- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരിയുടെയും മേഗന്റെയും അമേരിക്കൻ വിപണി ഇടിഞ്ഞു; പിടിച്ചു നിൽക്കാൻ 9000 പൗണ്ടിന്റെ സ്വർണ്ണ വസ്ത്രമണിഞ്ഞ് രംഗത്ത്; പ്രതിച്ഛായ മാറ്റി കളത്തിൽ; ഡയാനയുടെ മരണം ഓർമ്മിപ്പിക്കുന്ന വിധം പാപ്പരാസി പിന്തുടരലും
രാജകൊട്ടാരം വിട്ടിറങ്ങിയ അന്നു മുതൽ ആരംഭിച്ചതാണ് ഹാരിയുടെ കഷ്ടകാലം. ഭാര്യയുടെ വാക്കുകൾ കേട്ട് സ്വന്തം കാലിൽ നിൽക്കാനെന്ന് പറഞ്ഞ് അമേരിക്കയിൽ എത്തിയ ഹാരി പലപ്പോഴും മേഗന്റെ നിഴലായി മാറുന്ന കാഴ്‌ച്ചയായിരുന്നു കണ്ടത്. വംശീയ വിവേചനത്തിന്റെ ഇര വാദം ഉയർത്തി സഹതാപം പിടിച്ചു പറ്റാനായിരുന്നു ആദ്യ ശ്രമം. ഓപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിലൂടെ അവർ ആ വഴിക്ക് ശ്രമം ആരംഭിച്ചു.
ലോകം ബഹുമാനിക്കുന്ന ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ചെളിവാരിയെറിയുന്നതിന്റെ ഒരു പരമ്പര തന്നെയായിരുന്നു പിന്നീട് കണ്ടത്. പോഡ്കാസ്റ്റും, നെറ്റ്ഫ്ളിക്സ് സീരീസുമൊക്കെയായി കളം നിറഞ്ഞു നിന്ന ഹാരിയേയും മേഗനെയും സാവധാനം ജനതക്ക് മടുക്കാൻ തുടങ്ങി. രാജകുടുംബത്തിന് നേരെ ആരോപണങ്ങൾ ഉയർത്തുക എന്ന സിംഗിൾ പോയിന്റ് അജണ്ടയുമായി എക്കാലവുമ്മഞ്ഞവെളിച്ചത്തിൽ തിളങ്ങി നിൽക്കാം എന്നത് അവരുടെ വ്യാമോഹം മാത്രമാണെന്ന് പിന്നീട് തെളിയുകയായിരുന്നു.
ഓർമ്മക്കുറിപ്പുകൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും അതിൽ പറഞ്ഞ പല കാര്യങ്ങളും ഹാരിക്ക് പാരയാവുകയായിരുന്നു. താൻ ചെറുപ്പത്തിൽ മയക്കുക്മരുന്ന് ഉപയോഗിച്ച കാര്യം ആത്മകഥയിൽ പരാമർശിച്ച ഹാരി അക്കാര്യം അമേരിക്കൻ വിസയ്ക്കുള്ള അപേക്ഷയിൽ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യം ഉയർന്നു. മയക്ക് മരുന്ന് ഉപയോഗിച്ചിട്ടുള്ളവർക്ക് പ്രത്യേക അനുമതിയോടെ മാത്രമെ വിസ നൽകുകയുള്ളു. അതിനു പുറമെ, അഫ്ഗാൻ യുദ്ധത്തിൽ താലിബാനികളെ കൊന്ന കാര്യം പറഞ്ഞ് വീരസ്യം നടിച്ചപ്പോൾ സുരക്ഷാ പ്രശ്നവും ഉയർന്നു.
