ലണ്ടൻ: പരിശുദ്ധ ആര്യ രക്തത്തിന്റെ പേര് പറഞ്ഞ് യഹൂദന്മാരെ കൂട്ടക്കൊല നടത്തിയ ഹിറ്റ്ലറുടെ നാളുകൾ തിർച്ചു വരുമോ? ബ്രിട്ടനിലാകമാനം വളർന്ന് വരുന്ന പുതിയ നവ നാസിസത്തെ കുറിച്ച് സണ്ഡേ മെയിൽ പുറത്ത് വിട്ടിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പ്രച്ഛന്ന വെഷത്തിലെത്തിയ അവരുടെ ഒരു റിപ്പോർട്ടർ പങ്കെടുത്ത ഒരു രഹസ്യയോഗത്തിൽ നടന്നത് അത്തരത്തിലുള്ള ചർച്ചകളായിരുന്നു. ന്യു ബ്രിട്ടീഷ് യൂണിയൻ (എൻ ഡബ്ല്യൂ യു എന്ന, സമഗ്ര ആര്യനിസം പ്രചരിപ്പിക്കുന്ന സംഘടയാണ് നവനാസിസത്തിന്റെ ബ്രിട്ടനിലെക്കുള്ള കടന്നു വരവിന് കളമൊരുക്കുന്നത്.

ഓസ്വാൾദ് മോസ്ലിയുടെ ബ്രിട്ടീഷ് യൂണിയൻ ഓഫ്ഫാസിസ്റ്റ്സിന്റെ വൃത്തത്തിനുള്ളിൽ മിന്നൽ ചിഹ്നം ആലേഖനം ചെയ്ത പതാകക്ക് മുന്നിൽ നിന്നായിരുന്നു കറുത്ത കുപ്പായമണിഞ്ഞ അനുയായികളെ യൂണിയന്റെ ഉപനേതാവ് ക്ലൈവ് ജോൺസ് അഭിസംബോധന ചെയ്തത്. അക്കൂട്ടത്തിൽ ചിലർ നാസി യൂണിഫോം ധരിച്ചും എത്തിയിരുന്നു. നിരോധിക്കപ്പെട്ട ബോംബ് നിർമ്മാണത്തെ കുറിച്ചുള്ള ലഘു പുസ്തകം അംഗങ്ങൾക്ക് നൽകുമെന്ന നിർദ്ദേശവും സമ്മേളനത്തിൽ ഉയർന്നു.

കൂട്ടം ചേർന്നല്ലാതെ ഒറ്റ തിരിഞ്ഞ് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഒരു നേതാവ് നൽകുമെന്ന് ജോൺസ് പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്താൻ തയ്യാറുള്ള തീവ്ര വലതുപക്ഷക്കാരായവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. മാത്രമല്ല, ബോംബ് നിർമ്മാണം ഉൾപ്പടെയുള്ള കാര്യങ്ങൾ പ്രതിപാദിക്കുന്ന, തീവ്രവാദത്തിന്റെ കൈപ്പുസ്തകം എന്നറിയപ്പെടുന്ന അനാർക്കിസ്റ്റ് കുക്ക് ബുക്ക് എന്ന പുസ്തകത്തിന്റെ പതിപ്പുകളും അവർക്ക് നൽകും. ഇത് ബ്രിട്ടനിൽ നിരോധിക്കപ്പെട്ട പുസ്തകമാണ്.

തുനിഞ്ഞിറങ്ങിയാൽ ഇവിടെ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് ജോൺസ് തന്റെ അനുയായികളോട് പറഞ്ഞത്. വെബ്സൈറ്റിൽ നാസി മുദ്രകൾ വഹിക്കുന്ന ന്യു ബ്രിട്ടീഷ് യൂണിയൻ അവകാശപ്പെടുന്നത് തങ്ങൾക്ക് ആയിരക്കണക്കിന് അംഗങ്ങൾ ഉണ്ടെന്നാണ്. മാത്രമല്ല, 1930 കളിൽ ബ്രിട്ടീഷ് യൂണിയൻ ഓഫ് ഫാസിസ്റ്റ്സ് രൂപീകരിച്ച് ഫാസിസത്തിന് ബ്രിട്ടനിൽ വേരോട്ടമുണ്ടാക്കാൻ ശ്രമിച്ച മോസ്ലിയെ ഇവർ മഹത്വവത്ക്കരിക്കുന്നുമുണ്ട്..

