ബെയ്ജിങ്: ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ ദ്വീപുകളിലും സ്വാധീനം ഉറപ്പിച്ചുള്ള ചൈനയുടെ ഇടപെടലുകൾ അമേരിക്കയ്ക്ക് ഭീഷണി ഉയർത്തുന്നതെന്ന് വിലയിരുത്തൽ. ലാറ്റിനമേരിക്കൻ മേഖലയിലെ വിവിധ രാജ്യങ്ങളിൽ പ്രധാന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി പതിനായിരക്കണക്കിന് ഡോളർ ധനസഹായം നൽകിയത് മുതൽ അമേരിക്കൻ ഉപഗ്രഹങ്ങളെ ലക്ഷ്യമിടാൻ കഴിയുന്ന അർജന്റീനയിലെ സ്വന്തം സ്പേസ് സ്റ്റേഷൻ വരെ മേഖലയിൽ ചൈനീസ് അധിപത്യത്തിന്റെ വ്യക്തമായ തെളിവാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ചൈനയുടെ സൈനിക നിയന്ത്രണത്തിലുള്ള ബഹിരാകാശ നിലയം അടക്കം അർജന്റീനയിൽ സ്ഥാപിച്ചത് അമേരിക്കയിൽ നിന്നുമുള്ള വെല്ലുവിളികളെ ഇല്ലാതാക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തൽ.
ലാറ്റിനമേരിക്കയിലെ 21 രാജ്യങ്ങൾ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൽ ഒപ്പുവെച്ചിട്ടുണ്ട്.

ആഗോള അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകി മേഖലയിൽ അധികാരവും സ്വാധീനവും നേടിയെടുക്കുന്നതിനായി 2013-ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അവതരിപ്പിച്ച നയങ്ങളാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നടപ്പാക്കുന്നത്. ഭൂമിശാസ്ത്രപരമായി അമേരിക്കയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങളാണ് ചൈന സമീപ കാലത്ത് മേഖലയിൽ നടത്തുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ചൈനീസ് സ്റ്റേറ്റ് ബാങ്കുകൾ 2005 മുതൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് 136 ബില്യൺ ഡോളർ വായ്പ നൽകിയിട്ടുണ്ട്. പ്രധാന ഊർജ പദ്ധതികൾ മുതൽ റോഡുകൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ, കോവിഡ് വാക്സിനുകൾ തുടങ്ങി എല്ലാത്തിനും ഈ ധനസഹായം ഉപയോഗപ്പെടുത്തിയതിലൂടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഭരണത്തലവന്മാരെ വരുതിയിൽ നിർത്താൻ ചൈനയ്ക്ക് ഇനി കഴിയും. യുഎസ് ഉദ്യോഗസ്ഥർ 'സ്‌പൈറലിങ് ട്രാപ്പ്' എന്ന് വിശേഷിപ്പിച്ച നിബന്ധനകളാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് ഭാവിയിൽ കുരുക്കാകുക.

ഇന്റർ-അമേരിക്കൻ ഡയലോഗും ബോസ്റ്റൺ യൂണിവേഴ്സിറ്റി ഗ്ലോബൽ ഡെവലപ്മെന്റ് പോളിസി സെന്ററും നടത്തിയ ഗവേഷണമനുസരിച്ച്, ചൈന ഡെവലപ്മെന്റ് ബാങ്കും ചൈന-എക്സ്പോർട്ട് ഇംപോർട്ട് ബാങ്കും 2005 മുതൽ മേഖലയിലെ 19 രാജ്യങ്ങൾക്ക് 136 ബില്യൺ ഡോളറിലധികം വായ്പാ ബാധ്യതകൾ നൽകിയിട്ടുണ്ട്.

വെനസ്വേല 66 ബില്യൺ ഡോളറാണ് കൈപ്പറ്റിയിരിക്കുന്നത്. 31 ബില്യൺ ഡോളറുമായി ബ്രസീലും 18.2 ബില്യൺ ഡോളറുമായി ഇക്വഡോറും തൊട്ടുപിന്നിൽ. ഇതിൽ വലിയൊരു തുക എണ്ണ ഉൽപ്പാദനം ഉൾപ്പെടെയുള്ള ഊർജ പദ്ധതികൾക്ക് സംഭാവന ചെയ്തിട്ടുണ്ട്. 2007 മുതൽ ഊർജ്ജ പദ്ധതികൾക്കായുള്ള ബ്രസീലിന്റെ കടം ഏകദേശം 27.4 ബില്യൺ ഡോളറാണ്.

