ലണ്ടൻ: ബ്രിട്ടണിൽ അഭിപ്രായ സർവേകൾ പറഞ്ഞത് പോലെ ഋഷിയുടെ മാജിക്ക് ഫലിച്ചില്ല. ബോറിസ് ജോൺസന്റെ രാജിക്കും ലിസ് ട്രസ്സിന്റെ ഹ്രസ്വകാല ഭരണത്തിനും ശേഷം അമ്പേ തകർന്ന് പോയ ഭരണകക്ഷിയെ ഋഷിയുടെ നയങ്ങൾ രക്ഷിക്കും എന്നായിരുന്നു സർവേ ഫലങ്ങളീൽ പറഞ്ഞിരുന്നത്. ലേബർ പാർട്ടിക്ക് മുൻതൂക്കം പ്രവചിച്ചിരുന്നെങ്കിലും ഏതാണ്ട് 500 ഓളം സീറ്റുകൾ മാത്രമായിരിക്കും ടോറികൾക്ക് നഷ്ടമാവുക എന്നായിരുന്നു സർവേകൾ സൂചിപ്പിച്ചിരുന്നത്.

എന്നാൽ, ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കണ്ടത് ലേബർ പാർട്ടിയുടെ വൻ മുന്നേറ്റമായിരുന്നു. മെഡ്വേ, പ്ലിമത്ത്, സ്റ്റോക്ക് ഓൻ ട്രെന്റ് തുടങ്ങിയ പ്രധാന കൗൺസിലുകൾ ഉൾപ്പടെ പല കൗൺസിലുകളും ലേബർ പാർട്ടിയുടെ നിയന്ത്രണത്തിലായി. നമ്പർ 10 ലേക്കുള്ള ലേബർ പാർട്ടിയുടെ യാത്ര ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു എന്നായിരുന്നു പാർട്ടി നേതാവ് സർ കീർ സ്റ്റാർമറുടെ പ്രതികരണം.

ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പിലേതിന് സമാനമായ വോട്ടിങ് പാറ്റേൺ പൊതു തെരഞ്ഞെടുപ്പിലും ആവർത്തിച്ചാൽ, ലേബർ പാർട്ടിക്ക് കൺസർവേറ്റീവ് പാരീക് മേൽ എട്ട് പോയിന്റ് ലീഡ് കൈവരിക്കാൻ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്ത രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സ്‌കോട്ടിഷ് നാഷണൽ പാർട്ടിയുടെ തകർച്ച പ്രവചിക്കപ്പെട്ടിരിക്കുന്നത് പരിഗണിച്ചാൽ അധികാരത്തിൽ എത്താൻ ഇത് മതിയാകും എന്നാണ് ലേബർ നേതാക്കൾ വാദിക്കുന്നത്.

അതേസമയം, ഒരു തിരിച്ചു വരവിന് ഉതകുന്ന രീതിയിലൊരു മുന്നേറ്റമൊന്നും ഉണ്ടാക്കാൻ ലേബർ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല എന്ന് വിലയിരുത്തുന്നവരും ഉണ്ട്. ബ്രെക്സിറ്റിനെ അനുകൂലിച്ചിരുന്ന മേഖലകളിൽ ലേബർ പാർട്ടിക്ക് ഏറെ മെച്ചപ്പെടാനായെങ്കിലും മറ്റു ഭാഗങ്ങളിൽ കൂടുതൽ കരുത്ത് കാട്ടിയത് ലിബറൽ ഡെമോക്രാറ്റുകളാണ് എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, മുൻ പ്രധാനമന്ത്രിമാരുടെ പ്രവർത്തനത്തിന്റെ വിലയിരുത്തലാണ് ഈ ഫലം എന്നാണ് ഋഷിയുടെ ക്യാമ്പ് പ്രതികരിച്ചത്. നിലവിലെ സർക്കാരിന്റേതല്ല പ്രശ്നം , പക്ഷെ ബോറിസ് സർക്കാരും ലിസ് സർക്കാരും വരുത്തി വച്ച ദുരിതങ്ങളുടെ ഫലമാണിതെന്നായിരുന്നു തെരേസ മേയുടെ കാലത്ത് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ഗവിൻ ബാർവെല്ലിന്റെ പ്രതികരണം.

എന്നാൽ, പാർട്ടിക്കുള്ളിൽ ഋഷി സുനകിനെതിരെ വലിയൊരു അതൃപ്തി ഉരുണ്ടു കൂടുന്നുണ്ട്. 1998 -ൽ രൂപീകരണത്തിനു ശേഷം ഇതാദ്യമായി ലേബർ പാർട്ടിയുടെ നിയന്ത്രണത്തിലായ മെഡ്വേ കൗൺസിലിന്റെ മുൻ തലവനും കൺസർവേറ്റീവ് നേതാവുമായ അലൻ ജാരെറ്റ് പറയുന്നത് ഋഷി സുനക് ഇനിയും ഏറെ മുൻപോട്ട് പോകേണ്ടതുണ്ട് എന്നാണ്. ബോറിസ് ജോൺസനെ തിരികെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന മുറവിളികളും ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

