ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് ശേഷമാണ് മൂത്തമകനായ ചാൾസ് ബ്രിട്ടന്റെ കിരീടാവകാശിയായത്. ഇന്ന് ചാൾസ് മൂന്നാമൻ രാജാവായി അധികാരമേൽക്കുന്ന ചടങ്ങുകൾ തുടങ്ങി കഴിഞ്ഞു. വെസ്റ്റ് മിനിസ്റ്റർ ആബെയിലേക്ക് ചാൾസും കാമിലയും എത്തിയിട്ടുണ്ട്. സ്ഥാനാരോഹണ ചടങ്ങുകൾ ഇപ്പോൾ നടക്കുകയാണ്. ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ എന്ന പേരിലാകും അറിയപ്പെടുക. കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഒപ്പമുണ്ടാകും.

ചരിത്രപരമായ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കുമാണ് ബക്കിങാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റർ ആബെയും സാക്ഷ്യം വഹിക്കാനിരിക്കുന്നത്. ചരിത്രപരമായ ഒട്ടേറെ സവിശേഷതകൾ നിറഞ്ഞ ചടങ്ങുകൾ ലോകജനത ഏറെ കൗതകത്തോടെയാണ് നോക്കി കാണുന്നത്. 1937 ന് ശേഷം ഇതാദ്യമായാണ് ഒരു രാജ്ഞി ഒരു രാജാവിനൊപ്പം കിരീടധാരണം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ കിരീടാവകാശിയാകുന്നത്.

എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം 1953-ലായിരുന്നു. അതു നേരിൽക്കണ്ടവരിൽ വളരെക്കുറച്ചാളുകളേ ഇന്ന് ബ്രിട്ടനിൽ ജീവിച്ചിരിക്കുന്നുണ്ടാവൂ. പട്ടാഭിഷേകത്തിന്റെ വീരഗാഥകൾ കേട്ടുവളർന്ന, പിന്നീട് ജനിച്ച തലമുറകളോരോന്നും 70 വർഷങ്ങൾക്കിപ്പുറം വെസ്റ്റ്മിനിസ്റ്റർ ആബെയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് മൂന്നാമന്റെ കിരീടധാരണച്ചടങ്ങുകൾക്കായി.

പലവിധത്തിലുള്ള ചടങ്ങുകളുണ്ട്. ബക്കിങാം കൊട്ടാരത്തിൽ നിന്ന് ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കം. കിരീടധാരണം നടക്കുന്ന മധ്യ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ആബെയിലേക്കുള്ള രണ്ടുകിലോമീറ്റർ ദൂരം, ചാൾസ് മൂന്നാമനും കാമില രാജ്ഞിയും പരിവാരങ്ങൾക്കൊപ്പം സഞ്ചരിക്കും. വെസ്റ്റ്മിനിസ്റ്റർ ആബെയിൽ കിരീടമണിയുന്ന നാൽപതാം പരമാധികാരിയാകും ചാൾസ് മൂന്നാമൻ രാജാവ്, അദ്ദേഹത്തോടൊപ്പം രാജ്ഞി കാമിലയും കിരീടധാരണം ചെയ്യും. വെസ്റ്റ്മിനിസ്റ്റർ ആബെ 1066 മുതലുള്ള എല്ലാ കിരീടധാരണത്തിനും വേദിയാണ്, അവിടെ കിരീടം ചൂടിയ ആദ്യത്തെ രാജാവ് വില്യം ദി കോൺക്വറർ ആണ്.

4000 ത്തോളം അതിഥികളെയാണ് ബക്കിങാമിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ചാരനിറത്തിലുള്ള ആറ് വിൻഡ്‌സർ കുതിരകൾ വലിക്കുന്ന 'ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ച്' എന്ന സ്വർണത്തേരിലായിരിക്കും രാജകീയയാത്ര. അംഗരക്ഷകരും കാലാൾപ്പടയും രാജാവിനെ അനുഗമിക്കും. 1762-ലാണ് സ്വർണത്തേര് ആദ്യമായി ചടങ്ങുകളിൽ ഉപയോഗിക്കുന്നത്. വെസ്റ്റ്മിനിസ്റ്റർ ആബെയിൽ നടക്കുന്ന ചടങ്ങിൽ 203 രാജ്യങ്ങളിൽ നിന്നുള്ള 2200 ഓളം ആളുകൾ പങ്കെടുക്കുന്നുണ്ട്.

കിരീടധാരണത്തിന്റെ ഭാഗമായി 1661-ൽ നിർമ്മിച്ച 'സെയ്ന്റ് എഡ്വേഡ് ക്രൗൺ' എന്ന രാജകിരീടം ചാൾസ് മൂന്നാമൻ രാജാവ് ധരിക്കും. ഏകദേശം 2.2 കിലോഗ്രാം ഭാരമുള്ള സ്വർണം കൊണ്ട് നിർമ്മിച്ച കിരീടമാണിത്. ചാൾസ് രണ്ടാമൻ രാജാവ് മുതൽ എല്ലാ ബ്രിട്ടീഷ് ചക്രവർത്തിമാരും ഈ കിരീടം ഉപയോഗിച്ചുവരുന്നുണ്ട്. ക്വീൻ കൺസോർട്ട് കാമില രാജ്ഞി കിരീടം ധരിക്കുന്നതോടെ ഒരു സുപ്രധാന ചരിത്ര സംഭവം നടക്കും. പതിനെട്ടാം നൂറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് രാജാവിന്റെ ഭാര്യ രാജ്ഞിയുടെ കിരീടം വീണ്ടും ഉപയോഗിക്കുന്നത്.

എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ ആഭരണ ശേഖരത്തിൽ നിന്നുള്ള വജ്രങ്ങൾ കൊണ്ട് കിരീടം അലങ്കരിക്കും. എഡ്വേഡ് രാജാവിന്റെ കിരീടധാരണത്തിനായി 1300-ൽ നിർമ്മിച്ച സിംഹാസനമാണ് ചടങ്ങിൽ ഉപയോഗിക്കുക. 'വിധിയുടെ കല്ല്' അഥവാ 'സ്റ്റോൺ ഓഫ് ഡെസ്റ്റിനി' എന്ന കല്ലുപതിച്ച ഈ സിംഹാസനം ഓക്കുതടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. സ്‌കോട്ട്‌ലൻഡ് രാജവംശത്തിൽനിന്ന് എഡ്വേഡ് ഒന്നാമൻ സ്വന്തമാക്കിയ കല്ലാണ് 'സ്റ്റോൺ ഓഫ് ഡെസ്റ്റിനി'. കിരീടധാരണത്തിനുശേഷം വീണ്ടും സിംഹാസനത്തിലേക്ക് നീങ്ങുന്ന രാജാവിനെ ആർച്ച് ബിഷപ്പും അടുത്ത കിരീടാവകാശിയും രാജകുടുംബത്തിലെ മറ്റ് സമപ്രായക്കാരും പ്രഭുക്കളും അനുഗമിക്കും.

രാജാവിന് വിധേയത്വം പ്രഖ്യാപിച്ചുകൊണ്ട് അവർ പ്രതിജ്ഞയെടുക്കും. എന്നാൽ, ചരിത്രത്തിലാദ്യമായി ചാൾസിന്റെ ചടങ്ങിൽ ചില വ്യത്യാസങ്ങളുണ്ട്.
സമപ്രായക്കാർക്കുപകരം, നേരിട്ടും അല്ലാതെയും ചടങ്ങ് വീക്ഷിക്കുന്ന എല്ലാ ജനങ്ങളെയും രാജാവിനെ അംഗീകരിച്ചുകൊണ്ട് പ്രതിജ്ഞചെയ്യാൻ ആർച്ച്ബിഷപ്പ് ക്ഷണിക്കുമെന്നതാണ് പ്രത്യേകത. കൂടാതെ, അടുത്ത കിരീടാവകാശിയായി വില്യം മാത്രമായിരിക്കും പ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കുക.

അതേസമയം സ്ഥാനാരോഹണത്തിന് ശേഷം രാജാവ് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. മകൻ വില്ല്യത്തിനൊപ്പം യാത്ര ചെയ്യരുത് എന്നുതുടങ്ങി സെൽഫി എടുക്കരുത്, ഓട്ടോഗ്രാഫ് നൽകരുത് എന്നിങ്ങനെ നീളുന്നു രാജാവിനുള്ള നിയമങ്ങൾ.

സമ്മാനങ്ങൾ നിരസിക്കരുത്: ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗങ്ങൾ അവർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ സ്വീകരിക്കണമെന്നതാണ് പാരമ്പര്യം. അതേസമയം, സമ്മാനം നൽകുന്ന വ്യക്തിയുമായി എന്തെങ്കിലും കടപ്പാട് രൂപപ്പെടുമെന്ന സാഹചര്യങ്ങളിൽ പാരിതോഷികങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം.

വില്ല്യത്തിനൊപ്പം യാത്ര ചെയ്യാൻ പാടില്ല: കിരീടധാരണത്തിന് ശേഷം ചാൾസിന് മകൻ വില്ല്യത്തിനൊപ്പം യാത്ര ചെയ്യാൻ അനുവാദമില്ല. വില്ല്യം, ചാൾസിന്റെ പിന്തുടർച്ചാവകാശി ആയതുകൊണ്ടാണ് ഇങ്ങനെ. ഒരേ സ്ഥലത്തേക്കുള്ള യാത്രയ്ക്കും ഇരുവരും രണ്ട് വിമാനങ്ങളിൽ വേണം സഞ്ചരിക്കാൻ. ഇരുവരുടെയും ജീവൻ അപകടത്തിലാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്.

വസ്ത്രധാരണം: വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ രാജാവ് വസ്ത്രധാരണത്തിലും ചില നിയമങ്ങൾ പാലിക്കണം. ഏത് രാജ്യത്തേക്കാണോ യാത്ര അവിടുത്തെ പാരമ്പര്യത്തെ സൂചിപ്പിക്കുന്ന രീതിയിലായിരിക്കണം രാജാവിന്റെ വസ്ത്രധാരണം.

സെൽഫി, ഓട്ടോഗ്രാഫ് ഒന്നും പാടില്ല: രാജാവിന് സെൽഫിക്ക് പോസ് ചെയ്യാനോ ഓട്ടോഗ്രാഫ് നൽകാനോ അനുവാദമില്ല. ഇത് രാജകുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഉള്ള നിയമമാണ്. എന്നാൽ സെൽഫിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രോട്ടോക്കോൾ ഒന്നും ഇല്ല.

ഷെൽഫിഷ് കഴിക്കരുത്: ഭക്ഷ്യവിഷബാധ ഒഴിവാക്കാനാണ് ഷെൽഫിഷ് കഴിക്കരുതെന്ന് പറയുന്നത്. അപരിചിതരിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കാനും രാജാവിന് അനുവാദമില്ല, സുരക്ഷയുടെ ഭാഗമായിട്ടാണ് ഇതും.