ന്യൂഡൽഹി: ജപ്പാനിലെ ഹിരോഷിമയിൽ ജി7 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ - യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. നേരത്തേ ഓൺലൈനിലൂടെ ഇരുനേതാക്കളും സംവദിച്ചിരുന്നു.

''റഷ്യ - യുക്രെയ്ൻ യുദ്ധം ലോകത്തിലെ വലിയ പ്രശ്‌നമാണ്. ഇത് സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്‌നമായി കാണുന്നില്ല. ഇത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഞാനും പറ്റുന്നതെല്ലാം ചെയ്യും'' സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ മോദി അറിയിച്ചു.

ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഹിരോഷിമയിൽ പ്രധാനമന്ത്രി മോദി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, കാനഡ, ജപ്പാൻ എന്നിവയാണ് ജി-7 അംഗരാജ്യങ്ങൾ. നിലവിൽ അധ്യക്ഷപദം കൈയാളുന്ന ജപ്പാൻ ഇന്ത്യയെയും മറ്റ് ഏഴുരാജ്യങ്ങളെയും ഉച്ചകോടിക്കായി പ്രത്യേകം ക്ഷണിച്ചത് പ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ എത്തിയത്.

റഷ്യയുടെ അധിനിവേശം നിയമവിരുദ്ധവും നീതീകരിക്കാനാവത്തതുമാണ്. പ്രകോപനമില്ലാതെയാണ് റഷ്യ യുക്രൈന്റെ പരമാധികാരത്തിനുമേൽ കടന്നുകയറിയതെന്നും ജി-7 രാഷ്ട്രനേതാക്കൾ സംയുക്തപ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ജപ്പാന്റെ ക്ഷണത്തെ തുടർന്നാണ് യുക്രെയ്ൻ പ്രസിഡന്റും ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ മാസം യുക്രെയ്ൻ വിദേശകാര്യ ഉപമന്ത്രി എമീനെ സപറോവ ഇന്ത്യ സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ, സെലൻസ്‌കി, പ്രധാനമന്ത്രിക്ക് അയച്ച കത്ത്, വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിക്ക് സപറോവ കൈമാറി.

റഷ്യ-യുക്രെയ്ൻ സംഘർഷം ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാനാകൂവെന്നും ഏത് സമാധാന ശ്രമങ്ങൾക്കും ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ നാലിന് സെലെൻസ്‌കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഏത് സമാധാന ശ്രമങ്ങൾക്കും സംഭാവന നൽകാൻ ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിനുമായി മോദി നിരവധി തവണ സംസാരിച്ചിട്ടുണ്ട്.