ലണ്ടൻ: കഴിഞ്ഞ മൂന്ന് ദിവസം ലോകം മുഴുവൻ ബ്രിട്ടനിലേക്ക് ഉറ്റുനോക്കുകയായിരുന്നു. ഏഴു പതിറ്റാണ്ടിലേറെ കാലം കിരീടാവകാശിയായി നിന്ന ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങ് ഏറെ ചരിത്ര പ്രധാന്യമുള്ള ഒന്നു കൂടിയാണ്. ഈ കെട്ടകാലത്ത്, ആഘോഷ തിമിർപ്പുകളുടെ ധൂർത്ത് ഒഴിവാക്കി ചെലവ് കുറഞ്ഞ രീതിയിൽ അത് നടത്തണം എന്നായിരുന്നു ചാൾസ് പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെയായിരുന്നു അതിഥികളുടെ എണ്ണം പോലും വെട്ടിച്ചുരുക്കിയത്.

1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങിൽ 8000 ഓളം പേർ പങ്കെറ്റുത്തപ്പോൾ, ചാൾസ് ക്ഷണിക്കപ്പെട്ടവരുടെ എണ്ണം 2000 ൽ ഒതുക്കുകയായിരുന്നു. എന്നിട്ടും ചെലവ് ചുരുക്കാനായോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുനന്ത്. കിരീടധാരണ ചടങ്ങുകൾക്ക് മൊത്തം എത്ര ചെലവ് വന്നു എന്ന കാര്യം ബക്കിമ്മ്ഗ്ഹാം കൊട്ടാരം ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നിരുന്നാലും, ഘോഷയാത്രയും, സംഗീത പരിപാടികളും എല്ലാം കൂടി 500 കോടി രൂപക്കും 1000 കോടി രൂപക്കും ഇടയിൽ വരുമെന്നാണ് കൊട്ടാരം നൽകുന്ന അനൗദ്യോഗിക മറുപടി.

പണത്തിന്റെ ഇന്നത്തെ മൂല്യം വച്ചു കണക്കാക്കിയാൽ, 1953-ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ചെലവഴിച്ച തുകയേക്കാൾ വളരെ കൂടുതലാണിത്. മാത്രമല്ല, 1937-ൽ ജോർജ്ജ് ആറാമന്റെ കിരീടധാരണത്തിന് ചെലവഴിച്ചതിനേക്കാൾ ഏറെ കൂടുതൽ ഈ പണം ആര് മുടക്കി എന്നതാണ് അടുത്ത ചോദ്യം. ഇതൊരു ദേശീയ പരിപാടിയായിട്ടാണ് പരിഗണിക്കുന്നത്. അതായത്, ബ്രിട്ടീഷ് സർക്കാർ തന്നെയായിരിക്കും ഈ തുക ചെലവാക്കുക. എന്നർത്തം. ബക്കിങ്ഹാം കൊട്ടാരം നൽകുന്ന അനൗദ്യോഗിക കണക്കായ ആയിരംകോടി രൂപയിലധികം ചെലവ് വന്നു എന്നാണ് ചില സ്വതന്ത്ര ഏജൻസികൾ കണക്കാക്കുന്നത്.

എന്നാൽ, ഈ ചെലവിന്റെ ഒരു ഭാഗം ബക്കിങ്ഹാം കൊട്ടാരം വഹിക്കുമെന്ന് പറയുന്നു. പക്ഷെ എത്ര തുകയാണ് കൊട്ടാരം വഹിക്കുക എന്നതിൽ വ്യക്തതയില്ല. അടുത്തിടെ നടന്ന് യൂ ഗോവ് പൊലീൽ 51 ശതമാനം പേർ കിരീടധാരണ ചടങ്ങുകളുടെ ചെലവ് സർക്കാർ വഹിക്കുന്നതിന് എതിരായിരുന്നു. 18 ശതമാനം പേർ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറഞ്ഞില്ല. അതിനുപുറമെ, ഈ ചടങ്ങുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പൊതു ഒഴിവ് ബ്രിട്ടന് മറ്റൊരു 1.36 ബില്യൺ പൗണ്ടിന്റെ നഷ്ടവും വരുത്തിയിട്ടുണ്ട്.

നിലവിൽ ബ്രിട്ടന്റെ ജി ഡി പി 2019- ലേതിനേക്കാൾ 0.6 ശതമാനം താഴെയാണ്. മാത്രമല്ല, കോവിഡ് പ്രതിസന്ധിയിൽ നിന്നും ഇനിയും ഉയർത്തെഴുന്നേൽക്കാത്ത ഒരേയൊരുജി-7 സമ്പദ്ഘടനയും ബ്രിട്ടന്റേതാണ്. പണപ്പെരുപ്പമണെങ്കിൽ ഇനിയും 10 ശതമാനത്തിൽ താഴാതെ നിൽക്കുന്നു. എന്നാൽ, ഈ ചടങ്ങുകൾ ലക്ഷക്കണക്കിന് പൗണ്ടിന്റെ വരുമാനം കൊണ്ടുവരും എന്നാണ് സർക്കാർ പറഞ്ഞത്. പ്രത്യേകിച്ച്, തകർച്ചയിൽ നിന്നും കരകയറാനാകാത്ത ചില്ലറ വില്പന മേഖല, ഹോസ്പിറ്റാലിറ്റി മേഖല, ടൂറിസം എന്നിവയ്ക്ക് ഇത് പുതിയ ഉണർവ് കൊണ്ടുവരുമെന്ന് സർക്കാർ പറയുന്നു.

ജീവിത ചെലവ് വർദ്ധിച്ച പ്രതിസന്ധിയിൽ ജനം വലയുമ്പോൾ ഇത്രയും തുക ധൂർത്തടിച്ച് കിരീടധാരണം നടത്തിയതിനെതിരെ കടുത്ത വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. കിരീടധാരണ ചടങ്ങിലെ ചെലവിന്റെ മുഖ്യഭാഗം സുരക്ഷാ ക്രമീകരണങ്ങൾക്കായിട്ടായിരുന്നു ചെലവാക്കിയത്.

2011-ൽ വില്യമിന്റെയും കെയ്റ്റിന്റെയും വിവാഹ സമയത്ത് 6.3 മില്യൺ പൗണ്ടായിരുന്നു സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവാക്കിയത്. അതേ സമയം 2018-ൽ ഡൊണാൾഡ് ട്രംപ് യു കെ സന്ദർശിച്ചപ്പോൾ സുരക്ഷക്കായി ചെലവാക്കിയത് 14 മില്യൺ പൗണ്ടായിരുന്നു.