- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയെ ഞെട്ടിച്ച് വ്‌ളാഡിമിർ പുടിന് നേരെ യുക്രെയിന്റെ വധശ്രമം; അതീവസുരക്ഷയുള്ള ക്രെംലിനിലെ പുടിന്റെ വസതി ലക്ഷ്യമിട്ട് ഇരട്ട ഡ്രോൺ ആക്രമണം; ഇടിവെട്ടും പോലെ തോന്നിയെന്ന് നഗരവാസികൾ; ഡ്രോണുകൾ ലക്ഷ്യത്തിൽ എത്തും മുമ്പേ തകർത്തതായി റഷ്യ
മോസ്‌കോ: വ്‌ളാഡിമിർ പുട്ടിനെ വധിക്കാൻ യുക്രെയിൻ ശ്രമിച്ചതായി ആരോപിച്ച് റഷ്യ. ക്രെംലിനിൽ ഇരട്ട ഡ്രോൺ ആക്രമണത്തിലൂടെ തങ്ങളുടെ പ്രസിഡന്റിനെ വകവരുത്താൻ ശ്രമം നടത്തിയെന്നാണ് ആരോപണം. ഇത് ആസൂത്രിത ഭീകരാക്രമണമെന്നാണ് റഷ്യൻ സർക്കാർ കേന്ദ്രങ്ങൾ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഡ്രോൺ ആക്രമണം. പുടിന് ആക്രമണത്തിൽ അപകടം ഒന്നും സംഭവിച്ചില്ല. അദ്ദേഹം സുരക്ഷിതനാണെന്നും, സാധാരണ പോലെ ജോലി തുടരുന്നു എന്നുമാണ് അറിയിപ്പ്.
രണ്ടു ഡ്രോണുകളെ ആക്രമണത്തിനായി അയച്ചെങ്കിലും റഷ്യൻ പ്രതിരോധ സേന അവ തകർത്തു. ക്രെംലിൻ ലക്ഷ്യമാക്കി വന്ന ഡ്രോണുകൾ തകർന്നതിനെ തുടർന്നുണ്ടായ തീയും പുകയും റഷ്യ പുറത്തുവിട്ട വീഡിയോയിൽ കാണാം. രണ്ടു ആളില്ലാ ഡ്രോണുകളാണ് തൊടുത്തുവിട്ടത്. അവ ലക്ഷ്യ സ്ഥാനത്ത് എത്തും മുമ്പ് തകർത്തു, ക്രെംലിനിലെ കെട്ടിടങ്ങൾക്കും തകരാറില്ല, റഷ്യൻ സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഡ്രോൺ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. മെയ് 9 ലെ വിജയദിന പരേഡിന് മുന്നോടിയായി പ്രസിഡന്റിനെ വധിക്കാനുള്ള ആസൂത്രിത തീവ്രവാദി ആക്രമണമാണ് ഉണ്ടായതെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
ഡ്രോണുകളുടെ അവശിഷ്ടങ്ങൾ അവിടവിടായി ചിതറി കിടപ്പുണ്ട്. സംഭവത്തെ തുടർന്ന് നഗരത്തിന് മുകളിൽ അനധികൃതമായി ഡ്രോണുകൾ പറപ്പിക്കുന്നത് മോസ്‌കോ മേയർ നിരോധിച്ചു. വിമാനവേധ തോക്കുകൾ വെടിയുതിർക്കുന്നതിന്റെ വീഡിയോകൾ ടെലിഗ്രാം ചാനലുകളിൽ പ്രചരിക്കുന്നുണ്ട്.
പുടിന്റെ കൊട്ടാരത്തിലും, വസതികളിലും, റഷ്യൻ സേന വ്യോമപ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ആക്രമണം നടക്കുന്ന സമയത്ത് പുടിൻ ക്രെംലിനിൽ ഇല്ലായിരുന്നു എന്നാണ് സൂചന. ബുധനാഴ്ച അദ്ദേഹം മോസ്‌കോയ്ക്ക് പുറത്തുള്ള നോവോ ഒഗാർയോവ ഔ
ദ്യോഗിക വസതിയിൽ ജോലിയിലായിരുന്നു.
റഷ്യയിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന കോട്ടയായ ക്രെംലിനിലെ പ്രതിരോധം ഭേദിക്കാൻ ഡ്രോണുകൾക്ക് കഴിഞ്ഞുവെന്നത് പ്രതിരോധ വിദഗ്ധരെ ഞെട്ടിച്ചിട്ടുണ്ട്. ക്രെംലിനിൽ തനിക്ക് ഒരു അപ്പാർട്ട്‌മെന്റ് ഉണ്ടെന്നും, അവിടെയിരുന്ന് ജോലി ചെയ്യാറുണ്ടെന്നും രാത്രികൾ ചെലവഴിക്കാറുണ്ടെന്നും, കഴിഞ്ഞ മാർച്ചിൽ പുടിൻ പറഞ്ഞിരുന്നു. ഇവിടെ വച്ചാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി പുട്ടിൻ കൂടിക്കാഴ്ച നടത്തിയത്.
മോസ്‌കോയ്ക്ക് പുറത്ത് പുതുതായി നിർമ്മിച്ച വ്യവസായ കേന്ദ്രം പുടിൻ സന്ദർശിക്കാനിരിക്കെ, സ്‌ഫോടക വസ്തുക്കൾ നിറച്ച കാമികേസ് ഡ്രോൺ തൊടുത്തുവിട്ട് പുടിനെ കൊല്ലാൻ യുക്രെയിൻ രഹസ്യ ഏജന്റുമാർ കഴിഞ്ഞാഴ്ച ശ്രമിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്ന് ലക്ഷ്യത്തിൽ എത്തും മുമ്പ് ഡ്രോൺ തകർന്നുവീഴുകയായിരുന്നു. ഏപ്രിൽ 23 ന് ഞായറാഴ്ച 17 കിലോ പ്ലാസ്റ്റിക് സ്‌ഫോടകവസ്തുക്കളുമായി യുജെ-22 ഡ്രോൺ യുക്രയിൻ സേന അയച്ചെങ്കിലും, റുഡ്‌നെവോ വാണിജ്യ പാർക്ക് എത്തും മുമ്പേ തകർന്നുവീണു. പുടിന്റെ യാത്രയെ കുറിച്ച കീവിലെ ഇന്റലിജൻസ് ഏജൻസികൾക്ക് വിവരം കിട്ടുന്നുണ്ട് എന്നുവേണം കരുതാൻ.
റഷ്യക്കെതിരെ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിടാൻ യുക്രെയിൻ തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ ഡ്രോൺ ആക്രമണം. യുക്രെയിൻ സേന നവംബറിൽ തിരിച്ചുപിടിച്ച ഖേർഴ്‌സണിൽ വെള്ളിയാഴ്ച മുതൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്