ലണ്ടൻ: ഇക്കഴിഞ്ഞ ജനുവരി മുതൽ ആഭ്യന്തര സെക്രട്ടറി സ്യുവേല ബ്രെവർമാൻ കുടിയേറ്റ കണക്കിൽ വിദ്യാർത്ഥി വിസക്കാർ നൽകുന്ന എണ്ണപ്പെരുക്കം കുറയ്ക്കാൻ നടത്തുന്ന നീക്കങ്ങൾക്ക് തദ്ദേശ തിരഞ്ഞടുപ്പിൽ ടോറികൾക്ക് തിരിച്ചടി ഉണ്ടായതോടെ വേഗം കൂടിയിരിക്കുന്നു. സർക്കാർ ആലോചിച്ചതിന്റെ പത്തിരട്ടി വേഗതയിലാണ് വിദേശ വിദ്യാർത്ഥികൾ യുകെയിൽ എത്തിയത് എന്നും പഠിക്കാൻ ഉള്ള വരവിനേക്കാൾ യുകെയിലേക്കുള്ള കുടിയേറ്റ വഴിയായി സ്റ്റുഡന്റ് വിസ മാറി എന്നും ആയിരുന്നു സ്യുവേലയുടെ പരാതി.

ഇതിനോട് തുടക്കത്തിൽ പ്രധാനമന്ത്രി ഋഷി സുനക് അനുകൂല നിലപട് എടുത്തെങ്കിലും വിദ്യാർത്ഥി വിസക്കാർ വഴി രാജ്യത്തിനു ലഭിക്കുന്ന 25 ബില്യൺ പൗണ്ട് ഒറ്റയടിക്ക് വേണ്ടെന്നു വയ്ക്കുന്നതും ഋഷിക്ക് വീണ്ടും ആലോചിക്കാനുള്ള കാരണമായി മാറുകയായിരുന്നു. ഇതിനിടെ യൂണിവേഴ്‌സിറ്റി ഗ്രൂപ്പുകളും വിദ്യാഭ്യസ സെക്രട്ടറി ജില്ലിയൻ കീഗൻ തുറന്ന എതിർപ്പുമായി എത്തിയതോടെ നീക്കം താൽക്കാലികമായി കോൾഡ് സ്റ്റോറേജിൽ കയറി.

എന്നാൽ കഴിഞ്ഞ ആഴ്ച നടന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടോറികൾ പ്രാദേശികമായി ആയിരം സീറ്റുകളിൽ തോൽവി സമ്മതിച്ചതോടെ പാർട്ടി കേന്ദ്രങ്ങൾ തിരിച്ചു വരവിനുള്ള സാധ്യതകൾ തേടുകയാണ്. ഇതോടെ കേവലം ഒന്നര വർഷം അകലെ നിൽക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ കുടിയേറ്റം മുഖ്യ വിഷയമായി മാറ്റണം എന്ന ചിന്ത ഭരണ കേന്ദ്രങ്ങളിൽ ഉടലെടുക്കുന്നത്. പാർട്ടിയിൽ നിർണായക സ്വാധീനമുള്ള സ്യുവേല കിട്ടിയ തക്കത്തിന് വീണ്ടും വിദേശ വിദ്യാർത്ഥി കുടിയേറ്റം സംബന്ധിച്ച കണക്കുകൾ പാർട്ടിയിൽ അവതരിപ്പിക്കുക ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

സ്യുവേലക്ക് പിന്തുണയുമായി കണക്കുകളും കൂടെയെത്തി. മൂന്നു വർഷത്തെ കുടിയേറ്റ കണക്കുകൾ എടുത്തപ്പോൾ 2019 ൽ നിന്നും 2022 ലേക്ക് എത്തിയപ്പോൾ സ്റ്റുഡന്റ് വിസയിൽ എത്തുന്നവരുടെ ഡിപെൻഡ് വിസക്കാരുടെ എണ്ണം ആറു ശതമാനത്തിൽ നിന്നും 22 ആയി കുതിച്ചുയരുക ആയിരുന്നു. സ്റ്റുഡന്റ് ഡിപെൻഡന്റ് വിസക്കാർ 2019ൽ വെറും 16,047 എന്നതിൽ നിന്നും കഴിഞ്ഞ വർഷം ആയപ്പോഴേക്കും കുതിച്ചുയർന്നത് 1,35,788 എന്ന വമ്പൻ സംഖ്യയിലേക്കാണ്.

