ലണ്ടൻ: അമിത വേഗതയിൽ വാഹനമോടിച്ച് പിടിക്കപ്പെട്ടതിനെ തുടർന്ന് ലഭിച്ച ശിക്ഷ ഒഴിവാക്കാൻ ശ്രമിച്ച ബ്രിട്ടീഷ് ഹോം സെക്രട്ടറിക്ക് സ്ഥാനം തെറിക്കുമോ? പിഴയും ഡ്രൈവിങ് ലൈസൻസിലെ പിഴ പ്പോയിന്റുകളും ഒഴിവാക്കാൻ ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തി എന്ന ആരോപണമാണ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ നേരിടുന്നത്. അതിനു പകരമായി സ്വകാര്യമായി സ്പീഡ് അവയർനെസ് കോഴ്സിൽ പങ്കെടുക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം എന്നും ആരോപണമുണ്ട്.

ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഉടൻ പ്രധാനമന്ത്രി ഋഷി സുനക് ഹോം സെക്രട്ടറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് തന്റെ ഉപദേഷ്ടാക്കളുമായി സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ മാത്രമെ എത്തിക്സ് കമ്മിറ്റിക്ക്, സുവെല്ല, മിനിസ്റ്റീരിയൽ കോഡിന് വിരുദ്ധമായി പ്രവർത്തിച്ചുവോ എന്ന് അന്വേഷിക്കാൻ കഴിയുകയുള്ളു.

എല്ലാ നടപടി ക്രമങ്ങളും പാലിച്ചു മാത്രമെ ഋഷി സുനക് ഈ വിഷയത്തിൽ എന്തെങ്കിലും നടപടികൾ എടുക്കുകയുള്ളു എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലണ്ടനിൽ തിരിച്ചെത്തിയാൽ ഉടൻ തന്നെ ഒരു നിഷ്പക്ഷ ഉപദേഷ്ടാവിന്റെ അഭിപ്രായം ഇക്കാര്യത്തിൽ തേടും. അതേസമയം, ജി 7 നടക്കുന്ന ഹിരോഷിമയിൽ ഈ സംഭവത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ ഋഷി സുവല്ലയെ പിന്താങ്ങിയില്ല എന്നതും ശ്രദ്ധേയമായി.

തനിക്ക് ഇതിന്റെ പൂർണ്ണ വിവരങ്ങൾ അറിയില്ലെന്നും, ഹോം സെക്രട്ടറിയുമായി സംസാരിച്ചില്ല എന്നുമായിരുന്നു ഋഷിയുടെ പ്രതികരണം. എന്നാൽ, അമിത വേഗത്തിൽ ഓടിച്ചതിന് അവർ ക്ഷമാപണം നടത്തുകയും പിഴ അടയ്ക്കുകയും പെനാൽറ്റി പോയിന്റുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഋഷി ചൂണ്ടിക്കാണിച്ചു.

പിഴയും പെനാൽറ്റി പോയിന്റും ഒഴിവാക്കാൻ സ്പീഡ് അവയർനെസ് കോഴ്സിൽ പങ്കെടുക്കണം. തന്റെ വകുപ്പിലെ ഉദ്യോഗസ്ഥരോട്, തനിക്കായി തീർത്തും സ്വകാര്യമായി അത്തരത്തിലുള്ള ഒരു കോഴ്സ് സംഘടിപ്പിക്കുവാൻ ആവശ്യപ്പെട്ടു എന്നാണ് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തത്. ഉദ്യോഗസ്ഥർ ആ ആവശ്യം നിരാകരിച്ചപ്പോൾ, തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്, കോഴ്സ് നൽകുന്ന സേവന ദാതാവിനെ അതിനായി പ്രേരിപ്പിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

സുവെല്ല ബ്രേവർമാൻ പിന്നീട് പിഴ ഒടുക്കുകയും, ഡ്രൈവിങ് ലൈസൻസിൽ പെനാൽറ്റി പോയിന്റുകൾ സ്വീകരിക്കുകയും ചെയ്തു. എങ്കിലും, സർക്കാർ ഉദ്യോഗസ്ഥരെ നിക്ഷിപ്ത താത്പര്യങ്ങൾക്ക് ഉപയോഗിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് ഇപ്പോൾ അവർ പ്രതിക്കൂട്ടിൽ ആയിരിക്കുന്നത്. ഇത് മിനിസ്റ്റീരിയൽ കോഡിന് എതിരാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

കാന്റന്ദ്ബറി ആർച്ച് ബിഷപ്പ് ഉൾപ്പടെ പല പ്രമുഖ വ്യക്തികളും അമിത വേഗത്തിന് ക്യാമറ കണ്ണുകളിൽ കുടുങ്ങിയിട്ടുണ്ട്. അവരെല്ലാം ശിക്ഷ സ്വീകരിക്കുകയായിരുന്നു എന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.