കീവ്: പുലി പതുങ്ങിയത് കുതിക്കാനാണെന്ന് ഉറപ്പിച്ച് പറഞ്ഞുകൊൺ യുൽരെയിൻ സൈന്യം പ്രത്യാക്രമണം തുടങ്ങിയപ്പോൾ പ്രതിരോധിക്കാനാകാതെ റഷ്യൻ സൈന്യം. ആഴ്‌ച്ചകളോളം നീണ്ട അണിയറക്കുള്ളിലെ ഒരുക്കത്തിനു ശേഷമാണ് യുക്രെയിൻ ആക്രമണം ആരംഭിച്ചത്. ഇതുവരെ പ്രതിരോധത്തിൽ ഊന്നി മാത്രം നിന്നിരുന്ന യുക്രെയിൻ തിരിച്ചടിക്കാൻ തുടങ്ങിയതോടെ പ്രതീക്ഷിച്ചതിലും ദുർബലമാണ് റഷ്യൻ പ്രതിരോധം എന്ന് പാശ്ചാത്യ നിരീക്ഷകർ പറയുന്നു.

അധിനിവേശം ആരംഭിച്ച് 16 മാസങ്ങൾക്ക് ശേഷമാണ് യുക്രെയിൻആക്രമണമുഖത്തേക്ക് എത്തുന്നത്.ബ്രിറ്റീഷ് പരിശീലനം ഉൾപ്പടെ ലഭിച്ച യുക്രെയിൻ സേന നൊവോഡോണേട്സ്‌കിൽ ഏകദേശം അഞ്ചോ ആറോ കിലോമീറ്റർ മുന്നേറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നത്. പ്രദേശത്തിന്റെ നിയന്ത്രണത്തിനായി കടുത്ത പോരാട്ടം തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.

നിലവിൽ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശത്ത് യുക്രെയിന് ചില നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതായി ക്രെംലിനുമായി ബന്ധം പുലർത്തുന്ന ബ്ലോഗർ സെമ്യോൺ പെഗോവ് പറയുന്നു. യുദ്ധം ചൂടുപിടിച്ചുകഴിഞ്ഞിരിക്കുന്നു എന്നും ബ്ലോഗർ കുറിക്കുന്നു. 600 മൈൽ വ്യാപിച്ചു കിടക്കുന്ന യുദ്ധ മുഖത്ത് പലയിടെങ്ങളിലും യുക്രെയിൻ റഷ്യൻ സൈന്യത്തിനെതിരെ ആക്രമണം അഴിച്ചു വിട്ടു. തെക്ക് കിഴക്കൻ യുക്രെയിനിൽ രണ്ടാം ദിവസവും റഷ്യ പ്രതിരോധത്തിലേക്ക് മാറുകയാണ്.

പ്രത്യാക്രമണങ്ങൽ വർദ്ധിപ്പിക്കുകയാണെന്ന് യുക്രെയിൻ പറയുമ്പോൾ, കുറഞ്ഞത് ഒരു ആക്രമണ ശ്രമമെങ്കിലും പൊളിക്കാൻ ആയതായി റഷ്യ അവകാശപ്പെടുന്നു. എന്നാൽ, റഷ്യ പറയുന്നത് മുഴുവൻ വ്യാജമാണെന്ന നിലപാടാണ് യുക്രെയിൻ സ്വീകരിച്ചിരിക്കുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് യുക്രെയിൻ കടുത്ത നിയന്ത്രണങ്ങ്ൾ ഏർപ്പെടുത്തിയതോടെ റഷ്യൻ ബ്ലോഗർമാരിലൂടെയാണ് യുദ്ധവാർത്തകൾ പുറത്തെത്തുന്നത്. ബാഖ്മത്ത് നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങൾ യുക്രെയിൻ സൈന്യം പിടിച്ചെടുത്തതോടെ പുടിന്റെ കൂലിപ്പട്ടാളമായ വാഗ്നാർ സൈന്യത്തിന്റെ തലവനും റഷ്യൻ സൈനിക മേധാവികൾക്കെതിരെ രംഗത്തെത്തി.

അതിനിടയിൽ റഷ്യൻ സൈന്യവും വാഗ്നാർ സേനയും തമ്മിലുള്ള പോരും മുറുകിയിരിക്കുകയാണ്. വാഗ്‌നാർ സേനയുടെ ഒരു സപ്ലൈ വാഹനത്തിനു നേരെ വെടിയുതിർത്ത ഒരു റഷ്യൻ കേണലിലെ വാഗ്‌നാർ സൈന്യം പിടികൂടി വിചാരണ ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. താൻ, ഡ്യുട്ടിയിലായിരിക്കുമ്പോൾ മദ്യപിച്ചിരുന്നതായും, മദ്യത്തിന്റെ ലഹരിയിലായിരുന്നു വെടിയുതിർത്തതെന്നും അയാൾ വീഡിയോയിൽ പറയുന്നുണ്ട്.