പ്രവചനങ്ങൾക്ക് അപ്പുറം 1300 ൽ അധികം സീറ്റുകളാണ് കൺസർവേറ്റീവ് പാർട്ടിക്ക് നഷ്ടമായത്. മാത്രമല്ല, 44 ലോക്കൽ കൗൺസിലുകളീലെ രാഷ്ട്രീയ അധികാരവും അവർക്ക് നഷ്ടപ്പെട്ടു. മെഡ്വേക്ക് പുറമെ പ്ലിമത്ത് കൗൺസിലും കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും പിടിച്ചെടുത്തപ്പോൾ, സ്റ്റോക്ക് ഓൺ ട്രെന്റിന്റെ നിയന്ത്രണവും അവർ ഉറപ്പിച്ചു. ടാംവർത്ത്, ബ്രെന്റ്ഫോർഡ്, നോർത്ത് വെസ്റ്റ് ലെസ്റ്റർഷയർ എന്നീ കൗൺസിലുകൾ കൺസർവേറ്റീവ് പാർട്ടിക്ക് നഷ്ടപ്പെട്ടു. എന്നാൽ ഇവിടങ്ങളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായിട്ടില്ല.

അതേസമയം ഹാർട്ടിൽപൂളിലും വോഴ്സ്റ്ററിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലേബർ പാർട്ടി മാറി. ബോൾട്ടനിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ലേബർ പാർട്ടി തന്നെയാണെങ്കിലും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. ഉപപ്രധാനമന്ത്രി ഒലിവർ ഡൗഡെൻ പ്രതിനിധാനം ചെയ്യുന്ന ഹേർട്സ്മിയറിലും കൗൺസിലിന്റെ നിയന്ത്രണം ടോറികൾക്ക് നഷ്ടമായി. അതേസമയം ഹള്ളിൽ, ലിബറൽ ഡെമോക്രാറ്റുകളിൽ നിന്നും കൗൺസിൽ തിരിച്ചു പിടിക്കാനുള്ള ലേബർ പാർട്ടിയുടെ ശ്രമം പരാജയപ്പെട്ടു. വിൻഡ്സർ, നെയ്ഡൻഹെഡ് എന്നിവിടങ്ങളിലും ലിബറൽ ഡെമോക്രാറ്റുകൾക്ക് വിജയിക്കാനായി.

ലിബറൽ ഡെമോക്രാറ്റ് മുന്നേറ്റം

ടോറികളുടെ പതനം പൂർണ്ണമായും പ്രയോജനപ്പെടുത്താൽ ലേബർ പാർട്ടിക്ക് കഴിഞ്ഞില്ല എന്നത് ഒരു വസ്തുതയാണ്. ഇവിടെ അവിചാരിത നേട്ടങ്ങൾ കൊയ്യാനായത് ലിബറൽ ഡെമോക്രാറ്റുകൾക്കായിരുന്നു.ംതെരഞ്ഞെടുപ്പിന് മുൻപ് നടന്ന പല അഭിപ്രായ സർവേകളിലും ലിബറൽ ഡെമോക്രാറ്റുകളുടേ സ്വാധീനം വർദ്ധിച്ചു വരുന്നതായി സൂചനകൾ ഉണ്ടായിരുന്നു.

ടോറികളുടെ നിയന്ത്രണത്തിലായിരുന്ന വിൻഡ്സർ, മെയ്ഡൻഹെഡ് കൗൺസിലുകൾ പിടിച്ചെടുത്തുകൊണ്ടാണ് ഇത്തവണ ലിബറൽ ഡെമോക്രാറ്റുകൾ ഞെട്ടിച്ചത്. മാത്രമല്ല, പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാനും ഇവർക്ക് കഴിഞ്ഞു. ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ലിബറൽ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞയിടങ്ങളിൽ മിക്കയിടങ്ങളിലും കൺസർവേറ്റീവ് പാർട്ടിക്കാണ് നഷ്ടം സംഭവിച്ചത് എന്നാണ്.

അതുകൊണ്ടു തന്നെയാണ് വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യം ഉയരുന്നത്. എന്നാൽ, ഇത്തരമൊരു സാധ്യത തള്ളിക്കളയാതെ ആ ചോദ്യത്തിന് മൗനം പാലിക്കുകയായിരുന്നു ലിബറൽ ഡെമോക്രാറ്റിക് നേതാ സർ എഡ് ഡേവി. 2010-ൽ തെരഞ്ഞെടുപ്പിന് ശേഷം തൂക്ക് പാർലമെന്റ് നിലവിൽ വന്നപ്പോൾ ഡേവിയുടെ മുൻഗാമി നിക്ക് ക്ലെഗ് അന്ന് ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കൺസർവേറ്റീവ് പാർട്ടിക്കൊപ്പം പോവുകയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ, 2015-ൽ ലിബറൽ ഡെമോക്രാറ്റുകൾ ഏതാണ്ട് പൂർണ്ണമായും തന്നെ പരാജയമടയുകയായിരുന്നു.