- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയാകാൻ മത്സരിച്ച് തോറ്റ പെന്നി മോർഡൗണ്ട് എന്തുകൊണ്ടാണാ സ്വർണം കെട്ടിയ ആ വാളും പിടിച്ചുകൊണ്ട് നിന്നത്? ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ ആ പണി ഏൽപിച്ചത് എന്തുകൊണ്ട്?
ലണ്ടൻ: കിരീടധാരണ ചടങ്ങിൽ ഏറ്റവും അധികം ശ്രദ്ധപിടിച്ചു പറ്റിയ മറ്റൊരു വ്യക്തിയായിരുന്നു കൺസർവേറ്റീവ് പാർട്ടി നേതാവ് പെന്നി മോർഡൗണ്ട്. നേരത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴായിരുന്നു അവർ വാർത്തകളിൽ നിറഞ്ഞു നിന്നത്. ഇപ്പോഴിതാ മൂന്നര കിലോയിൽ അധികം ഭാരം വരുന്ന, 17-ാം നൂറ്റാണ്ടിലെ, സ്വർണം കെട്ടിയ ആചാരവാളുമേന്തി കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുക വഴി അവർ വീണ്ടും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു.
ജനപ്രതിനിധി സഭയിൽ പാർട്ടി നേതാവ് എന്നതിനൊപ്പം അവർ പ്രിവി കൗൺസിലിന്റെ പ്രസിഡണ്ട് എന്ന പദവിയും വഹിക്കുന്നുണ്ട്. രാജാവിനെ രാഷ്ട്രീയകാര്യങ്ങളിൽ ഉപദേശിക്കാനുള്ള സമിതിയാണ് പ്രിവി കൗൺസിൽ. അതിന്റെ പ്രസിഡണ്ട് എന്ന നിലയിൽ ഈ ആചാര വാൾ ഏന്തി ഘോഷയാത്ര നയിക്കുക എന്നത് മോർഡൗണ്ടിന്റെ ചുമതലയായിരുന്നു.
നാലടിയോളം നീളം വരുന്ന ഖഡ്ഗവും ഏന്തി പരമ്പരാഗത രീതിയിലുള്ള വസ്ത്രമണിഞ്ഞെത്തിയ ഈ 49 കാരി, അവിടെ കൂടെയിരുന്നവരെ ഗ്രീക്ക് പുരാണങ്ങളുടെ ലോകത്തേക്ക് ആനയിച്ചു എന്നാണ് ചില ബ്രിട്ടീഷ് മാധ്യമങ്ങൾ എഴുതിയിരിക്കുന്നത്. ഗ്രീക്ക് പുരാണങ്ങളിലെ ദേവതാ സങ്കൽപങ്ങളോട് ഒത്തുപോകുന്ന രീതിയിലായിരുന്നു മോർഡണ്ട് ചടങ്ങിനെത്തിയത്.
അത് മാത്രമല്ല, ചടങ്ങ് തീരുംവരെ ആചാരവാൾ ഏന്തി അവർ വേദിയിൽ തുടരുകയും ചെയ്തു. താനായിരിക്കും ആചാരവാൾ ഏന്തുക എന്നും, അതിന് സാധാരണ വാളുകളേക്കാൾ കൂടുതൽ ഭാരം ഉള്ളതിനാൽ താൻ അതിനായി പരിശീലനം നടത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവ്സം മോർഡൗണ്ട് ടൈംസിനോട് പറഞ്ഞിരുന്നു. രാജാവിന്റെ പരമാധികാരത്തെ സൂചിപ്പിക്കുന്ന ഈ വാൾ തന്റെ വലതുഭഗത്തായിട്ടായിരുന്നു മോർഡൗണ്ട് പിടിച്ചിരുന്നത്.
പിന്നീട് രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത 100 50 പെൻസ് കോയിനുകൾക്ക് പകരമായി മോർഡൗണ്ട് ഈ വാൾ കൈമാറി. അതും പരമ്പരാഗത ചടങ്ങുകളുടെ ഭാഗമാണ്. ഈ ചുമതലയേറ്റെടുക്കുന്ന ആദ്യ വനിത എന്ന രീതിയിൽ പെന്നി മോർഡൗണ്ട് ഇപ്പോൾ ബ്രിട്ടീഷ് ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.
മുൻ പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ സമയത്തായിരുന്നു മോർഡൗണ്ട് പ്രിവി കൗൺസിലിന്റെ പ്രസിഡണ്ട് ആയി നിയമിക്കപ്പെട്ടത്. രാജ്ഞിയുടെ മരണ ശേഷം ചാൾസ് അധികാരം ഏറ്റെടുത്ത സമയത്തെ ആക്സഷൻ കൗൺസിലിന്റെയും തലപ്പത്ത് ഇവർ തന്നെയായിരുന്നു. പോർട്ട്സ്മൗത്ത് നോർത്തിൽ നിന്നുള്ള ജനപ്രതിനിധി കൂടിയാണിവർ.
മറുനാടന് ഡെസ്ക്