ജിലിയൻ കീഴടങ്ങുന്നു, സ്യുവേല നിർണായക വിജയത്തിലേക്ക്, നീക്കങ്ങൾ തകൃതിയാകുന്നു

ബ്രെക്സിറ്റിനു മുൻപ് 2015ൽ 336,00,0 എന്ന കണക്കിൽ കുടിയേറ്റം ഉയർന്നപ്പോഴാണ് ബ്രിട്ടനിൽ യൂറോപ്പ് വിട്ടു പോകണം എന്ന ചിന്ത ശക്തി പ്രാപിച്ചത്. എന്നാൽ കുടിയേറ്റം കുറയ്ക്കാൻ യൂറോപ്പ് വിട്ടിട്ടും കുടിയേറ്റ കണക്കിൽ വിസ നേടിയവരുടെ എണ്ണം അഞ്ചു ലക്ഷം കടന്നപ്പോഴാണ് വിദേശ വിദ്യാർത്ഥികളുടെ കുടുംബക്കാർ ആണ് ഈ കണക്കിലേക്ക് കൂടുതൽ സംഭാവന ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്താനായത്. അതിനാൽ ഉടൻ റിസൾട്ട് വേണമെങ്കിൽ ഈ വിഭാഗത്തെ വെട്ടി മാറ്റുക എന്നതാണ് ഹോം ഓഫിസിനു മുന്നിൽ ഉള്ള കുറുക്ക് വഴി. കടൽ കടന്നെത്തുന്ന അഭയാർത്ഥികളെ നിയന്ത്രിക്കാൻ ഒരു വശത്തു പെടാപ്പാട് പെടുമ്പോഴും സർക്കാരിന് കാര്യമായ പ്രയാസം കൂടാതെ കുറയ്ക്കാനാകുന്ന മേഖലയാണ് സ്റ്റുഡന്റ് വിസക്കാരുടെ കുടുംബത്തെ തടയുക എന്ന പ്ലാൻ രൂപപ്പെടാൻ മറ്റൊരു കാരണം.

നൈജീരിയയും ഇന്ത്യയുമാണ് സ്റ്റുഡന്റ് വിസക്കാരുടെ ഒപ്പം കുടുംബത്തെ കൂടി എത്തിക്കുന്നത് എന്നതും സർക്കാർ കണക്കിൽ അടിവരയിട്ട് പറയുന്നു. വാദങ്ങൾ ശക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ആയതോടെ മുൻപ് എതിർപ്പ് ഉയർത്തിയ വിദ്യാഭ്യാസ സെക്രട്ടറി ജിലിയൻ കീഗനും അനുകൂല നിലപാടിലേക്ക് നീങ്ങുകയാണ്. ഇതോടെ സ്യുവേല തന്റെ നീക്കത്തിൽ നിർണായക വിജയം നേടും എന്ന സൂചനയാണ് ലഭ്യമാകുന്നത്. കഴിഞ്ഞ ദിവസം ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലും പുതിയ നീക്കങ്ങൾ സംബന്ധിച്ച വ്യക്തമായ സൂചനകൾ സ്യുവേല നൽകിയിരുന്നു. പുതിയ നിയന്ത്രണം ഏറ്റവും വേഗത്തിൽ പ്രഖ്യാപിക്കാനുള്ള നീക്കങ്ങളാണ് തകൃതിയാകുന്നത്.

പല യൂണിവേഴ്‌സിറ്റി കോഴ്‌സുകളും ഒൻപതു മാസം കൊണ്ട് അവസാനിക്കുന്നവയാണ്. ഇത്തരം പഠിതാക്കൾ വഴി രാജ്യത്തിന് ലോകത്തിന്റെ മുന്നിൽ വലിയ നേട്ടം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. അതിനു വേണ്ടി വരുന്നവർ എന്തിന് ആ ചുരുങ്ങിയ കാലത്തേക്ക് കുടുംബത്തെ കൂടെ കൂട്ടണം എന്നാണ് സ്യുവേല ചോദിക്കുന്നത്. മാത്രമല്ല മുപ്പതും നാൽപതും ഒക്കെ പിന്നിട്ടവർ യൂണിവേഴ്‌സിറ്റിയിൽ ചേരാൻ പ്രായം അടുക്കുന്ന മക്കളെ കൂട്ടി വരുമ്പോൾ ഉദ്ദേശം വ്യക്തമാണ് എന്നും അവർ വാദിക്കുന്നു.

