- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയേറ്റക്കാർക്ക് ഏത് ഭാഷയും സംസാരിക്കാം; ഏത് മതത്തിലും വിശ്വസിക്കാം; പക്ഷെ വേറൊരാളുടെ വിശ്വാസങ്ങളിൽ ഇടപെടരുത്; ഇംഗ്ലീഷ് പഠിക്കണം; രാജ്യത്തെ ബഹുമാനിക്കണം; കൺസർവേറ്റീവ് കോൺഫറൻസിൽ താരമായി ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ
ലണ്ടൻ: ഭൂതകാലം എന്നത് എന്നോ കഴിഞ്ഞുപോയ ഒന്നാണ്. ചരിത്രത്താളുകളിലെ അടിമക്കച്ചവടത്തിന്റെ കഥകളുടെ പേരിൽ പുതിയ തലമുറയിലെ വെള്ളക്കാർക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്ന് തുറന്നടിച്ച് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ. ഭൂതകാലങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള സാംസ്‌കാരിക യുദ്ധത്തെയായിരുന്നു അവർ പരാമർശിച്ചത്. കഴിഞ്ഞകാല സംഭവങ്ങളുടെ പേരിൽ ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും അവർ പറഞ്ഞു.
ഇടതുപക്ഷത്തിന് അവരുടെ ആശയങ്ങൾ വിറ്റു പോകണമെങ്കിൽ ആളുകളെ കൂടെക്കൂടെ പഴയ ചരിത്രങ്ങൾ ഓർമ്മിപ്പിക്കേണ്ടതുണ്ട് എന്ന് അവർ പറഞ്ഞു. അടിമത്തം ഉണ്ടായിരുന്നു എന്നത് ഒരു സത്യം തന്നെ ആകുമ്പോഴും അത് നിർത്തുന്നതിനും മുൻകൈ എടുത്തത് ബ്രിട്ടീഷ് ജനതയായിരുന്നു എന്ന് അവർ ഓർമ്മിപ്പിച്ചു. അതിൽ അഭിമാനം കൊള്ളുകയാണ് വേണ്ടത്. അതല്ലാതെ തീവ്ര ഇടതുപക്ഷക്കാർ ചെയ്യുന്നതു പോലെ വിദ്യാഭ്യാസ പാഠ്യ പദ്ധതികളിൽ നിന്നും സാമ്രാജ്യത്വം നീക്കും ചെയ്യുക,. നമ്മുടെ വീരനായകരെയെല്ലാം വില്ലൻ മാരാക്കുക തുടങ്ങിയ കാര്യങ്ങൾ അല്ലെന്നും അവർ പറഞ്ഞു.
അതൊക്കെ ഒരു രാജ്യത്തിന്റെ നന്മയിൽ വിശ്വസിക്കുന്ന സുമനസ്സുകളെ വഴിതെറ്റിക്കാനെ സഹായിക്കൂ എന്നും അവർ പറഞ്ഞു. ഞാൻ ബ്രിട്ടനെ സ്നേഹിക്കുന്നു എന്ന് പറയാൻ ഒട്ടും ലജ്ജിക്കുന്നില്ല എന്നും അവർ പറഞ്ഞു. ലണ്ടനിൽ നടന്ന നാഷണൽ കൺസർവേറ്റിസം കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ. അടിമക്കച്ചവടക്കാരും, സാമ്രാജ്യത്വ വിപുലീകരണത്തിൽ പങ്കാളികളും ആയിരുന്ന നിരവധിപേരുടെ പ്രതിമകൾ 2020-ലെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകാലത്ത് തകർക്കപ്പെട്ടു.
സാമ്രാജ്യത്വത്തിന്റെ പാടുകൾ മായ്ച്ചുകളയാൻ പാഠ്യ പദ്ധതി തന്നെ മാറ്റിയെഴുതണമെന്ന വാദമുണ്ടായി. അവർ ചൂണ്ടിക്കാണിച്ചു. കുടിയേറ്റക്കാരുടെ മകളായി ജനിച്ച താൻ, കുടിയേറ്റം കുറയ്ക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ നന്മയെ കരുതിയാണെന്നും അവർ പറഞ്ഞു. ഏകോപനമില്ലാത്ത കുടിയേറ്റം സംഭവിക്കരുത്. ബഹുസ്വരതയിലേക്ക് മാറുന്ന സമൂഹത്തിൽ ഐക്യമില്ലാതായാൽ അത് സമൂഹത്തിന്റെ നിലനിൽപിനെ തന്നെ ബാധിക്കും,അവർ പറഞ്ഞു.
ബ്രിട്ടനിലേക്ക് എത്തുന്നവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് പറഞ്ഞ അവർ, ഇവിടെയെത്തുന്നവർ തീർച്ചയായും ഇംഗ്ലീഷ് പഠിക്കണം എന്നവശ്യപ്പെട്ടു. അതുപോലെ ബ്രിട്ടീഷ് സംസ്‌കാരം മനസ്സിലാക്കണം, അതിനെ ബഹുമാനിക്കണം. അതൊന്നും ചെയ്യാതെ, ഞാൻ ഇവിടെയെത്തി ഇനി നിങ്ങൾ എന്റെ കാര്യങ്ങൾ നോക്കണം എന്നാവശ്യപ്പെടുന്നത് ശരിയല്ല എന്നും അവർ കൂട്ടിച്ചേർത്തു.
