ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണ ചടങ്ങുകൾ തികച്ചും അവിസ്മരണീയമായി. എലിസബത്ത് രാജ്ഞിയുടെ മരണശേഷം ഉടൻ തന്നെ ചാൾസ് നിയമപരമായി രാജാവായിരുന്നു. അതുകൊണ്ടു തന്നെ ഇന്നലെ നടന്ന ചടങ്ങിനു നിയമപരമായി വലിയ പ്രാധാന്യം ഒന്നുമില്ലെങ്കിലും അത് ബ്രിട്ടീഷ് രാജകുടുംബത്തെ ഏറെ സ്നേഹിക്കുന്നവർക്ക് ഇന്നും അഭിമാനത്തിന്റെ അടയാളമണ്. മാത്രമല്ല, ബ്രിട്ടീഷ് പൈതൃകത്തിന്റെ പ്രതിഫലനവും.

വെസ്റ്റ്മിനിസ്റ്റർ ആബെയിൽ, വിവിധ രാഷ്ട്ര തലവന്മാർ ഉൾപ്പടെയുള്ള 2000 ത്തോളം പേർ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ആധുനിക സൗകര്യങ്ങൾ ഉള്ള ഡയമണ്ട് ജൂബിൽ സ്റ്റേറ്റ് കോച്ചിലായിരുന്നു രാജ ദമ്പതിമാർ വെസ്റ്റ്മീനിസ്റ്റർ ആബെയിൽ എത്തിയത്. ഒന്നരമൈലോളം ദൂരം തന്റെ പള്ളിത്തേരിൽ രാജാവും രാജ്ഞിയും എഴുന്നെള്ളുന്നത് കാണാൻ നിരത്തിന്റെ ഇരുവശത്തും ജനങ്ങൾ തടിച്ചു കൂടിയിരുന്നു. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞായിരുന്നു അവർ ചടങ്ങിനെത്തിയത്.

രാജാവ് തേരിൽ നിന്നും ഇറങ്ങിയപ്പോൾ പേജ് ബോയ് ആയി വില്യമിന്റെയും കെയ്റ്റിന്റെയും മകൻ ജോർജ്ജ് രാജകുമാരൻ അടുത്തെത്തി. മുത്തച്ഛന്റെ വസ്ത്രങ്ങളിൽ അഴുക്ക് പുരളാതെ രാജകുമാരൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.മുൻപ് നടന്ന കിരീടധാരണങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാ മതക്കാരുടെ പുരോഹിതരും രാജാവിനെ അനുഗ്രഹിക്കാൻ എത്തിയിരുന്നു. ഹിന്ദു, മുസ്ലിം, യഹൂദ, സിക്ക്, ജെയ്ൻ, ബഹായ്, സൊരാഷ്ട്രീയൻ മതങ്ങളുടെ ആചാര്യന്മാരായിരുന്നു ആദ്യം അബെയിൽ പ്രവേശിച്ചത്.

എലിസബത്ത് രാജ്ഞിയുടെ, ഏഴ് പതിറ്റാണ്ട് മുൻപ് നടന്ന കിരീടധാരണ ചടങ്ങുകൾ വെച്ചു നോക്കുമ്പോൾ അതിഥികൾ വളരെ കുറവായിരുന്നു എങ്കിലും വർത്തമാനകാല ലോകത്ത് മിക്ക പ്രമുഖന്മാരും ഈ ചടങ്ങിനെത്തിയിരുന്നു. അമേരിക്കൻ പ്രസിഡണ്ടിന് വരാൻ കഴിയാത്തതിനാൽ പ്രഥമ വനിത ജിൽ ബൈഡൻ എത്തിയിരുന്നു. ഒപ്പം കൊച്ചുമകൾ ഫിന്നെഗൻ ബൈഡനും ഉണ്ടായിരുന്നു.

