- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രെയിനിലെ ഡാം തകർത്തത് റഷ്യയെന്നു തന്നെ സൂചന; അപകടത്തിൽ ആയിരങ്ങൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡാം പൊട്ടി വെള്ളം കുതിച്ചതോടെ മുങ്ങിയത് അനേകം ചെറു പട്ടണങ്ങളും ഗ്രാമങ്ങളും
തെക്കൻ യുക്രെയിനിലെ ഖേഴ്സൺ പ്രവിശ്യയിലെ അണക്കെട്ട് തകർത്തത് റഷ്യ തന്നെയെന്ന് അമേരിക്കൻ ഇന്റലിജൻസ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. ജലവൈദ്യൂത പദ്ദതിയുടെ ഭാഗമായിരുന്ന കഖോവ്ക് അണക്കെട്ട് തകർന്നതിന്റെ കാരണം പറയാൻ ആകില്ലെന്നാണ് വൈറ്റ്ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചതെങ്കിലും ഇതിനു പിന്നിൽ റഷ്യയാണെന്ന് ഉറപ്പിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷമായി റഷ്യയുടെ നിയന്ത്രണത്തിലിരിക്കുന്ന പ്രദേശത്തെ അണക്കെട്ട് തകർത്തതിനു പിന്നിൽ റഷ്യൻ സൈന്യമാണെന്ന റിപ്പോർട്ടുകൾ വിശകലനം ചെയ്തു കൊണ്ടിരിക്കുകയാണെന്നാണ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡീ ക്ലാസിഫൈ ചെയ്യുന്നതിനുള്ള ശ്രമത്തിലാണെന്ന് ചില ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറിയിച്ചതായി എൻ ബി സി ന്യുസ് റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും നിപ്രൊ നദിയിലെ അണക്കെട്ട് തകർന്ന സംഭവത്തിൽ നിരവധി പേർ മരണമടഞ്ഞതായും അനേകം പേരെ കുടിയൊഴിപ്പിക്കേണ്ടി വന്നതായും റിപ്പോർട്ടുകൾ പറയുന്നു. സിവിലിയൻ ഘടനകൾ തകർക്കുന്നത് യുദ്ധക്കുറ്റമായിട്ടാണ് അന്താരാഷ്ട്ര നിയമങ്ങൾ കണക്കാക്കുന്നതെന്നും കിർബി ചൂണ്ടിൂക്കാട്ടി.
വീടുകൾ ഒഴുകിപ്പോകുന്നതിന്റെയും പ്രളയത്തിൽ അനേകം ചെറുപട്ടണങ്ങൾ വെള്ളത്തിൽ മുങ്ങുന്നതിന്റെയും ഞെട്ടിക്കുന്ന വീഡിയൊ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തെക്കൻ യുക്രെയിനിൽ, റഷ്യൻ സൈന്യത്തെയും യുക്രെയിൻ സൈന്യത്തെയും വേർതിരിക്കുന്ന നിപ്രോ നദിയിലെ കഖോവ്ക അണക്കെട്ട് ഒന്നിലധികംസ്ഫോടനങ്ങളുടെ ഫലമായി തകർന്നതായി യുക്രെയിൻ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. നദിയുടെ വലതു ഭാഗത്തെ കരയിലുണ്ടായിരുന്ന പത്തോളം ഗ്രാമങ്ങളിലേയും ഖെർസൺ നഗരത്തിലെ ചില ഭാഗങ്ങളിലേയും ആളുകൾക്ക് എല്ലാം ഉപേക്ഷിച്ച് പോകേണ്ടി വന്നതായും മന്ത്രാലയം അറിയിച്ചു.
പട്ടണങ്ങളും ഗ്രാമങ്ങളും മുങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റഷ്യ അവരോധിച്ച നഗര മേയർ പറഞ്ഞത് അടുത്ത് 72 മണിക്കൂറിൽ ജല നിരപ്പ് ഇനിയും ഉയരാൻ ഇടയുണ്ട് എന്നാണ്. ചിലയിടങ്ങളിൽ 40 അടി ഉയരത്തിൽ വരെ വെള്ളം കയറിയതായും മേയർ അറിയിച്ചു. റഷ്യ അണക്കെട്ട് തകർക്കുകയായിരുന്നു എന്നാണ് യുക്രെയിൻ ആരോപിക്കുന്നത്. അതേസമയം, യുക്രെയിനാണ് അട്ടിമറിക്ക് പിന്നിലെന്നായിരുന്നു റഷ്യയുടെ പ്രതികരണം.
ഖേഴ്സൺ നഗരത്തിലെ ചിലയിടങ്ങളിൽ ജലനിരപ്പ് 9 അടിവരെ ഉയർന്നതായി നഗരവാസികൾ പറയുന്നു. കഴിഞ്ഞവർഷം റഷ്യൻ സൈന്യം മേഖലയിലെക്ക് കടക്കുന്നതിനു മുൻപായി അണക്കെട്ടിൽ ഷെൽ വർഷം നടത്തിയതായി യുക്രെയിൻ ആരോപിച്ചിരുന്നു. മാത്രമല്ല, ഇത്തവണ സ്ഫോടനം ഉണ്ടായത് എഞ്ചിൻ റൂമിൽ ആണെന്നുള്ളത് സ്ഫോടനത്തിനു പിന്നിൽ ബാഹ്യ ശക്തികളേക്കാൾ ആന്തരിക ശക്തികൾ ഉണ്ടാകാനാണ് സാധ്യത എന്നതിലേക്കും വിരൽ ചൂണ്ടുന്നു.
നേരത്തെ തന്നെ റഷ്യയും യുക്രെയിനും അണക്കെട്ട് തകർക്കാൻ ശ്രമിക്കുന്നതായി പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 24 ന് യുദ്ധം ആരംഭിച്ച സമയത്തു തന്നെ റഷ്യ ഈ അണക്കെട്ട് പിടിച്ചെടുത്തിരുന്നു. നൂറോളം ഗ്രാമങ്ങൾ മുങ്ങിപ്പോയിട്ടുണ്ട് എന്നാണ് വേൾഡ് ഡാറ്റ ഫോർ ജിയോ ഇൻഫോമാറ്റിക്സ് പറയുന്നത്.
റഷ്യൻ അധീനതയിലുള്ള സപീറിഷിയയിലെ ആണവ കേന്ദ്രത്തെ തണുപ്പിക്കുന്നതിൻ പ്രധാനമായും ഈ അണക്കെട്ടിൽ നിന്നുള്ള ജലമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ അണക്കെട്ട് തകർന്നത് വലിയ ഗുരുതര പ്രശ്നങ്ങൾക്ക് വഴിതെളിച്ചേക്കാം എന്ന് വിദഗ്ദ്ധർ പറയുന്നു. ഏതായാലും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സെലെൻസ്‌കി ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