- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋഷി സുനകിൽ വിശ്വാസം അർപ്പിച്ച് ബ്രിട്ടീഷ് ജനത; 42 പരമ്പരാഗത ടോറി സീറ്റുകളിൽ നഷ്ടപ്പെട്ട മുൻകൈ വീണ്ടെടുത്ത് കൺസർവേറ്റീവുകൾ; ഇപ്പോഴൂം മുൻതൂക്കം ലേബറിനാണെങ്കിലും കുത്തക സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്ക മാറി
ലണ്ടൻ: ബോറിസ് ജോൺസന്റെ രാജിയും തുടർന്ന് അധികാരമേറിയ ലിസ് ട്രസ്സിന്റെ കെടുകാര്യസ്ഥതയും കൊണ്ട് എല്ലാ പ്രതീക്ഷകളും അവസാനിച്ച കൺസർവേറ്റീവ് പാർട്ടിക്ക് ഒരു പുതു ജീവൻ നൽകിയിരിക്കുകയാണ് ഋഷി സുനക് എന്ന ഇന്ത്യൻ വംശജൻ. പാർട്ടി തകർച്ചയെ അഭിമുഖീകരിക്കൻ തുടങ്ങിയതിനു ശേഷം ഇതാദ്യമായി കൺസർവേറ്റീവ് പാർട്ടിയുടെ ഉറച്ച സീറ്റുകളിൽ പാർട്ടി ഒരു തിരിച്ചു വരവ് നടത്തിയിരിക്കുന്നു. ബ്ലൂ വാൾ സീറ്റുകൾ എന്നറിയപ്പെടുന്ന ഈ സീറ്റുകളും പാർട്ടിക്ക് നഷ്ടപ്പെടുന്ന അവസ്ഥയിൽ ആയിരുന്നു എന്നോർക്കണം.
സുപ്രധാനമായ 42 നിയോജകമണ്ഡലങ്ങളിൽ കൺസർവേറ്റീവ് പാർട്ടി ഒരു പോയിന്റിന് ലേബർ പാർട്ടിക്ക് മുൻപിലെത്തി എന്നാണ് റെഡ്ഫീൽഡ് ആൻഡ് വിൽടൺ സ്ട്രാറ്റജീസ് സർവെ പറയുന്നത്. പരമ്പരാഗതമായി ടോറികൾ മേധാവിത്വം പുലർത്തിയിരുന്നതും എന്നാൽ സമീപകാലത്തായി അവർക്ക് പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരുന്നതുമായ തെക്കൻ മേഖലയിലെ സീറ്റുകളെയാണ് ബ്ലൂ വാൾ സീറ്റുകൾ എന്ന് വിളിക്കുന്നത്.
ഏറ്റവും പുതിയ സർവേയിൽ ഇവിടെ ടോറികൾക്ക് 34 ശതമാനത്തിന്റെ പിന്തുള ലഭിച്ചപ്പോൾ ലേബർ പാർട്ടിക്ക് 33 ശതമാനം പേരുടെ പിന്തുണയാണ് നേടാൻ കഴിഞ്ഞത്. ഏറ്റവും സുപ്രധാനമായ കാര്യം ഇവിടെ 22 ശതമാനം പിന്തുണ നേടി ലിബറൽ ഡെമോക്രാറ്റുകൾ അവരുടെ അടിത്തറ വിപുലപ്പെടുത്തി എന്നതാണ്. 2019-ലെ തെരഞ്ഞെടുപ്പിൽ ടോറികൾ തൂത്തുവാരിയ ഈ സീറ്റിൽ കഴിഞ്ഞ ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് അവർ ഒരു അഭിപ്രായ സർവേയിൽ മുൻപിലെത്തുന്നത്.
അതേസമയം, ബ്രിട്ടനിൽ മൊത്തത്തിൽ നോക്കിയാൽ ഇപ്പോഴും ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി ലേബർ പാർട്ടിയുടെ ഏറെ പുറകിലാണ്. ഏറ്റവും പുതിയ ഡാറ്റാപോൾ സർവേയിൽ ലേബർ പാർട്ടി ടോറികളേക്കാൾ 17 പോയിന്റുകൾക്കാണ് മുന്നിട്ട് നിൽക്കുന്നത്. ബ്ലൂ വോൾ സീറ്റുകളിൽ 1 പോയിന്റിന്റെ വ്യത്യാസംമാത്രമേ ടോറികൾക്ക് നേടാനായുള്ളു എങ്കിലും വ്യക്തിപരമായി നോക്കിയാൽ ഇവിടങ്ങളിൽ ഋഷി സുനകിനുള്ള പിന്തുണ ലേബർ നേതാവ് സർ കീർ സ്റ്റാർമറിന് ഉള്ളതിനേക്കാൾ വളരെയേറെകൂടുതലാണ്.
ആരായിരിക്കും നല്ല പ്രധാനമന്ത്രി എന്ന ചോദ്യത്തിന് 42 ശതമാനംപേർ ഋഷി സുനകിന്റെ പേര് പറഞ്ഞപ്പോൾ സ്റ്റാർമറെ പിന്തുണച്ചത് 32 ശതമാനം പേർ മാത്രമായിരുന്നു. ഇതു തന്നെ സൂചിപ്പിക്കുന്നത്, ഒരു വൻ തകർച്ചയിൽ നിന്നും പാർട്ടിയെ ഇത്രയെങ്കിലും കരകയറ്റിയത് ഋഷി സുനക് എന്ന ഒരൊറ്റ നേതാവിന്റെ പ്രയത്നങ്ങൾ ആണെന്നാണ്. ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന ലീഡാണ് ഇത്തവണ സ്റ്റാർമർക്ക് മേൽ ഋഷിക്ക് കൈവരിക്കാനായത്.
അതുപോലെ ഋഷി സുനകിന്റെ നയങ്ങളെയും പ്രവർത്തനത്തെയും പിന്താങ്ങുന്നവരുടെ എണ്ണവും കൂടിയിരിക്കുന്നു. ബ്ലൂ വോൾ നിയോജകമണ്ഡലങ്ങളിൽ 39 ശതമാനം പേർ ഋഷിയുടെ നയങ്ങളെ അനുകൂലിച്ചപ്പോൾ 36 ശതമാനം പേരാണ് എതിർത്തത്. അതേസമയം സ്റ്റാർമറുടെ പ്രവർത്തനങ്ങളെ 33 ശതമാനം പേർ അംഗീകരിക്കുമ്പോൾ 31 ശതമാനം പേർ എതിർക്കുകയാണ്. അതേസമയം, ലിബറൽ ഡെമോക്രാറ്റിക് നേതാവ് സർ എഡ് ഡേവിയുടെ പ്രവർത്തനങ്ങളെ 22 ശതമാനം പേർ അംഗീകരിക്കുമ്പോൾ 22 ശതമാനം പേർ എതിർക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ ഋഷിക്ക് അനുകൂലമായി +3 പോയിന്റുകൾ വന്നപ്പോൾ സ്റ്റാർമർക്ക് ലഭിച്ചത് പ്ലസ് ടു മാത്രമാണ്. ഡേവിക്ക് പൂജ്യവും.
മറുനാടന്‍ ഡെസ്‌ക്