പ്രാർത്ഥന ചടങ്ങുകൾക്കിടെ ചാൾസ് തന്റെ കൈകൾ ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ എടുത്തു. സ്വകാര്യത കാത്തു സൂക്ഷിക്കുവാനായി, ഒരു കർട്ടൻ കൊണ്ട് മറച്ചതിനു ശേഷം അദ്ദേഹത്തിന്റെ കൈകളിലും നെഞ്ചിലും തലയിലും പുണ്യതീർത്ഥം തളിച്ച് അദ്ദേഹത്തെ ഔപചാരികമായി രാജാവായി വാഴിച്ചു. ഈ ഒരു ചടങ്ങ് മാത്രമായിരുന്നു കാണികൾക്ക് അദൃശ്യമായിരുന്നത്.

ചടങ്ങുകൾക്ക് അവസാനം 361 വർഷം പഴക്കമുള്ള സ്വർണ്ണ കിരീടം രാജാവിന്റെ തലയിൽ അണിയിച്ചു.അപ്പോഴേക്കും അബെക്ക് പുറത്ത് കാഹളം മുഴങ്ങി, ഗോഡ് സേവ് ദി കിങ് ഈരടികൾ മുഴങ്ങി. തുടർന്ന് കാമിലയുടെ കിരീടധാരണമായിരുന്നു. ചാൾസിന്റെ കാമുകി എന്ന നിലയിൽ നിന്നു രാജ്ഞി എന്ന നിലയിലേക്കുള്ള കാമിലയുടെ പരിണാമമായിരുന്നു ആ മുഹൂർത്തം.

കിരീടധാരണത്തിനു ശേഷം അബെയിൽ നിന്നും പുറത്തിറങ്ങിയ രാജാവും രാജ്ഞിയും മറ്റൊരു തേരിലായിരുന്നു തിരികെ എഴുന്നള്ളിയത്. 1831 ൽ വില്യം നാലാമൻ മുതൽ ഇങ്ങോട്ടുള്ള എല്ലാ രാജാക്കന്മാരെയും രാജ്ഞിമാരെയും കിരീടധാരണത്തിനു ശേഷം തിരികെ കൊണ്ടു വന്നിട്ടുള്ള ഗോൾഡ് സ്റ്റേറ്റ് കോച്ചിലായിരുന്നു ഇവരുടെയും മടക്കയാത്ര.സ്വർണ്ണത്തേരിൽ മടക്കയാത്ര ആരംഭിച്ച രാജാവിനെയും രാജ്ഞിയെയും പിന്തുടർന്ന് ഏകദേശം 6000 ഓളം സൈനികരും അടിവെച്ചു നീങ്ങി.

വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും മറ്റൊരു ക്യാരേജിലായിരുന്നു തങ്ങളുടെ മക്കൾക്കൊപ്പം സഞ്ചരിച്ചത്. ചടങ്ങുകൾക്ക് ശേഷം ഏകനായി ഹാരി ഒരു കാറിൽ കയറി പോകുന്ന ചിത്രം ബ്രിട്ടീഷ് രാജകുടുംബത്തിനകത്തെ വിടവ് എത്രമാത്രം വലുതാണ് എന്നതിന് തെളിവായി. തിരികെ ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയ രാജ്ദമ്പതികൾ കൊട്ടാരം മട്ടുപ്പാവിലെത്തി പൊതുജനങ്ങൾക്ക് ദർശനം നൽകി. രാജാവിനൊപ്പം വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും അവരുടെ മൂന്ന് മക്കളും ഉണ്ടായിരുന്നു.

മട്ടുപ്പാവിലെത്തിയ രാജാവിനെയും രാജ്ഞിയേയും ഹർഷാരവത്തോടെയായിരുന്നു ആരാധകർ സ്വീകരിച്ചത്. രജാവും രാജ്ഞിയും അവരെ തിരിച്ച് പ്രത്യഭിവാദ്യം ചെയ്തു. അതിനിടയിൽ ഷാർലറ്റ് രാജകുമാരിയും ലൂയിസ് രാജകുമാരനും കാണികളെ അഭിവാദ്യം ചെയ്തത് ഏറെ കൗതുകമുണർത്തിയ ഒരു സംഭവമായി. രാജാവിനും രാജ്ഞിക്കും ആദരവർപ്പിച്ചുകൊണ്ട് റോയൽ എയർഫോഴ്സ് വ്യോമാഭ്യാസ പ്രകടനവും നടത്തി.