ലണ്ടൻ: യുകെയിൽ താമസമാക്കിയ ലക്ഷകണക്കിന് യൂറോപ്യൻ പൗരന്മാർക്ക് വോട്ടവകാശം നൽകാനുള്ള പദ്ധതിയുമായി ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. ബ്രെക്സിറ്റ് കരാർ വീണ്ടും തുറക്കാനും ഹിതപരിശോധനയ്ക്ക് വീണ്ടും കളമൊരുക്കാൻ ശ്രമിച്ചതായും ലേബർ പാർട്ടി നേതാവും പാർലമെന്റിലെ പ്രതിപക്ഷ നേതാവുമായ കീർ സ്റ്റാമർ ആരോപിച്ചു.

വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി ലേബർ പാർട്ടി നേതാവ് 'വ്യക്തിപരമായ നേട്ടം' തേടുന്നുവെന്ന് കാബിനറ്റ് മന്ത്രി ഗ്രാന്റ് ഷാപ്സ് ആരോപിച്ചു. ലേബർ പാർട്ടി തങ്ങളുടെ പൊതു തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വോട്ടിങ് വിപുലീകരണം വാഗ്ദാനം ചെയ്യുമെന്ന റിപ്പോർട്ടിന് പിന്നാലെയാണിത്.

സൺഡേ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് 16 വയസ്സ് മുതൽ പ്രായമുള്ള യുകെയിൽ സ്ഥിരതാമസമാക്കിയ യൂറോപ്യൻ പൗരന്മാർക്കാണ് വോട്ടവകാശം ഉറപ്പാക്കുമെന്ന നിർദ്ദേശം ലേബർ പാർട്ടി മുന്നോട്ടുവെച്ചിരിക്കുന്നത്. യുകെയിലെ പരമ്പരാഗത വോട്ടിങ് സമ്പ്രദായത്തെ പോലും അട്ടിമറിച്ച് തന്റെ പാർട്ടിക്ക് നേട്ടമുണ്ടാക്കാനാണ് സ്റ്റാമർ ശ്രമിക്കുന്നതെന്ന് രോഷാകുലരായി ടോറികൾ ആരോപിച്ചു.

വോട്ടർ പട്ടിക പരിഷ്‌കരിക്കുന്ന കാര്യം തങ്ങളുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ലേബർ പാർട്ടിയുടെ മുതിർന്ന നേതാവ് ജോനാഥൻ റെയ്‌നോൾഡ്‌സും സമ്മതിച്ചു. എന്നാൽ ഈ നിർദേശത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്നത് എപ്പോഴും തങ്ങളുടെ പരിഗണനാ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

ലേബർ പാർട്ടിയുടെ പദ്ധതികൾ അനുസരിച്ച് 3.4 ദശലക്ഷം യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് പൊതുതിരഞ്ഞെടുപ്പിൽ വോട്ടവകാശം ലഭിക്കും. നിലവിൽ യുകെയിൽ സ്ഥിരതാമസമാക്കിയ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മാത്രമാണ് വോട്ട് ചെയ്യാൻ അവസരമുള്ളത്. ലേബർ പാർട്ടിയുടെ പദ്ധതികൾ സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ സർക്കാരിന് തിരഞ്ഞെടുപ്പ് രീതികൾ മാറ്റുന്നതിന് ആലോചനയില്ലെന്നാണ് ഷാപ്‌സ് പ്രതികരിച്ചത്.

ബ്രെക്‌സിറ്റ് റഫറണ്ടം വീണ്ടും തുറക്കാനാണ് കീർ സറ്റാമറും അദ്ദേഹത്തിന്റെ പാർട്ടിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ടോറി ംപിയും മുൻ ബ്രെക്‌സിറ്റ് മന്ത്രിയുമായ ഡേവിഡ് ജോൺസും കീർ സ്റ്റാമർക്ക് എതിരെ രംഗത്ത് വന്നു. വോട്ടിങ് സമ്പ്രദായത്തെ പൊളിച്ചെഴുതാനും തങ്ങൾക്ക് അനുുകൂലമാക്കി മാറ്റാനുമുള്ള നീക്കത്തെ എല്ലാ രാഷ്ട്രീയ നേതാക്കളും എതിർക്കണമെന്നും ജോൺസ് ആവശ്യപ്പെട്ടു.

നമ്മൾ യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്നപ്പോൾ പോലും ഇത്തരത്തിൽ യുറോപ്യൻ യൂണിയൻ പൗരന്മാർക്ക് ബ്രിട്ടനലെ പൊതുതിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ബ്രിട്ടനിലെ പൗരന്മാരെ തങ്ങൾക്ക് വിശ്വാസമില്ലെന്നാണ് ഇത്തരമൊരു നീക്കത്തിലൂടെ സ്റ്റാമറും അദ്ദേഹത്തിന്റെ പാർട്ടിയും പറഞ്ഞുവയ്ക്കുന്നതെന്ന് കൺസർവേറ്റീവ പാർട്ടി വക്താവും ആരോപിച്ചു.