- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജാവിന് സ്നേഹ ചുംബനം നൽകി പാരമ്പര്യം നിലനിർത്തി കിരീടാവകാശിയായ വില്യം; വില്യമും കുടുംബവും എത്താൻ വൈകിയോ? പള്ളിയിൽ പ്രവേശിച്ചത് പുഞ്ചിരിച്ചും സ്നേഹം വിളമ്പിയും; കെയ്റ്റിന്റെ കിരീടവും പാപ്പരാസികളുടെ ചർച്ചയിൽ
ലണ്ടൻ: ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങ് ഹൃദയസ്പർശിയായ പല മുഹൂർത്തങ്ങൾക്കും വേദിയായി. പാരമ്പര്യത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട്, കിരീടധാരണശേഷം രാജാവിനോട് കൂറു പ്രഖ്യാപിക്കുവാൻ വേദിയിലെത്തിയത് വെയ്ൽസ് രാജകുമാരൻ മാത്രമായിരുന്നു. കൂറു പ്രഖ്യാപിക്കുന്ന ചടങ്ങിനായി തന്റെ മൂത്ത മകൻ സമീപത്തെത്തിയപ്പോൾ ആ പിതൃഹൃദയം ഒന്നു പിടച്ചു. സ്നേഹം മുഴുവൻ പ്രതിഫലിപ്പിക്കുന്ന ചിരിയോടെയായിരുന്നു അദ്ദേഹം പുത്രനെ എതിരേറ്റത്.
സദസ്സിലിരുന്ന സകലരുടെയും ഹൃദയത്തിലായിരുന്നു ആ പുഞ്ചിരിയിൽ ഒളിച്ച സ്നേഹം വന്നു കൊണ്ടത്. രാജാവിന് മുൻപിൽ മുട്ടി കുത്തി നിന്നു കൊണ്ട് വില്യം രാജകുമാരൻ തന്റെ കൂർ പ്രഖ്യാപിച്ചു. വെയ്ൽസിലെ രാജകുമാരനായ വില്യം എന്ന ഞാൻ അങ്ങയോടുള്ള എന്റെ അചഞ്ചലമായ കൂറും വിധേയത്വവും പ്രഖ്യാപിക്കുന്നു എന്നായിരുന്നു വില്യം പറഞ്ഞത്. അതിനു ശേഷം എഴുന്നേറ്റ് നിന്ന്, പിതാവിന്റെ കവിളിൽ ഒരു സ്നേഹ ചുംബനം അർപ്പിച്ചു. ആ സമയം രാജാവ് പതിഞ്ഞ സ്വരത്തിൽ മകനോട് എന്തൊ പറയുന്നുണ്ടായിരുന്നു.
ഈ സമയമത്രയും കെയ്റ്റ് തന്റെ മക്കൾക്കൊപ്പം ചെലവഴിക്കുകയായിരുന്നു. അതിനു ശേഷം രാജദമ്പതികൾക്ക് ഒപ്പം വില്യമും കുടുംബവും കൊട്ടാര മട്ടുപ്പാവിൽ പ്രത്യക്ഷപ്പെട്ട് പൊതു ദർശനം നൽകി. ഈ സമയമത്രയും തന്റെ സ്വതസിദ്ധമായ പുഞ്ചിരി പൊഴിച്ചുകൊണ്ട് കെയ്റ്റ് എല്ലാവരെയും ആകർഷിച്ചു.
വില്യമും കുടുംബവും ചടങ്ങിനെത്താൻ വൈകിയോ?
രാജവും രാജ്ഞിയും എത്തിക്കഴിഞ്ഞിട്ടായിരുന്നു വെയ്ൽസ് രാജകുമാരനും രാജകുമാരിയും മക്കൾക്കൊപ്പം വെസ്റ്റ്മിനിസ്റ്റർ ആബെയിൽ എത്തിയത്. ഇത് വില്യം വൈകിയാണോ എത്തിയത് എന്ന ഊഹോപോഹത്തിന് വഴി തെളിച്ചു. അല്പം വൈകിയെങ്കിൽ കൂടി അതിന്റെ കേടെല്ലാം തീർക്കുന്ന മാസ്മരിക പ്രഭയോടെയായിരുന്നു വെയ്ൽസ് രാജകുമാരന്റെയും കുടുംബത്തിന്റെയും വരവ്. അലക്സാണ്ട മെക് ക്യുൻ ഡ്രസ്സും തിളങ്ങുന്ന വജ്രക്കമ്മലുകളുമായി കെയ്റ്റ് പതിവുപോലെ ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തു.
അതേസമയം വെൽഷ് ഗാർഡുകളുടെ യൂണിഫോം ധരിച്ചായിരുന്നു വില്യം രാജകുമാരൻ ചടങ്ങിനെത്തിയത്. മക്കളായ ജോർജ്ജ്, ഷെർലറ്റ്, ലൂയിസ് എന്നിവരും അവർക്കൊപ്പം എത്തി. ചടങ്ങിൽ ജോർജ്ജ് രാജകുമാരന് അതി പ്രധാനമായ പങ്കായിരുന്നു നിർവഹിക്കാനുണ്ടായിരുന്നത്. അതേസമയം, തികച്ചും ഏകനായി മൂന്നാം നിരയിലെ ഇരിപ്പിടത്തിൽ അസ്വസ്ഥനായി ഇരുന്ന രാജാവിന്റെ ഇളയ മകൻ ഹാരി ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.
അതേസമയം പാരമ്പര്യത്തിൽ നിന്നും വ്യതിചലിച്ച് കിരീടത്തിനു പകരം ഹെഡ്പീസ് ധരിച്ചെത്തിയ കെയ്റ്റ് രാജകുമാരി ഏറെ ചർച്ചകൾക്ക് വിധേയമായി. ആരെയും ആകർഷിക്കുന്ന അലക്സാൻഡ മെക് ക്യുൻ ഹെഡ് പീസായിരുന്നു അവർ കിരീടത്തിനു പകരമായി തലയിൽ ചൂടിയിരുന്നത്. മൂന്ന് രത്നങ്ങൾ അതിൽ പതിച്ചിരുന്നു.അതുപോലെ ഡയാന രാജകുമാരിയുടെ കമ്മലുകളും കെയ്റ്റ് അണിഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്