കുടിയേറ്റത്തിനുള്ള കുറുക്ക് വഴിയല്ല സ്റ്റുഡന്റ് വിസ, സർക്കാരിന് താങ്ങാവുന്ന പരിധി കൈവിടുന്നു

അനിയന്ത്രിതമായ എണ്ണം എന്ന നിലയിൽ ഏറ്റവും ഒടുവിലായി എത്തികൊണ്ടിരിക്കുന്നവരിൽ താമസ സൗകര്യം കണ്ടെത്താനും സ്‌കൂളും ആശുപത്രി സേവനവും എല്ലാം സർക്കാരിന് തലവേദന ആയി മാറുക ആയിരുന്നു. ഡിപെൻഡന്റ് വിസക്കാർക്ക് പരിധിയില്ലാതെ ജോലി ചെയ്യാൻ തടസം ഇല്ലെങ്കിലും ജോലി കിട്ടുക എന്നതൊരു മരീചികയാണ് ഇപ്പോൾ യുകെയിൽ. ഇതോടെ സാമൂഹ്യ പ്രശനങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യപ്പെട്ടത് പൊലീസിനും തലവേദനയായി.

ഈ സാധ്യതകൾ ഒക്കെ അക്കമിട്ട് നിരത്തിയാണ് സ്റ്റുഡന്റ് വിസക്കാരുടെ ആശ്രിതരെ യുകെയിലേക്ക് എത്തിക്കരുത് എന്ന് സ്യുവേല മന്ത്രിസഭയിൽ വാദിക്കുന്നത്. പഠിക്കാൻ വരുന്നവർ കുട്ടികളും കുടുംബവും ഉണ്ടെങ്കിലേ യുകെയിലേക്ക് വരൂ എന്ന് പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് സ്യുവേല ചോദിക്കുന്നു. പഠിച്ചു ജോലി കിട്ടിയാൽ കുടുംബത്തെ കൊണ്ടുവരാൻ ഒരു തടസവും ഇല്ലലോ എന്ന് അവർ ചോദിക്കുന്നതും കണക്കുകൾ കൈവിടുന്ന സാഹചര്യത്തിലാണ്.

സ്റ്റുഡന്റ് വിസയിൽ എത്തിയവരിൽ ഒട്ടേറെ മലയാളികൾ പഠിക്കാൻ വന്ന കോഴ്‌സുകൾ ഉപേക്ഷിച്ചു കെയർ ഹോമുകളിൽ അഭയം കണ്ടെത്തിയത് ബ്രിട്ടീഷ് മലയാളി പലവട്ടം റിപ്പോർട്ട് ചെയ്തിരുന്നതാണ്. ഇതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്റ്റുഡന്റ് വിസ കുടിയേറ്റത്തിനുള്ള കുറുക്കു വഴി ആയി മാറിയതെന്ന് സർക്കാർ നിരീക്ഷിക്കുന്നതും. സ്റ്റുഡന്റ് വിസയിൽ എത്തിയവർ യൂണിവേഴ്‌സിറ്റികൾ ഉപേക്ഷിച്ചു കെയർ വിസയ്ക്കായി കൂട്ടത്തോടെ ഹോം ഓഫിസിൽ അപേക്ഷയുമായി എത്തിയതോടെയാണ് ഇത് സംബന്ധിച്ച കണക്കുകൾ സർക്കാരിന് കയ്യോടെ കിട്ടിയത്.

ഇത്തരത്തിൽ വിസക്ക് ശ്രമിച്ച ഒട്ടേറെ വിദ്യാർത്ഥികളെ ഹോം ഓഫിസിൽ നിന്നും വിളിച്ചപ്പോൾ എന്തിനു കോഴ്സ് ഉപേക്ഷിച്ചു പുതിയ വിസക്ക് ശ്രമിക്കുന്നു എന്ന ചോദ്യത്തിൽ വ്യക്തമായ ഉത്തരം നൽകാൻ ഇല്ലാതിരുന്നതോടെ നാട് കടത്തൽ നടപടി വരെ ഉണ്ടായതാണ്. കെയർ വിസക്ക് ശ്രമിച്ചവർക്ക് ആ രംഗത്തോടുള്ള താൽപര്യമല്ല മറിച്ചു കേവലമൊരു ജോലി മാത്രമായി അതിനെ കാണുന്നു എന്ന ഉത്തരമാണ് ഹോം ഓഫിസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ ഉള്ള അനവധി കാരണങ്ങൾ നിരത്തിയാണ് ഹോം ഓഫിസ് പ്രധാനമന്ത്രിയെ വസ്തുതകൾ ധരിപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.