ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിനായി പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഗോവയിലെത്തുമ്പോൾ കനത്ത സുരക്ഷയിൽ തീര നഗരം. ക്രിയാത്മകമായിരിക്കും സമ്മേളനമെന്നു കരുതുന്നതായി അദ്ദേഹം പറഞ്ഞു. ചൈന, റഷ്യ വിദേശകാര്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നാണ് ഔപചാരിക സമ്മേളനം. ഇന്ത്യാ-പാക് നയതന്ത്ര ചർച്ചകൾക്ക് പുതിയ ദിശ ഈ ഉച്ചകോടി നൽകിയേക്കും.

ആധ്യക്ഷ്യം വഹിക്കുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചൈനീസ് വിദേശമന്ത്രി ക്വിൻ ഗാങ്, റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവ് എന്നിവരുമായി ഉഭയകക്ഷി ചർച്ചകളും നടത്തി. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ചർച്ചകളുണ്ടാകുമോ എന്നതിനെക്കുറിച്ച് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. എന്നാൽ അനൗപചാരിക ചർച്ചകൾ നടന്നേക്കും. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നുണ്ട്. അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ് പാക്കിസ്ഥാൻ. ആഭ്യന്തര കലാപവും രൂക്ഷമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുമായി പ്രശ്‌ന പരിഹാരത്തിനുള്ള വഴി തേടുകയാണ് പാക്കിസ്ഥാൻ എന്നും റിപ്പോർട്ടുണ്ട്.

2011 നു ശേഷം ആദ്യമായാണ് പാക്ക് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. 2014 ൽ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തിയിരുന്നു. ഇന്ത്യയുമായി ചർച്ചകൾക്കു തയാറാണെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രസ്താവിച്ചതിനു തൊട്ടു പിന്നാലെയാണ് എസ്സിഒ യോഗത്തിൽ പങ്കെടുക്കാനായി ഇന്ത്യ പാക്ക് വിദേശകാര്യ മന്ത്രിയെ ക്ഷണിച്ചത്. ഇത് പാക്കിസ്ഥാൻ അംഗീകരിക്കുകയും ചെയ്തു.

കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ പ്രശ്‌നങ്ങളും അതിർത്തി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യവും ചർച്ച ചെയ്തതായി ജയശങ്കർ പറഞ്ഞു. ഇത് പാക്കിസ്ഥാനുമായി ചൈനയ്ക്കുള്ള ഇടപാടുകൾക്കെതിരായ പരോക്ഷ നിലപാട് വിശദീകരിക്കൽ കൂടിയാണ്.

സാമ്പത്തിക, സുരക്ഷ, പാരിസ്ഥിതിക മേഖലയിലെ സഹകരണം ലക്ഷ്യമാക്കി ചൈന, റഷ്യ, കസാഖ്സ്താൻ, കിർഗിസ്താൻ, തജികിസ്താൻ, ഉസ്ബകിസ്താൻ എന്നീ രാജ്യങ്ങളുടെ തലവന്മാർ 2001 ജൂൺ 15ന് ചൈനയിലെ ഷാങ്ഹായിയിൽ യോഗം ചേർന്ന് രൂപീകരിച്ചതാണ് എസ്സിഒ. 2017 ജൂണിൽ ഇന്ത്യയെയും പാക്കിസ്ഥാനെയും ഉൾപ്പെടുത്തി. ലോകത്തിലെ 40 ശതമാനം ജനസംഖ്യയും 30 ശതമാനത്തിലേറെ ജിഡിപിയും ഉൾക്കൊള്ളുന്ന എട്ട് രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്.

ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിലാണ് സംഘടനയുടെ പുതിയ അധ്യക്ഷരാഷ്ട്രമായി ഇന്ത്യയെ തെരഞ്ഞെടുത്തത്. ഇറാന് സ്ഥിരാംഗത്വം നൽകാനും ഉച്ചകോടിയിൽ അന്ന് തീരുമാനമായിരുന്നു. ബലാറുസിന് അംഗത്വം നൽകാനുള്ള നടപടിക്രമങ്ങൾക്കും ഉച്ചകോടിയിൽ തുടക്കമിട്ടു. ബഹ്റൈൻ, മലദ്വീപ്, യുഎഇ, കുവൈത്ത്, മ്യാന്മർ എന്നിവയെ സംവാദ അംഗങ്ങളായും അംഗീകരിച്ചു.