ഏഷ്യാക്കാരും മുസ്ലീങ്ങളും ബ്രിട്ടന്റെ ഏറെഭാഗങ്ങൾ കൈയേറിക്കഴിഞ്ഞെന്നും, കുടിയേറ്റക്കാർ സ്വന്തമാക്കിയ ഇടങ്ങൾ തിരിച്ചു പിടിക്കാൻ ബലം പ്രയോഗിക്കേണ്ടി വരുമെന്നും ഇവർ പറയുന്നു. ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യം ഇവർ സമാന മനസ്‌കരുമായി അന്താരാഷ്ട്ര ബന്ധങ്ങളും സ്ഥാപിച്ചു കഴിഞ്ഞു എന്നതാണ്. 2021 ജനുവരിയിൽ,അമേരിക്കൻ പാർലമെന്റ് കലാപത്തിൽ പങ്കുണ്ടെന്ന്കരുതപ്പെടുന്ന അമേരിക്കയിലെ തീവ്ര വലതുപക്ഷക്കാർ ഉൾപ്പടെ പലരുമായും ഇവർ ബന്ധം സ്ഥാപിച്ചു കഴിഞ്ഞു എന്നത് ഏറെ ഞെട്ടലുണ്ടാക്കുന്ന വസ്തുതയാണ്.

ഈ രഹസ്യ യോഗത്തിലെ പ്രസംഗങ്ങൾ എല്ലാം മെയിൽ ഓൺ സൺഡെ ലേഖകൻ ക്യാമറയിൽ അതീവ രഹസ്യമായി പകർത്തിയിട്ടുണ്ട്. അതിൽ പങ്കെടുത്ത യുവാക്കളിൽ പലരും സമൂഹ മാധ്യമങ്ങളിൽ, ഹിറ്റലർ മാതൃകയിലുള്ള അഭിവാദ്യ രീതികളും , ആയുധങ്ങളേന്തിയ ചിത്രങ്ങളുമായി നിറഞ്ഞു നിൽക്കുന്നവരുമാണ്. തന്റെ പ്രസ്താവനകൾ ഒരു തമാശയാണെന്ന് ജോൺസ് പിന്നീട് പറഞ്ഞുവെങ്കിലും ബ്രിട്ടനിൽ തീവ്ര വലതുപക്ഷം ശക്തി പ്രാപിക്കുന്നു എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്.

ഇപ്പോൾ സർക്കാരിന്റെ തീവ്രവാദ വിരുദ്ധ നടപടികൾക്ക് ഇസ്ലാമിക തീവ്രവാദികളേക്കാൾ കൂടുതൽ വിധേയരാകുന്നത് തീവ്ര വലതുപക്ഷക്കാരാണെന്നത് ഇതിന് തെളിവാണ്. ലേബർ എം പി ജോ കോക്സിന്റെ കൊലപാതകത്തെ പിന്തുണച്ച നാഷണൽ ആക്ഷൺ ഉൾപ്പടെയുള്ള പല തീവ്ര വലതുപക്ഷ സംഘടനകളെയും ഇപ്പോൾ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിൽ അംഗങ്ങൾ ആകുന്നതുപോലും ബ്രിട്ടനിൽ ഒരു കുറ്റകൃത്യമായിട്ടാണ് പരിഗണിക്കപ്പെടുക.

വിരമിച്ച ഗണിതശാസ്ത്ര അദ്ധ്യാപകനായ ജോൺസിന്റെ നേതൃത്വത്തിലായിരുന്നു ഈ യോഗം നടന്നത്. ബീജദാനത്തിലൂടെ 140 കുട്ടികളുടെ പിതാവായി എന്ന് അവകാശപ്പെടുന്ന ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവുമധികം സന്താനപുഷ്ടിയുള്ള ബീജദാതാവ് എന്നാണ്. സ്ത്രീകളെ സഹായിക്കുക എന്നതാണ് തന്റെ കടമ എന്ന് ജോൺസ് പറയുമ്പോൾ, വെള്ളക്കാരുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജോൺസ് ബീജദാനം നടത്തുന്നതെന്ന് വിമർശകർ ആരോപിക്കുന്നു.

