൽത്തിൽ നിന്നും മാറി സ്വതന്ത്ര റിപ്പബ്ലിക് ആയ ആദ്യ രാജ്യം. പിന്നീട് ഈ അലയടികൾ തുടർന്നത് കരീബിയൻ രാജ്യങ്ങളിലായിരുന്നു.
2021-ൽ ബാർബഡോസ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അധികാരങ്ങൾ എടുത്തു കളഞ്ഞ് തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ ഉള്ള റിപ്പബ്ലിക്ക് ആയി മാറി.തൊട്ടു പുറകെ ജമൈകയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കാനഡ, ആസ്ട്രേലിയ, പപ്പുവ ന്യു ഗിനിയ, ജമൈക്ക, ന്യുസീലാൻഡ് എന്നു തുടങ്ങി പതിനാലോളം ങ്കോമൺവെൽത്ത് രാജ്യങ്ങളാണ് ബ്രിട്ടീഷ് രാജാവിനെ രാഷ്ട്രത്തലവനായി അംഗീകരിച്ചിട്ടുള്ളത്. 40 ൽ അധികം അംഗങ്ങൾ ഉള്ള കോമൺവെൽത്തിലെ ഇന്ത്യ ഉൾപ്പടെയുള്ള മറ്റ് അംഗങ്ങൾ ഒന്നും തന്നെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സർവ്വാധികാരം അംഗീകരിക്കുന്നില്ല.
അതിനിടയിൽ ആസ്ട്രെലിയയിലേയും ന്യുസിലാൻഡിലേയും സർക്കാരുകൾ, രാജാവിന്റെ കീഴിൽ നിന്നും മാറി റിപ്പബ്ലിക്കിലേക്ക് നീങ്ങിയേക്കും എന്ന സൂചന എലിസബത്ത് രാജ്ഞിയുടെ മരണശേഷം നൽകിയിരുന്നു. രാജ്യത്തെ ജനങ്ങളാണ് വലുതെന്നും അവർക്ക് പരമാധികാരം ഉറപ്പു വരുത്താൻ രാജ്യം റിപ്പബ്ലിക്ക് ആകണമെന്ന് മുൻ ന്യുസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡനും പറഞ്ഞിരുന്നു.
കാനഡയിലും, രാജാധികാരത്തെ ജനങ്ങൾ പിന്തുണക്കുന്നില്ല എന്നാണ് അഭിപ്രായ സർവേകൾ വെളിപ്പെടുത്തുന്നത്. മൂന്നിൽ രണ്ട് പേരും ചാൾസിനെ രാഷ്ട്രത്തലവനായി കാണാൻ ആഗ്രഹിക്കാത്തവരാണ്. എന്നിരുന്നാലും, കേവലം ആലങ്കാരികമായ ഈ പദവി തുടർന്നുകൊണ്ട് പോകണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രിക്ക്. കിരീടധാരണ ചടങ്ങുകൾക്ക് ശേഷം അദ്ദേഹം രാജാവിനെ കാനഡയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
ബ്രിട്ടനിലും രാജകുടുംബത്തിനെതിരായ വികാരം സാവധാനത്തിലാണെങ്കിലും ശക്തിപ്പെടുന്നു എന്ന് തന്നെയാണ് അടുത്തിടെ നടന്ന സർവേകൾ കാണിക്കുന്നത്. പാരമ്പര്യമായി അധികാരം കൈമാറുന്നത് ജനാധിപത്യ സങ്കല്പങ്ങൾക്ക് തികച്ചും വിരുദ്ധമാണെന്നാണ് രാജവാഴ്‌ച്ചയെ എതിർക്കുന്നവർ പറായുന്നത്. എലിസബത്ത് രാജ്ഞിയുടെ പ്രഭാവത്തിൻ മുന്നിൽ മങ്ങിപ്പോയ എതിർപ്പുകൾ ഇപ്പോൾ വർദ്ധിച്ച വീര്യത്തോടെ ഉയർന്ന് വരുന്നുണ്ട്. ചാൾസ് മൂന്നാമന് തന്റെ വ്യക്തി പ്രഭാവം കൊണ്ട് അത് മറികടക്കാൻ കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്.
മറുനാടന് മലയാളി ബ്യൂറോ