അതിനിടയിൽ മേഗനെതിരെ സ്വന്തം സഹോദരി നൽകിയ മാനനഷ്ട കേസും ചർച്ചയായി. അതിനിടയിലാണ് പ്രശസ്ത കാർട്ടൂൺ പരിപാടിയായ സൗത്ത് പാർക്കിൽ, ഇരുവരെയും കളിയാക്കി കൊണ്ട് ദി വേൾഡ് വൈഡ് പ്രൈവസി ടൂർ എന്ന ഒരു എപ്പിസോഡ് വന്നത്. തങ്ങളുടെ സ്വകാര്യത മാനിക്കണം എന്ന ഹാരിയുടെയും മേഗന്റെയും മാധ്യമ പ്രവർത്തകരോടുള്ള ആവശ്യമായിരുന്നു ഇതിന് കാരണമായത്. വീട്ടിലെ അടുക്കളവിശേഷവും കിടപ്പറ വിശേഷവുമെല്ലാം മാധ്യമങ്ങളിലൂടെ വിളമ്പിയിട്ട് പിന്നെ എന്ത് സ്വകാര്യതയാണ് സംരക്ഷിക്കേണ്ടത് എന്ന ചോദ്യം ഉയർന്നു.
ഇതിനിടയിൽ രണ്ട് സുപ്രധാന ചടങ്ങുകളിൽ പങ്കെടുക്കാൻ ഇരുവരും ബ്രിട്ടനിലെത്തി. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിൽ ചടങ്ങിൽ പങ്കെടുക്കാൻ വലിയൊരു സംഘം ഫോട്ടോഗ്രാഫർമാരുമായി എത്തിയെങ്കിലും ഒന്നും നേടാനായില്ല. എലിസബത്ത് രാജ്ഞിയുടെ മരണാനന്തര ചടങ്ങുകളിലും കാര്യമായ പങ്ക് ലഭിച്ചില്ല. ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ ഹാരി എത്തിയെങ്കിലും, മൂന്നാം നിരയിലെ ഒരു സീറ്റിൽ ഇരുന്ന് ചടങ്ങുകൾ വീക്ഷിക്കേണ്ടതായി വന്നു.
അടുത്തിടെ നടന്ന അഭിപ്രായ സർവേകളിൽ, ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും ജനപ്രീതി കുറഞ്ഞ അംഗങ്ങളാണ് ഇരുവരും. ആൻഡ്രൂ രാജകുമാരൻ മാത്രമാണ് ഇവർക്ക് താഴെയുള്ളത്. ഇത്തരത്തിൽ ബ്രിട്ടീഷുകാരുടെ മമത നഷ്ടപ്പെട്ട ഹാരിയുടെയും മേഗന്റെയും ആശ്രയം അമേരിക്കൻ വിപണി ആയിരുന്നു. എന്നാൽ, അവിടെയും അവർക്ക് തികഞ്ഞ പരാജയമാണ് സംഭവിച്ചത്. പുത്തനച്ചിയുടെ പുരപ്പുറം തൂപ്പ് കഴിഞ്ഞപ്പോഴേക്കും എല്ലാവരും കൈയൊഴിഞ്ഞ മട്ടാണ്.
കൊട്ടിഘോഷിച്ച് നെറ്റ്ഫ്ളിക്സുമായും സ്പോർട്ടിഫൈയുമായും ഉണ്ടാക്കിയ കരാറുകൾ ഒന്നും തന്നെ ഇപ്പോൾ ചർച്ചാ വിഷയമാകുന്നില്ല. അങ്ങനെ കുറച്ചു കാലമായി സ്വയം ഉൾവലിയുകയായിരുന്നു ഹാരിയും മേഗനും. ഇതാ, ഇപ്പോൾ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് രാജ ദമ്പതികൾ.കഴിഞ്ഞ ദിവസം ന്യുയോർക്കിൽ നടന്ന എം എസ് ഫൗണ്ടേഷന്റെ അവാർഡ് ദാനചടങ്ങിൽ മേഗൻ അണിഞ്ഞൊരുങ്ങി എത്തിയതിന്റെ പ്രധാന ഉദ്ദേശ്യവും അതു തന്നെയായിരുന്നു.
9000 പൗണ്ട് വിലവരുന്ന സ്വർണ്ണവർണ്ണത്തിലുള്ള വസ്ത്രവും ധരിച്ചായിരുന്നു മേഗന് എത്തിയത്. മേഗന്റെ കണക്കുകൂട്ടലുകൾ പക്ഷെ പിഴച്ചില്ല., ചടങ്ങിൽ മുഖ്യ ആകർഷണമാകാൻ അവർക്ക് കഴിഞ്ഞു. നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിച്ച് വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് മടങ്ങിവരാനുള്ള ഒരു ശ്രമമായിരുന്നു അതെന്ന് വിമർശകർ പറയുന്നു. അതിനു പുറകെയായി ഒരു പാപ്പരാസി കഥയും പുറത്തു വരുന്നു.