ലേക്ക് ഡിസ്ട്രിക്ടിലെ ഒരു കാർ പാർക്കിൽ ഒത്തു ചേർന്നതിനു ശേഷം മാത്രമായിരുന്നു അംഗങ്ങൾക്ക് യോഗം നടക്കുന്ന സ്ഥലം എവിടെയാണെന്ന വിവരം കൈമാറിയത്. ഈമോണ്ട് ബ്രിഡ്ജിനു സമീപമുള്ള വില്ലേജ് ഹോളിൽ വച്ചായിരുന്നു ഇത് നടന്നത്. കാർപാർക്കി ഒത്തുകൂടിയവർ പിന്നീട് അങ്ങോട്ട് പോവുകയായിരുന്നു. ഒരു പ്രാദേശിക കൃസ്ത്യൻ മിഷിണറിയുമായി ബന്ധപ്പെട്ട് കുട്ടികളുടെയും അവശരുടെയും ക്ഷേമത്തിനായി പ്രവർത്തിച്ചിരുന്ന കെൻ കിയെഴ്സി ആയിരുന്നു ഉദ്ഘാടന പ്രസംഗം നടത്തിയത്. തീവ്ര വലതുപക്ഷ സംഘടനയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ മെഷിണറിയുടെ ചുമതലകളിൽ നിന്നും പുറത്താക്കിയിരുന്നു.

തകർന്നടിഞ്ഞ രാജ്യത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള സമയം ഫാസിസത്തിന് ആഗതമായിരിക്കുന്നു എന്നാണ് 61 കാരനായ കെൻ തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞത്. സ്വസ്തിക ചിഹ്നം പച്ച കുത്തിയത് അഭിമാനപൂർവ്വം എടുത്തു കാണിച്ച അയാൾ തങ്ങളുടെ പ്രദേശങ്ങളിൽ പുതിയതായി യുവാക്കളെ സംഘടനയിൽ ചേർക്കുന്നതിന് നവ നാസി സെല്ലുകൾ രൂപീകരിക്കാനും ആഹ്വാനം ചെയ്തു.

മാർക്സിസിസ്റ്റുകളുടെയും തീവ്ര ഇടതുപക്ഷക്കാരുടെയും അടുത്ത് നിന്ന് ഉണ്ടായെക്കാവുന്ന ആക്രമണങ്ങളിൽ നിന്നും യൂണിയൻ അംഗങ്ങളെ സംരക്ഷിക്കാൻ ബ്ലാക്ക് ഷർട്ട് സെക്യുരിറ്റീസ് എന്നൊരു സൈനിക വിഭാഗത്തിന് രൂപം നൽകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. മുൻ ബ്രിട്ടീഷ് നാഷണലിസ്റ്റ് പാർട്ടി പാർലമെന്റ് സ്ഥാനാർത്ഥിയും, ബ്രിട്ടൻ ഫസ്റ്റ്അംഗവുമായി ന്യു ബ്രിട്ടീഷ് യൂണീയൻ സ്ഥാപകൻ ഗ്രേ റെയ്ക്സ് ആരോഗ്യപരമായ കാരണങ്ങളാൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

ഫാസിസ്റ്റുകളുടെ പതിവ് ശൈലിയിൽ ചരിത്രത്തെ വരെ നിരാകരിച്ചുകൊണ്ടുള്ളതായിരുന്നു ജോൺസിന്റെ പ്രസംഗം. രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മനി ബ്രിട്ടീഷ് ആക്രമിച്ച ബാറ്റിൽ ഓഫ് ബ്രിട്ടൻ നടന്നിട്ടേയില്ല എന്ന രീതിയിലായിരുന്നു അയാൾ ചരിത്രത്തെ തിരുത്തി എഴുതിയത്.