- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഭീകര രാജ്യത്തിന്റെ പ്രതിനിധിക്കൊപ്പം പങ്കെടുക്കാൻ എനിക്ക് സാധ്യമല്ല; ആടുത്ത വർഷം ഈ രാജ്യം ഭൂമിയിൽ ഉണ്ടാവുകയുമില്ല; യൂണിസെഫ് പാട്ട് മത്സരത്തിൽ റഷ്യക്കെതിരെ സംസാരിച്ച് വേദി വിട്ട് 13 കാരിയായ യുക്രെയിൻ പെൺകുട്ടിക്ക് കയ്യടി
രാജ്യസ്നേഹം എന്നത് ഓരോരുത്തരുടെയും മനസ്സിൽ സ്വയമേവ മുളച്ചു പൊന്തേണ്ട ഒന്നാണ്. അത് ഉള്ളിൽ ഇടം പിടിച്ചാൽ പിന്നെ, സ്വന്തം വ്യക്തിഗത നേട്ടങ്ങൾക്ക് പോലും രാജ്യത്തിനു പുറകിലായി മാത്രമെ സ്ഥാനമുണ്ടാവുകയുള്ളു.സ്വാഭാവികമായി മുളച്ചുപൊന്തിയ രാജ്യസ്നേഹത്തിന്റെ പ്രതിഫലനമായിരുന്നു ഇറ്റലിയിലെ യൂണിസെഫ് പാട്ടു മത്സരവേദിയിൽ കണ്ടത്.
സാന്റെമോ ജൂനിയർ ഫെസ്റ്റിവൽ വേദിയിൽ നിന്നും ഇന്നലെ സോഫിയ സമോല്യൂക് എന്ന 13 കാരിയായ യുക്രെയിൻ പെൺകുട്ടി പിന്മാറിയത് കിറിൽ യെഷോവ് എന്ന റഷ്യൻ പങ്കേടുക്കുന്നു എന്നറിഞ്ഞിട്ടായിരുന്നു. മത്സരം തുടങ്ങുന്നതിനും മണിക്കൂറുകൾക്ക് മുൻപ് തന്നെ മത്സരത്തിലെ റഷ്യൻ സാന്നിദ്ധ്യം സംഘാടകർ പ്രഖ്യാപിച്ചിരുന്നു. അപ്പോഴൊന്നും സോഫിയ പ്രതികരിച്ചില്ല. വേദിയിൽ കയറാനും രണ്ട് വാക്ക് സംസാരിക്കാനുമുള്ള അവസരത്തിനായി കാത്തിരുന്നു അവൾ.
പിന്നീട് തന്റെ ഊഴമെത്തിയപ്പോൾ കാലിടറാതെ തന്നെ വേദിയിലേക്ക് കയറിയ സോഫിയ താൻ ഈ മത്സരത്തിൽ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചു. ഒരു തീവ്രവാദ രാഷ്ട്രത്തെ പ്രതിനിധീകരിച്ചെത്തിയ വ്യക്തിയോടൊപ്പം വേദി പങ്കിടാൻ തനിക്കാവില്ലെന്ന് അവൾ തുറന്നു പറഞ്ഞു.. അടുത്ത വർഷമാകുമ്പോഴേക്കും ആ തീവ്രവാദ രാഷ്ട്രം ഇല്ലാതെയാകും എന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് പറഞ്ഞ അവൾ, എല്ലാവരോടും യുക്രെയിനോടൊപ്പം നിലകൊള്ളണമെന്നും ആവശ്യപ്പെട്ടു.
കാണികളോട് ഇംഗ്ലീഷിലുള്ള തന്റെ പ്രസംഗത്തിൽ ഇതിനോടകം തന്നെ യുക്രെയിനിൽ 500 ൽ അധികം കുട്ടികളെ റഷ്യൻ സൈനികർ കൊന്നതായി സോഫിയ പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിൽ 3 ന് ചാരിറ്റി സംഘടനയായ സേവ് ദി ചിൽഡ്രനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതു മുതൽ ഒരു ദിവസം ചുരുങ്ങിയത് ഒരു കുട്ടി വീതമെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട് എന്നായിരുന്നു അന്ന് സംഘടന പറഞ്ഞത്.
അതിനു പുറമെ, ചുരുങ്ങിയത് 991 കുട്ടികൾ എങ്കിലും ഗുരുതരമായി പരിക്കുകളോടേ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയാണെന്നും സേവ് ദി ചിൽഡ്രൻ പറഞ്ഞിരുന്നു. യുക്രെയിന്റെ തെക്കൻ മേഖലയിലും കിഴക്കൻ മേഖലയിലും യുദ്ധം കൊടുമ്പിരി കൊണ്ട് നാളുകളിൽ കുട്ടികൾക്ക് ശരാശരി 38.3 ദിവസങ്ങളായിരുന്നു ഭൂഗർഭ ബങ്കറുകളിൽ കഴിയേണ്ടി വന്നത്. അതായത്, ശാരീരികമായ പരിക്കുകൾ മാത്രമല്ല യുദ്ധം കുട്ടികളിൽ ഏൽപിക്കുന്നത് മറിച്ച്, അവരുടെ പിഞ്ചു മനസ്സുകളേയും കുത്തി നോവിക്കുകയാണ്.
യൂണിസെഫ് സംഘടിപ്പിച്ച ആ പരിപാടിയിൽ കാണികളായി എത്തിയവർക്ക് ആ പിഞ്ചു മനസ്സിലെ കളങ്കമില്ലാത്ത ദേശസ്നേഹവും, കടുത്ത ആശങ്കയും തിരിച്ചറിയാൻ ഏറെ കഷ്ടപ്പെടേണ്ടി വന്നില്ല, നിറഞ്ഞ കരഘോഷത്തോടെയായിരുന്നു ആ കുഞ്ഞു സ്വരത്തിൽ പുറത്തു വന്ന മഹത്തായ വാക്കുകളെ കാണികൾ സ്വീകരിച്ചത്. നിരവധി പുരസ്‌കാരങ്ങൾ ഇതിനോടകം തന്നെ കരസ്ഥമാക്കിയിട്ടുള്ള സോഫിയ ബ്ലാക്ക് സീ ഗെയിംസ് 2021 ന്റെ ഭാഗമായി നടത്തിയ സംഗീത മത്സരത്തിലെ വിജയി കൂടിയായിരുന്നു. അതുപോലെ ബൾഗേറിയയിൽ നടന്ന യുണൈറ്റഡ് കിഡ്സ് ചിൽഡ്രൻസ് ഫെസ്റ്റിവലിലും ഒന്നാം സ്ഥാനം ഈ മിടുക്കിക്ക് തന്നെയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