ലണ്ടൻ: അറ്റോർണി ആയിരുന്ന സമയത്ത് അമിതവേഗത്തിൽ കാറോടിച്ചതിന് വന്ന പിഴയും പെനാൽറ്റി പോയിന്റും ഒഴിവാക്കാൻ ഹോം സെക്രട്ടറി പദം ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിൽ സുവെല്ല ബ്രേവർമാന് കുരുക്ക് അഴിയുന്നു. പിഴയും പെനാൽറ്റി പോയിന്റുകളും ലഭിക്കുന്നതിനു പകരമായി സ്വകാര്യമായി പ്രത്യേക സ്പീഡ് അവയർനെസ്സ് കോഴ്സിൽ പങ്കെടുക്കാനായിരുന്നു സുവെല്ല ശ്രമിച്ചത്. ഉദ്യോഗസ്ഥർ ആവശ്യം നിരാകരിച്ചപ്പോൾ കോഴ്സ് നൽകുന്ന സേവന ദായകരെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അതിനായി പ്രേരിപ്പിക്കാൻ ശ്രമിച്ചു എന്നുമാരോപണമുണ്ടായിരുന്നു.

സൺഡേ ടൈംസ് ആയിരുന്നു ഈ വാർത്ത പുറത്തു കൊണ്ടുവന്നത്. തുടർന്ന് ഇന്ത്യൻ വംശജയായ സുവെല്ലയുടെ കേസ് ഇൻഡിപെൻഡന്റ് അഡൈ്വസർ ഓൺ എത്തിക്സിന് റഫർ ചെയ്യണമെന്ന് പ്രതിപക്ഷ നേതാക്കൾ ഋഷി സുനകിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, താൻ തന്റെ ഉപദേഷ്ടാക്കളുമായി ബന്ധപ്പെട്ടിരുന്നു എന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണങ്ങൾ ആവശ്യമില്ലെന്നാണ് ഉപദേശം ലഭിച്ചതെന്നും ഋഷി സുനക് പറഞ്ഞു.

ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിലും, സുവെല്ലാ ബ്രേവർമാനുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലും മിനിസ്റ്റീരിയൽ കോഡിന്റെ ലംഘനം ഇവിടെ നടന്നിട്ടില്ല എന്ന് മനസ്സിലാക്കുന്നതായി ഋഷി സുനക് സുവെല്ലക്ക് അയച്ച കത്തിൽ വ്യക്തമാക്കി. ഇതോടെ, കടുത്ത പ്രതിസന്ധിയിലായിരുന്ന സുവെല്ലക്ക് സ്ഥാനം നഷ്ടമാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

ഇത്തരത്തിലുള്ള ആരോപണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന് ഋഷി കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അതിനായി കരുതലുകൾ എടുക്കേണ്ടിയിരുന്നു. എന്നാൽ, പിഴയടക്കുകയും പെനാൽറ്റി പോയിന്റുകൾ സ്വീകരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്ത പശ്ചാത്തലത്തിൽ ഇത് ഇവിടെ അവസാനിക്കുന്നു എന്നും കത്തിൽ വ്യക്തമാക്കുന്നു. ഇത്തരമൊരു വിവാദത്തിനിടയായതിൽ ക്ഷമാപണം നടത്തി നേരത്തെ സുവെല്ല പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരുന്നു.

താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് ബ്രേവർമാനും പറയുന്നു. താൻ ശിക്ഷയിൽ നിന്നും ഒഴിവാകാൻ അധികാരം ഉപയോഗിച്ചു എന്നതരത്തിലായിരുന്നു ആരോപണങ്ങൾ ഉയർന്നത് എന്ന് അവർ പറയുന്നു. എന്നാൽ, ഒരു സമയത്തും ശിക്ഷയിൽ നിന്നും ഒഴിവാകാൻ ശ്രമിച്ചിട്ടില്ല എന്ന് അവർ പറഞ്ഞു. ഇനി സമാനമായ സംഭവങ്ങൾ ഉണ്ടായാൽ കൂടുതൽ സുതാര്യമായ രീതിയിൽ പ്രവർത്തിക്കുമെന്നും അവർ ഉറപ്പിച്ചു പറഞ്ഞു.