ഹാരിയും, മേഗനും മേഗന്റെ അമ്മയും സഞ്ചരിച്ചിരുന്ന കാറിനെ പാപ്പരാസികൾ പിന്തുടർന്നു എന്നും , ഏകദേശം 2 മണിക്കൂറോളം നീണ്ട മത്സരയോട്ടത്തിൽ നിർവധി തവണ അപകടത്തെ മുഖാമുഖം കണ്ടു എന്നുമാണ് ഹാരിയുടെ ഒരു വക്താവ് പറഞ്ഞത്. ന്യുയോർക്കിൽ അവാർഡ് വാങ്ങി മടങ്ങുമ്പോഴായിരുന്നത്രെ സംഭവം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരിക്കേറ്റതായോ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായോ വിവരമില്ല.
ചില ഫോട്ടോഗ്രാഫർമാർ ഹാരിയുടെ കാറിന്റെ യാത്രക്ക് വിഘാതം സൃഷ്ടിച്ചു എന്ന് ന്യുയോർക്ക് പൊലീസ് വകുപ്പ് സ്ഥിരീകരിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നും അവർ പറഞ്ഞു. അതേസമയം ഏകദേശം ആറോളം കാറുകളാണ് ഹാരിയേയും മെഗനേയും പിന്തുടർന്നതെന്ന് ഹാരിയുടെ വക്താവ് അറിയിച്ചു. ട്രാഫിക് നിയമങ്ങൾ തെറ്റിച്ച്, കുവപ്പ് സിഗ്‌നലുകൾ വകവയ്ക്കാതെയും, പേവ്മെന്റിൽ അതിക്രമിച്ചു കയറിയുമൊക്കെയായിരുന്നു അവർ ഹാരിയുടെ വാഹനം തടയാൻ ശ്രമിച്ചതെന്നും വക്താവ് പറയുന്നു.
അതിനിടയിൽ അവരെ ഒരു കാബിൽ കയറ്റി വിടാൻ സെക്യുരിറ്റി ഉദ്യോഗസ്ഥർ ശ്രമിച്ചു. വഴിയിൽ ഒരു ഗാർബേജ് ട്രക്ക് കാരണം വഴി മുടങ്ങിയെന്നും അപ്പോൾ നിരവധി പാപ്പരാസി ഫോട്ടോഗ്രാഫർമാർ വന്ന് ചിത്രമെടുത്തെന്നു കാബ് ഡ്രൈവർ ബി ബി സിയോട് പറഞ്ഞു. എന്നാൽ, അപകടകരമാം വിധം കാർ ചേസിങ് നടന്നു എന്ന് പറയുന്നതൊക്കെ അല്പം അതിഭാവുകത്വം കലർത്തി പറയുന്നതായിരിക്കാം എന്നാണ് ടാക്സി ഡ്രൈവർ പറയുന്നത്. ഫോട്ടോഗ്രഫർമാർ അത്ര ആവേശ ഭരിതരോ അക്രമോത്സുകരോ ആയിരുന്നില്ലത്രെ.
പാപ്പരാസി എന്ന പദത്തിന് ആഗോളാടിസ്ഥാനത്തിൽ തന്നെ വലിയ പ്രചാരം കിട്ടിയത് ഡയാന രാജകുമാരിയുടെ മരണത്തിനു ശേഷമാണ്. ഇപ്പോൾ ഹാരിക്കും മേഗനും ചുറ്റും കൂടിയ ചില ഫോട്ടോഗ്രാഫർമാരെ കേന്ദ്ര ബിന്ദുക്കളായി കഥമെനയുന്നത് ആ ഓർമ്മൾ ഉണർത്താനാണോ എന്ന് ചിലർ ചോദിക്കുന്നു. നഷ്ടപ്പെട്ട അമേരിക്കൻ വിപണി തിരിച്ചു പിടിക്കാനുള്ള മറ്റൊരു ശ്രമം എന്നാണ് വിമർശകർ ഇതിനെ കുറിച്ച് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