എന്നാൽ ആ കണക്കുകളിൽ വാണിജ്യ ബാങ്കുകളിൽ നിന്നുള്ള വായ്പയുടെ മൂല്യം ഉൾപ്പെടുന്നില്ല, അവരുടെ പണം ഡസൻ കണക്കിന് ഊർജ, അടിസ്ഥാന സൗകര്യ പദ്ധതികൾക്കും ധനസഹായം നൽകിയിട്ടുണ്ട്. എണ്ണ സമ്പന്നമായ മേഖലയിലേക്ക് സ്വകാര്യ കമ്പനികളും പണം ഒഴുക്കുന്നുണ്ട്.

സാമ്പത്തിക ബാധ്യതകൾ തീർക്കാനാവാതെ വരുമ്പോൾ കടം എടുത്ത രാജ്യത്തെ തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവ രാജ്യമാക്കിമാറ്റുകയെന്ന കുതന്ത്രമാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ചൈന പയറ്റുക എന്ന് വിദേശകാര്യ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.

ചൈനീസ് വ്യാളിയുടെ പിടിയിലമർന്ന പല രാജ്യങ്ങളും രക്ഷപ്പെടാനാകാതെ നിലവിളിക്കുന്ന സ്ഥിതിയാണുള്ളത്. നയതന്ത്ര ബന്ധളുടെ മറവിൽ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിച്ച് രാജ്യങ്ങളുടെ രക്തം ഊറ്റി കുടിക്കുകയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. ആഗോള ഭീമനായി വളരാനുള്ള ചൈനയുടെ നീക്കത്തിൽ തിരിച്ചടി നേരിടുന്നത് 42 രാജ്യങ്ങളെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്ന.ു ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന ഭീമൻ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ പങ്കാളിയായ രാജ്യങ്ങളാണ് വൻ കടക്കെണിയിൽ മുങ്ങുന്നത്.

ധനസഹായം എന്നതിനേക്കാൾ വൻ പലിശയുള്ള ലോൺ നൽകിയാണ് രാജ്യങ്ങളെ കെണിയിൽ പെടുത്തിയത്. ജിഡിപിയുടെ പത്ത് ശതമാനത്തിലധികം പൊതുകടമാണ് 42 രാജ്യങ്ങൾക്കുള്ളത്. ചൈനയുമായി ചേർന്ന് ആരംഭിച്ച വൻ പദ്ധതികളിൽ നല്ലൊരു പങ്കും പൂർത്തിയാക്കാനാകാതെ ഇഴയുകയാണ്. ഇതിന്റെയെല്ലാം ഫലം അനുഭവിക്കുന്നത് ചൈനയല്ല. ചൈനയുടെ സാമ്പത്തിക പങ്കാളികളായ രാജ്യങ്ങളാണ്.

'പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഒഴിവാക്കാനും അതിന്റെ സ്വേച്ഛാധിപത്യത്തിന്റെ ബ്രാൻഡ് മുന്നോട്ട് കൊണ്ടുപോകാനും അധികാരവും സ്വാധീനവും വർദ്ധിപ്പിക്കാനുമുള്ള കഴിവും ഉദ്ദേശവും ഉണ്ട് എന്നായിരുന്നു യുഎസ് സതേൺ കമാൻഡ് മേധാവി ജനറൽ ലോറ റിച്ചാർഡ്സൺ മാർച്ചിൽ ഒരു ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി ഹിയറിംഗിൽ പറഞ്ഞത്. ബന്ധം ദൃഢമാക്കാൻ മേഖലയിലുടനീളമുള്ള നേതാക്കളെ 'എല്ലാ സമയത്തും' പ്രസിഡന്റ് ഷി വിളിക്കാറുണ്ടെന്നും റിച്ചാർഡ്സൺ മുമ്പ് പറഞ്ഞിരുന്നു

അർജന്റീനയിൽ, സിവിലിയൻ, ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കപ്പുറം ചൈന അതിന്റെ താൽപ്പര്യങ്ങൾ വിശാലമാക്കുന്നുവെന്ന് പോലും ആരോപിക്കപ്പെട്ടു കഴിഞ്ഞു. പടിഞ്ഞാറൻ ന്യൂക്വൻ പ്രവിശ്യയിലെ ഒരു വിദൂര പ്രദേശത്തുള്ള എസ്പാസിയോ ലെജാനോ ബഹിരാകാശ നിലയം സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ ഭയപ്പെടുന്നുണ്ട്.

