- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിലെ ഗെയ്റ്റ് തകർത്ത് ചീറിപ്പാഞ്ഞ് കാർ; ആളെ പിടികൂടി കൈവിലങ്ങിട്ട് പൊലീസ്; ആക്രമണ കാരണം വ്യക്തമല്ലെന്ന് പൊലീസ്; ഋഷി സുനകിനെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണോ എന്ന് ആശങ്ക ശക്തം
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന്റെ ഗെയ്റ്റുകൾ തകർത്ത് അകത്തേക്ക് കാറോടിച്ച് കയറ്റിയ ആളെ പൊലീസ് അറസ്റ്റ്‌ചെയ്തു.ഡൗണിങ് സ്ട്രീറ്റിനെ സംരക്ഷിക്കുന്ന ലോഹ ഗെയ്റ്റുകൾ ഇടിച്ച് ത്വെറിപ്പിച്ച് ഒരു വെള്ളി നിറത്തിലുള്ള കിയാ കാർ അതിവേഗം പോകുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വലിയൊരു ശബ്ദം കേട്ടെന്നും പിന്നീട് നോക്കിയപ്പോൾ പൊലീസ് കാർ വളഞ്ഞ് അതിനുള്ളിലേക്ക് തോക്ക് ചൂണ്ടി നിൽക്കുന്നതാണെന്നും ദൃക്സാക്ഷികൾ പറയുന്നു.
കാർ ഓടിച്ചിരുന്ന, 50 വയസ്സിന് മേൽ പ്രായമുള്ള വ്യക്തിയോട് പൊലീസ് പിന്നീട് നിലത്ത് കമഴ്ന്ന് കിടക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അയാളെ കൈവിലങ്ങ് അണിയിച്ച് കൊണ്ടുപോവുകയായിരുന്നു. കാറിനകത്ത് സ്ഫോടകവസ്തുക്കൾ ഉണ്ടോ എന്നറിയാൻ വിശദ പരിശോധനകൾ നടത്തുകയും ചെയ്തു. ഇന്നലെ വൈകിട്ട് 4.20 നായിരുന്നു സംഭവം നടന്നത്. ആ സമയത്ത് പ്രധാനമന്ത്രി ഋഷി സുനക് വസതിയിൽ ഉണ്ടായിരുന്നു.
ഇത് തീവ്രവാദ ബന്ധമുള്ള ആക്രമണമാകാം എന്നായിരുന്നു ആദ്യം സ്‌കോട്ട്ലൻഡ്യാർഡ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് അവർ അത് നിഷേധിച്ചു. തീവ്രവാദവുമായി ഈ സംഭവത്തെ ബന്ധിപ്പിക്കാനുള്ള തെളിവുകൾ ഒന്നും ലഭ്യമല്ലെന്നും നിലവിൽ ലോക്കൽ പൊലീസ് തന്നെയായിരിക്കും അന്വേഷിക്കുക എന്നും സ്‌കോട്ട്ലാൻഡ് യാർഡ് സ്ഥിരീകരിച്ചു. മെട്രോപോളിറ്റൻ പൊലീസിന്റെ കൗണ്ടർ ടെറർ കമാൻഡും അന്വേഷണത്തിൽ പങ്കാളിയളിയല്ല.
പ്രതിയുടെ ഈ പ്രകടനത്തിന് അയാളുടെ മാനസികാരോഗ്യം ഒരു കാരണമായിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുറ്റകരമായ വിധത്തിൽ നഷ്ടങ്ങൾ വരുത്തി എന്ന പേരിലാണ് ഇപ്പോൾ ഇയാളുടെ പേരിൽ കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്. എന്നാൽ, മാനസിക തകരാറുണ്ടെന്ന് തെളിഞ്ഞാൽ ഒരുപക്ഷെ കേസ് മാറ്റിയേക്കും. വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് ഗേയ്റ്റിനോട് അടുക്കുമ്പോൾ ഇയാൾ വാഹനമോടിച്ചിരുന്നത് മണിക്കൂറിൽ വെറും 2 മൈൽ വേഗതയിൽ ആയിരുന്നു എന്നാണ്.
അതുകൊണ്ടു തന്നെ, അയാളുടെ ലക്ഷ്യം എന്തായാലും സെക്യുരിറ്റി തകർത്ത് അകത്ത് കയറുക എന്നതു തന്നെയായിരുന്നു അയാൾ ഉദ്ദേശിച്ചത് എന്ന് വ്യക്തമാകുന്നു.വൈറ്റ്ഹാളിലേക്ക് ട്രഫൽഗർ സ്‌ക്വയറിൽ നിന്നും എത്തിയ കാർ പിന്നീട് റിവേഴ്സ് എടുത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ കാർ പാർക്കിന്റെ പ്രവേശന കവാടത്തിനു മുൻപിൽ എത്തുകയും പിന്നീട് അവിടെനിന്ന് ഡൗണിങ് സ്ട്രീറ്റ് കവാടത്തിലേക്ക് എത്തുകയുമായിരുന്നു എന്ന് വിവിധ വീഡിയോ ദൃശ്യങ്ങൾ പറയുന്നുണ്ട്.
നിരവധി സർക്കാർ ഉദ്യോഗസ്ഥർ ജോലി കഴിഞ്ഞ് പോകുന്ന സമയത്താണ് ഇത് നടന്നത്. കുറെയേറെ വിനോദ സഞ്ചാരികളും അവിടെയുണ്ടായിരുന്നു. ചെറിയ ചെറിയ കുറ്റകൃത്യങ്ങൾ വൈറ്റ്ഹാൾ പരിസരത്ത് അവഗണിക്കപ്പെടുകയാണെന്നും, അതുപോലുള്ള നിരവധി കുറ്റകൃത്യങ്ങളിൽ പെട്ട ഒന്നു മാത്രമാണ് ഈ സംഭവം എന്നും കൺസർവേറ്റീവ് എം പി ക്രിസ് ലോഡർ പറഞ്ഞു.
മറുനാടന്‍ ഡെസ്‌ക്