- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുർക്കിയെ നയിക്കുക എർദോഗനോ കിലിച്ദാറുവോ? പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം പാർലമെന്റിലേക്കുള്ള ജനവിധി ഇന്ന്; അഭിപ്രായ സർവേകളിൽ കിലിച്ദാറുവിന് നേരിയ മുൻതൂക്കം; രണ്ടു ദശാബ്ദ കാലം അധികാരത്തിലിരുന്ന എർദോഗന് പടിയിറക്കമോ?
ഈസ്താംബൂൾ: കനത്ത നാശം വിതച്ച ഭൂകമ്പത്തിന്റെ കെടുതിയിൽ നിന്നും കരകയറുന്ന തുർക്കിയുടെ ഭാവി നിർണയിക്കുന്ന ജനവിധി ഇന്ന്. രണ്ടു ദശാബ്ദമായി ഭരണംകൈയാളുന്ന റസിപ് തയിപ് എർദോഗന് പ്രതിപക്ഷ സഖ്യം ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം പാർലമെന്റിലേക്കുള്ള വിധിയെഴുത്തും ഞായറാഴ്ച നടക്കും.
പീപ്പിൾ അലയൻസ് സ്ഥാനാർത്ഥിയായ എർദോഗനെതിരേ പ്രതിപക്ഷത്തെ ആറു പാർട്ടികളുടെ സഖ്യമായ നാഷൻ അലയൻസിന്റെ സ്ഥാനാർത്ഥി കമാൽ കിലിച്ദാറുവാണ് മത്സരരംഗത്തുള്ളത്. അഭിപ്രായ സർവേകളിൽ കമാൽ കിലിച്ദാറുവിനാണ് നേരിയ മുൻതൂക്കം.
ഒരുസ്ഥാനാർത്ഥിയും 50 ശതമാനത്തിലധികം വോട്ട് നേടിയില്ലെങ്കിൽ ഈ മാസം 28-ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കും. മത്സരത്തിൽനിന്ന് പിന്മാറിയ മുഹറം ഇൻസെയുടെ വോട്ടുകൾ സാധുതയുള്ളതായി കണക്കാക്കുമെന്നും രണ്ടാംറൗണ്ട്വരെ പിന്മാറ്റം പരിഗണിക്കില്ലെന്നും തുർക്കി ഇലക്ടറൽ ബോർഡ് അറിയിച്ചു.
ജനാധിപത്യത്തിലൂടെയാണ് താൻ അധികാരത്തിൽ വന്നതെന്നും ജനാധിപത്യ പ്രക്രിയയ്ക്ക് അനുസൃതമായി പ്രവർത്തിക്കുമെന്നും ശനിയാഴ്ച നടന്ന അവസാനഘട്ട തിരഞ്ഞെടുപ്പ് റാലിയിൽ എർദോഗൻ പറഞ്ഞു. അതേസമയം രാജ്യത്ത് സമാധാനവും ജനാധിപത്യവും പുനഃസ്ഥാപിക്കുമെന്ന് കിലിച്ദാറു ഉറപ്പുനൽകി. രാജ്യം ഭരിക്കാനുള്ള പ്രസിഡന്റിനെയും അഞ്ഞൂറംഗ പാർലമെന്റിനെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഞായറാഴ്ച നടക്കുന്നത്.
വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് തുർക്കി ജനവിധി എഴുതുന്നത്. സാമ്പത്തിക പ്രതിസന്ധി, ഭൂകമ്പ ദുരിതാശ്വാസത്തിലെ വീഴ്ചകൾ, റഷ്യ യുക്രെയ്ൻ യുദ്ധം.... തുർക്കി തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയങ്ങൾ ഏറെയാണ്. രണ്ടുപതിറ്റാണ്ടിയ ഭരണം കയ്യാളുന്ന എർദോഗൻ ഒരുവശത്തും ആറ് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസ് മറുവശത്തും.
അഭിപ്രായ വോട്ടെടുപ്പുകളിൽ പ്രതിപക്ഷ സഖ്യത്തിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുമുണ്ട്. രാജ്യത്ത് സമാധാനവും ജനാധിപത്യവും പുനഃസ്ഥാപിക്കുമെന്നാണ് കമാൽ കിലിച്ദാറു ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനം.
അടുത്തിടെയുണ്ടായ ഭൂചലനത്തിൽ രക്ഷാപ്രവർത്തനം വൈകി എന്നതടക്കമുള്ള ആരോപണങ്ങളും എർദോഗൻ നേരിടുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിനുമായി എർദോഗനുള്ള അടുത്ത ബന്ധവും തിരഞ്ഞെടുപ്പിൽ ചർച്ചയാണ്. റഷ്യ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
ആരോപമങ്ങൾ തള്ളിക്കളഞ്ഞ എർദോഗൻ ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ തല ഉയർത്തി നിർത്താൻ പ്രാപ്തമാക്കിയെന്നാണ് അവകാശപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