50 മില്യൺ ഡോളർ ചെലവിൽ 2018-ൽ തുറക്കുന്ന 200 ഹെക്ടർ വിസ്തൃതിയുള്ള രഹസ്യ കേന്ദ്രത്തിൽ, 16 നിലകളുള്ള ശക്തമായ ആന്റിന ഉൾപ്പെടുന്നു, ഇത് ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ചന്ദ്ര റോവർ ഇറക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതായി റിപ്പോർട്ടുണ്ട്.

ചൈനയുടെ ബഹിരാകാശ പരിപാടി നടത്തുന്നത് പീപ്പിൾസ് ലിബറേഷൻ ആർമിയാണ്, ബഹിരാകാശത്തെ 'സൈനികവൽക്കരിക്കാനും' അമേരിക്കൻ ഉപഗ്രഹങ്ങളിൽ ഇടപെടാനുമുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമാകാൻ ഈ സ്റ്റേഷന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സ്ഥാപനത്തിലെ പ്രവർത്തനങ്ങളുടെ മേൽനോട്ടം അർജന്റീനയ്ക്ക് അല്ലെന്ന് രാജ്യത്തിന്റെ മുൻ വിദേശകാര്യ മന്ത്രി സൂസന മൽക്കോറ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയിരുന്നു.

കൂടാതെ പനാമയിൽ, ഓരോ വർഷവും ഏകദേശം 270 ബില്യൺ ഡോളർ ചരക്ക് കൊണ്ടുപോകുന്ന പനാമ കനാലിന്റെ അറ്റ്‌ലാന്റിക്, പസഫിക് അറ്റത്തുള്ള പ്രധാന തുറമുഖങ്ങളെ ചൈന സ്വന്തമാക്കിയതും അമേരിക്കയ്ക്ക് ആശങ്കകൾ ഉയർത്തുന്നുണ്ട്. ഈ തുറമുഖങ്ങളെ 'സൈനിക ശേഷിയിലേക്ക് വേഗത്തിൽ മാറ്റാൻ' കഴിയുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് വിലയിരുത്തിയിരുന്നു.

ചൈനീസ് ശതകോടീശ്വരനായ യെ ചെങ്ങിന്റെ ചെയർമാനായ ലാൻഡ്ബ്രിഡ്ജ് ഗ്രൂപ്പ്, 2019-ൽ 900 മില്യൺ ഡോളറിന്റെ ഇടപാടിലൂടെ മാർഗരിറ്റ ദ്വീപ് തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
മറ്റൊരു ചൈനീസ്-ലിങ്ക്ഡ് കമ്പനിയായ ഹച്ചിസൺ പോർട്ട്‌സ് പിപിസി കനാലിലെ മറ്റ് രണ്ട് പ്രധാന സൗകര്യങ്ങളും പ്രവർത്തിപ്പിക്കുന്നു. പസഫിക് ഭാഗത്ത് ബാൽബോവയും അറ്റ്‌ലാന്റിക് ഔട്ട്‌ലെറ്റിൽ ക്രിസ്റ്റോബലും.

കനാലിൽ കയറ്റി അയയ്ക്കുന്ന ഏകദേശം മൂന്നിൽ രണ്ട് ചരക്കുകളും യുഎസ് വിപണിയിൽ എത്തപ്പെടുന്നതാണ്. 'തുറമുഖ സംബന്ധമായ സൗകര്യങ്ങളിലേക്കുള്ള ചൈനയുടെ വിപുലീകരണം, കനാലിന്റെ നിഷ്പക്ഷതയെ അപകടപ്പെടുത്തുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നു.

യുഎസ് നോർത്തേൺ കമാൻഡിന്റെയും നോർത്ത് അമേരിക്കൻ എയ്റോസ്പേസ് ഡിഫൻസ് കമാൻഡിന്റെയും കമാൻഡർ ജനറൽ ഗ്ലെൻ വാൻഹെർക്ക് പറയുന്നതനുസരിച്ച്, 80 ശതമാനം ടെലികോമുകളും ചൈനീസ് കമ്പനികൾ നൽകുന്ന മെക്സിക്കോയുടെ കമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ ബീജിംഗിന്റെ സ്വാധീനത്തെക്കുറിച്ച് യുഎസ് സൈനിക നേതാക്കൾ ഭയം പ്രകടിപ്പിച്ചിട്ടുണ്ട്.