ബെയ്ജിങ്: ചൈനയിലെ ദാരിദ്ര്യത്തിന്റെ അളവ് എത്രമാത്രമെന്ന് രാജ്യത്തെ ജനങ്ങളും പുറംലോകവും അറിയാത്തത് ഓൺലൈൻ വീഡിയോകൾ ചൈനീസ് ഭരണകൂടം സെൻസർ ചെയ്യുന്നതിനാലെന്ന് റിപ്പോർട്ട്. തന്റെ പെൻഷൻ തുക ഉപയോഗിച്ച് എന്തൊക്കെ പലചരക്ക് സാധനങ്ങളാണ് വാങ്ങാൻ സാധിക്കുന്നതെന്ന് വിവരിച്ച് ഒരു സ്ത്രീ വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോ അധികൃതർ നീക്കം ചെയ്‌തെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

പെൻഷനായി ലഭിക്കുന്ന 100 യുവാൻ (1182 ഇന്ത്യൻ രൂപ) കൊടുത്താൽ പലചരക്ക് സാധനങ്ങൾ എത്രത്തോളം വാങ്ങാൻ കഴിയുമെന്ന് വ്യക്തമാക്കിയാണ് ഒരു പ്രായംചെന്ന വനിത വീഡിയോ പോസ്റ്റുചെയ്തത്. വീഡിയോ വൈറലായതിന് പിന്നാലെ അത് ഇന്റർനെറ്റിൽനിന്ന് നീക്കംചെയ്യപ്പെട്ടു. തന്റെ ഏക വരുമാനമാണ് 100 യുവാനെന്ന് സ്ത്രീ അവകാശപ്പെട്ടിരുന്നു. ചൈനീസ് അധികൃതർ രാജ്യത്ത് ലഭ്യമായ പ്ലാറ്റ്ഫോമുകളിൽനിന്ന് വീഡിയോ നീക്കംചെയ്തുവെങ്കിലും യുട്യൂബിലടക്കം ലഭ്യമാണ്.

ചൈനയിലെ യുവാക്കൾ നേരിടുന്ന തൊഴിൽ പ്രതിസന്ധികളെക്കുറിച്ചും മോശം സാമ്പത്തികസ്ഥിതിയെക്കുറിച്ച് അവർക്കുള്ള നിരാശയെക്കുറിച്ചുമെല്ലാം പറഞ്ഞുകൊണ്ട് ഒരു ഗായകൻ വീഡിയോ തയ്യാറാക്കിയിരുന്നു. ഞാനെന്റെ മുഖം ദിവസവും കഴുകുന്നു, അതിലും വൃത്തിയുള്ളതാണ് എന്റെ പോക്കറ്റ്, ശൂന്യമാണത് എന്നായിരുന്നു ആ പാട്ടിന്റെ വരികൾ. ഈ പാട്ട് നിരോധിക്കുകയും അയാളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ റദ്ദാക്കുകയും ചെയ്തിരുന്നു എന്നും ന്യായോർക് ടൈംസ് പറയുന്നു.

കോവിഡ് ബാധിച്ചിട്ടും കഠിനാധ്വാനം ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ച ഒരു കുടിയേറ്റ തൊഴിലാളിക്ക് 2022-ൽ ചൈനയിൽ വലിയ ശ്രദ്ധയും പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെക്കുറിച്ചുള്ള ചർച്ചകൾ ഇന്റർനെറ്റിൽ വിലക്കിയിരിക്കുകയാണ് അധികൃതർ. മാധ്യമ പ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിലെത്താതിരിക്കാൻ പ്രാദേശിക ഭരണകൂടം വീടിന് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം.

പൊതുജനങ്ങളുടെ പുരോഗതി ലക്ഷ്യമിടുന്ന ഒരു സോഷ്യലിസ്റ്റ് രാജ്യമാണ് തങ്ങളുടേതെന്നാണ് ചൈന അവകാശപ്പെടുന്നത്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ചൈന സമഗ്ര വിജയം നേടി എന്ന് 2021ൽ ഷി ജിൻ പിങ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും രാജ്യത്ത് പലരും ദരിദ്രരായി തുടരുന്ന സ്ഥിതിവിശേഷമാണുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കുള്ള സാധ്യതകൾ മങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തലുകൾ.

ഭാവിയെക്കുറിച്ചുള്ള ആശങ്ക ജനങ്ങളിൽ വർദ്ധിച്ചിരിക്കുകയാണ്. നിരാശജനകമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നതും സാമ്പത്തിക ധ്രുവീകരണത്തിന് പ്രേരിപ്പിക്കുന്നതും പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായയെ നശിപ്പിക്കുന്നതുമായ വീഡിയോകളോ പോസ്റ്റുകളോ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ചൈനയിലെ സൈബർസ്പേസ് അഡ്‌മിനിസ്ട്രേഷൻ രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.

ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കൊട്ടിഘോഷിക്കുന്ന ഒന്നാണ് അവിടുത്തെ ദാരിദ്ര്യനിർമ്മാർജനം. എന്നാൽ, സാമ്പത്തിക ശക്തിയായി ഉയർന്നുവരുമ്പോഴും സാമൂഹ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും ദരിദ്രരായവരുടെ അവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും മുഖം തിരിക്കുന്ന സമീപനമാണ് ചൈനയുടേതെന്ന് വിമർശനം ഉയർന്നിരുന്നു.

പലരും ദരിദ്രരായി തുടരുകയോ ദാരിദ്ര്യരേഖയ്ക്ക് തൊട്ട് മുകളിൽ ജിവിക്കുകയോ ആണ് ചെയ്യുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സാധ്യതകൾ മങ്ങുകയും ജനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ വർദ്ധിക്കുകയും ചെയ്തതോടെ, ദാരിദ്ര്യം സർക്കാരിന് രോഷം കൊള്ളുന്ന ഒരു നിഷിദ്ധ വിഷയമായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ധ്രുവീകരണം ഉണ്ടാക്കുന്നതോ, ദുഃഖമുണ്ടാക്കുന്നതോ, പാർട്ടിയുടെയോ സർക്കാരിന്റെയോ പ്രതിച്ഛായ മോശമാക്കുന്നതോ ആയ വീഡിയോകളോ പോസ്റ്റുകളോ അനുവദിക്കില്ല എന്നാണ് പ്രഖ്യാപനം. സാമൂഹികമോ, സാമ്പത്തികമോ ആയ പുരോഗതിയെ തടസപ്പെടുത്തുന്ന ഇടപെടലുകൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പ്രായംചെന്നവരുടെയും ഭിന്നശേഷിക്കാരുടെയും കുട്ടികളുടെയും ഏതെങ്കിലും തരത്തിലുള്ള ദുരിതം ചിത്രീകരിക്കുന്ന തരത്തിലുള്ള വീഡിയോകൾക്കെല്ലാം വിലക്കുണ്ട്. ചൈനയ്ക്ക് മികച്ച പ്രതിച്ഛായയാണ് ഉള്ളതെന്ന് ലോകത്തെ കാട്ടിക്കൊടുക്കുകയാണ് ഇത്തരം നിയന്ത്രണങ്ങളുടെ ലക്ഷ്യം. പാവപ്പെട്ടവരെക്കുറിച്ചുള്ള എല്ലാ ചർച്ചകളും വിലക്കാനാണ് ചൈനയിലെ അധികൃതർ ആഗ്രഹിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.