മൗറീഷ്യസിൽ നിന്നും കെനിയയിൽ നിന്നും തന്റെ മാതാപിതാക്കൾ ബ്രിട്ടനിലെത്തിയപ്പോൾ അവർ ബ്രിട്ടീഷ് സംസ്‌കാരത്തെ വാരിപ്പുണർന്നു. നമ്മുടെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള അത്മവിശ്വാസം പ്രകടിപ്പിച്ചില്ലെങ്കിൽ, നമ്മുടെ മൂല്യങ്ങളെ പ്രതിരോധിക്കാനുള്ള തന്റേടം കാണിച്ചില്ലെങ്കിൽ, ആളുകളെ ഏകോപിപ്പിക്കാൻ നമുക്ക് ഒന്നും ഇല്ലാതെയാകുമെന്നും അവർ പറഞ്ഞു. യു. കെയിലെക്ക് വരുന്നവരും യു കെ വിട്ട് പോകുന്നവരും തമ്മിലുള്ള അന്തരം 1 ലക്ഷത്തിൽ താഴെയാക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് അവർ പറഞ്ഞു. എന്നാൽ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത് ആറര ലക്ഷത്തോളം വരും എന്നും അവർ പറഞ്ഞു.
ചാനൽ വഴിയുള്ള അനധകൃത കുടിയേറ്റത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാഹചര്യത്തിൽ നിയമവിരുത്ത കുടിയേറ്റം തടയാനാണ് പ്രഥമ പരിഗണന കൊടുക്കേണ്ടതെങ്കിലും, നിയമ വിധേയമായ കുടിയേറ്റവും നിയന്ത്രിക്കേണ്ടതുണ്ട് എന്നും അവർ പറഞ്ഞു. തൊഴിൽ വിപണിയിൽ, പ്രത്യേകിച്ച് എൻ എച്ച് എസ് പോലുള്ള സ്ഥാപനങ്ങളിൽ ക്ഷാമം അനുഭവപ്പെടുമ്പോൾ ഇത്തരം കുറവുകൾ നികത്താൻ അനുയോജ്യമായ ഒരു കുടിയേറ്റ സമ്പ്രദായം ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, കുടിയേറ്റക്കാരുടെ എണ്ണം കുറച്ചുകൊണ്ടു വരണം.
അതിനായി നമ്മൾ തന്നെ മുൻകൈ എടുക്കണം. ആവശ്യത്തിന് ട്രക്ക് ഡ്രൈവർമാരെയും ഇറച്ചിവെട്ടുകാരെയും പഴം പെടുക്കുന്നവരെയും നിർമ്മാണ തൊഴിലാളികളേയുമൊക്കെ, നമ്മുടെ ഇടയിൽ നിന്ന് എന്തുകൊണ്ട് പരിശീലിപ്പിച്ച് എടുത്തുകൂടാ എന്നും അവർ ചോദിച്ചു. വർദ്ധിച്ചു വരുന്ന കുടിയേറ്റം, താമസ സൗകര്യം, പൊതുസേവനങ്ങൾ എന്നിവ നൽകുന്നതിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കും എന്ന് പറയുമ്പോൾ അതിനെ വംശീയതയായി കാണേണ്ടതില്ലെന്നും അവർ പറഞ്ഞു.
കുടിയേറ്റവുമായി ബന്ധപ്പെട്ട് സുവെല്ല ബ്രേവർമാൻ പറഞ്ഞത് സർക്കാർ നിലപാടുകൾ തന്നെയാണെന്ന് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ പറഞ്ഞു. തൊഴിലുടമകൾ കൂടുതലായി വിദേശ തൊഴിലാളികളെ ആശ്രയിക്കാതെ, സ്വദേശി തൊഴിലാളികളെ വാർത്തെടുക്കാൻ ദീർഘകാല നിക്ഷേപങ്ങൾക്ക് തയ്യാറാകണമെന്നും ഡൗണിങ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.സുവെല്ലയുടെ പ്രസംഗത്തിനിടയിൽ രണ്ടു തവണ തടസ്സം നേരിട്ടു. പരിസ്ഥിതി പ്രവർത്തകൻ എന്ന് അവകാശപ്പെട്ട് എത്തിയ ഒരു പുരുഷനായിരുന്നു ആദ്യം തടസ്സപ്പെടുത്തിയത്. പിന്നീട് ഒരു സ്ത്രീയും. ഇരുവരെയും സദസ്സിൽ നിന്നും പുറത്താക്കിയ ശേഷം സുവെല്ല പ്രസംഗം തുടരുകയായിരുന്നു.
മറുനാടന് ഡെസ്ക്