ന്യൂഡൽഹി: എഞ്ചിൻ തകരാറിനെ തുടർന്ന് റഷ്യയിലെ മാഗദാനിൽ സുരക്ഷിതമായി ഇറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് ഭക്ഷണം അടക്കം അത്യവശ്യ വസ്തുക്കൾ മുംബൈയിൽ നിന്നും എത്തിച്ചു നൽകാൻ നീക്കം. മുംബൈയിൽ നിന്ന് മറ്റൊരു വിമാനം റഷ്യയിലേക്ക് തിരിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. നിലവിൽ വിമാനത്തിന്റെ തകരാർ സംബന്ധിച്ചുള്ള പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സംഭവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

ഡൽഹിയിൽ നിന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലേക്ക് പറന്ന എയർ ഇന്ത്യയുടെ നോൺ സ്റ്റോപ് വിമാനമാണ് എഞ്ചിനിലെ സാങ്കേതിക തകരാർ മൂലം റഷ്യയിൽ ഇറക്കിയത്. എഞ്ചിനിലെ സാങ്കേതിക തകരാറ് മൂലമാണ് റഷ്യയിലെ മാഗദാനിൽ വിമാനം അടിയന്തരമായി ഇറക്കിയതെന്നാണ് എയർ ഇന്ത്യ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

216 യാത്രക്കാരും 16 ജീവനക്കാരുമായി പറന്ന എഐ 173 വിമാനമാണ് റഷ്യയിൽ ഇറക്കിയത്. ഇവരെ സുരക്ഷിത ഇടങ്ങളിൽ താമസിപ്പിച്ചതായി കുറിപ്പിൽ വ്യക്തമാക്കുന്നു. റഷ്യൻ തലസ്ഥാന നഗരിയായ മോസ്‌കോയിൽ നിന്ന് 10,000 കിലോമീറ്റർ ദൂരത്തിലാണ് നിലവിൽ യാത്രക്കാരുള്ളത്. വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിസന്ധിയും യാത്രക്കാർ നേരിടുന്നുണ്ട്.

എല്ലാവരേയും താമസിപ്പിക്കാൻ തക്കതായ ഹോട്ടലുകളും മറ്റും സൗകര്യങ്ങളും ഇല്ലാത്തതുകൊണ്ട് പ്രാദേശിക സർക്കാരിന്റെ സഹായത്തോടെ ഡോർമറ്ററികളിലും തൊട്ടടുത്തുള്ള സ്‌കൂൾ കെട്ടിടങ്ങളിലുമാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അമേരിക്കൻ പൗരന്മാരും വിമാനത്തിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ എത്ര പേർ വിമാനത്തിൽ ഉണ്ട് എന്ന കാര്യ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് നിരന്തരം സൂക്ഷ്മമായി വീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റൊരു വിമാനത്തിൽ, ഇന്ന് തന്നെ മഗദാനിൽ നിന്നും സാൻഫ്രാൻസ്‌കോയിലേക്ക് മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും മാറ്റുമെന്ന് എയർ ഇന്ത്യ അറിയിച്ചു. നിലവിൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജോലിക്കാരെയും മഗദാനിലെ പ്രാദേശിക ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. യാത്രക്കാരെ സുരക്ഷിതമായി സാൻഫ്രാൻസ്‌കോയിൽ എത്തിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളോട് അധികാരികൾ എല്ലാ സഹകരണവും ചെയ്യുന്നുണ്ടെന്നും എയർ ഇന്ത്യാ ഉദ്യോഗസ്ഥൻ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

അതേസമയം എയർ ഇന്ത്യാ വിമാനം റഷ്യയിൽ അടിയന്തരമായി ഇറക്കിയതിനെ തുടർന്നുള്ള സ്ഥിതി ഗതികൾ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് അറിയിച്ചു. 'യുഎസിലേക്ക് വന്നിരുന്ന ഒരു വിമാനം റഷ്യയിൽ അടിയന്തരമായി ഇറക്കിയതിനെ കുറിച്ച് വിവരം ലഭിച്ചു. നിരീക്ഷണം തുടരുകയാണ്. വിമാനത്തിൽ യുഎസ് പൗരന്മാരുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല' എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിമാനത്തിൽ അമേരിക്കൻ പൗരന്മാരുണ്ടാകാനാണ് സാധ്യതയെന്നും സ്ഥിതിഗതികൾ അമേരിക്ക സസൂക്ഷ്മം നിരീക്ഷിക്കുന്നതും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാർച്ചിൽ യുക്രൈനെതിരെ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ എയർ ഇന്ത്യ മോസ്‌കോയിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചിരുന്നു. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിലെ വെല്ലുവിളികളെ തുടർന്നാണ് സർവ്വീസ് താൽക്കാലികമായി നിർത്തിവച്ചതെന്നാണ് അന്ന് റിപ്പോർട്ടുകൾ വന്നത്. യുക്രൈൻ യുദ്ധത്തിനിടെ ഇന്നലെ രാവിലെ യുക്രൈനിലെ ഏറ്റവും പഴയതും വലുതുമായ നോവ കഖോവ്ക ഡാം റഷ്യ തകർത്തതായി യുക്രൈൻ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാൽ റഷ്യ ഈ ആരോപണം നിഷേധിച്ചിരുന്നു. ഒന്നര വർഷം നീണ്ട യുദ്ധത്തിനിടെ നടന്ന ഏറ്റവും വലിയ അക്രമണങ്ങളിലൊന്നായിരുന്നു അത്. റഷ്യയുടെ സൈനീക ശക്തിക്ക് മുന്നിൽ ഇത്രയും കാലം തളരാതെ പിടിച്ച് നിൽക്കാൻ യുക്രൈനെ കൈയയച്ച് സഹായിക്കുന്നത് യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യമാണ്. ഈയൊരു രാഷ്ട്രീയ കാലാവസ്ഥയിൽ യുഎസ് പൗരന്മാരുള്ള വിമാനം റഷ്യയിൽ അടിയന്തരമായി ഇറക്കിയതിൽ യുഎസ് ഏറെ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്.