- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്തെ പാർട്ടി ഗേറ്റ് വിവാദമായപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി പദം തെറിച്ചു; പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതിന് അന്വേഷണം; റിപ്പോർട്ട് പുറത്തു വരുമുൻപ് എം പി പദം ഒഴിഞ്ഞ് ബോറിസ് ജോൺസൺ; ഇനിയെന്ത്?
കോവിഡ് കാല നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വിരുന്നൊരുക്കിയത് ഏറെ വിവദാമായതായിരുന്നു. തുടർന്ന് ബോറിസ് ജോൺസന് പ്രധാനമന്ത്രി പദം വരെ നഷ്ടമായി. അതിനേക്കാൾ വലിയൊരു തിരിച്ചടിയായിരുന്നു പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ പാർലമെന്ററി കമ്മിറ്റിയെ നിയോഗിച്ചത്.
അന്വേഷണ റിപ്പോർട്ട് ഇനിയുംപുറത്ത് വന്നിട്ടില്ലെങ്കിലും, കഴിഞ്ഞ കുറച്ചു നാളുകളായി അത് ബോറിസ് ജോൺസന് എതിരായിരിക്കും എന്ന രീതിയിലുള്ള ഊഹോപോഹങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഏതായാലും, അതിനൊന്നും കാത്തു നിൽക്കാതെയാണ് ഇപ്പോൾ ബോറിസ് ജോൺസൺ പാർലമെന്റിന്റെ പടിയിറങ്ങുന്നത്. തന്റെ ആയിരത്തിലധികം വാക്കുകൾ വരുന്ന രാജിക്കത്തിലൂടെ അദ്ദേഹം 2015 മുതൽ പ്രതിനിധീകരിച്ചിരുന്ന അക്സ്ബ്രിഡ്ജ് മണ്ഡലത്തിന്റെ എം പി സ്ഥാനത്ത് നിന്നും ഒഴിഞ്ഞിരിക്കുകയാണ്.
അന്വേഷണം നടത്തിയ പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം തനിക്കെതിരെയാകും എന്ന ബോദ്ധ്യപ്പെട്ടതിനാലാണ് രാജി വച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. പാർലമെന്റിനെ ബോറിസ് തെറ്റിദ്ധരിപ്പിച്ചു എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു. രാജിക്കത്തിൽ ബോറിസും അത് പരാമർശിക്കുന്നുണ്ട്. 2001 മുതൽ എം പി ആയിരുന്ന താൻ ഇതുവരെ തികഞ്ഞ ഉത്തരവാദിത്തത്തോട് മാത്രമെ പ്രവർത്തിച്ചിട്ടുള്ളു എന്നും അദ്ദേഹം എടുത്തു പറയുന്നു.
കമ്മിറ്റി അംഗങ്ങൾ പലരും താൻ കുറ്റം ചെയ്തതായ മുൻവിധിയോടെയാണ് സംസാരിക്കുന്നതെന്നും രാജിക്കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ബോറി9സ് ജോൺസൺ എന്ന രാഷ്ട്രീയ ചാണക്യന്റെ അതിസമർത്ഥമായ ഒരു നീക്കമായി ഈ അപ്രതീക്ഷിത രാജിയെ കാണുന്നവരും ഉണ്ട്. കമ്മിറ്റി ബോറിസിനെതിരെ തീരുമാനമെടുത്താൽ അവർക്ക് ചെയ്യാൻ കഴിയുക 10 ദിവസത്തേക്കോ അതിൽ കൂടുതലോ അദ്ദേഹത്തെ സസ്പൻഡ് ചെയ്യുക എന്നതാണ്.
ദീർഘകാലത്തേക്ക് സസ്പെൻഡ് ചെയ്താൽ അക്സ്ബ്രിഡ്ജിൽ ഒരു ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും. സസ്പെൻഡ് ചെയ്ത നിലയിൽ മത്സരിക്കാൻ ഇറങ്ങിയാൽ ജനങ്ങൾ തിരസ്‌കരിക്കും. അതോടെ ബോറിസ് ജോൺസൺ എന്ന അതികായന്റെ രാഷ്ട്രീയ ഭാവിയുംഇരുട്ടിലാകും. ശിക്ഷ ഏറ്റുവാങ്ങാതെ സ്ഥാനമൊഴിഞ്ഞത് ഒരു തിരിച്ചു വരവ് ആസൂത്രണം ചെയ്തിട്ടാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
വരുന്ന പൊതു തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി പരാജയപ്പെട്ടാൽനിലവിലെ നേതൃത്വത്തിനെതിരെ ശബ്ദമുയരും. ഇതുവരെയുള്ള അഭിപ്രായ സർവേഫലങ്ങൾ സൂചിപ്പിക്കുന്നത് ഭരണകക്ഷിയുടെ പരാജയത്തെ തന്നെയാണ്. ബ്രെക്സിറ്റിന്റെ പുറകിലെ ചാലക ശക്തിയായ ബോറിസ് ജോൺസനെ രാഷ്ട്രീയത്തിൽ നിന്നും ഒഴിവാക്കേണ്ടത് ചിലരുടെ ആവശ്യമാണെന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് ശക്തി പ്രാപിച്ചിട്ടുണ്ട്.
അതായത്, തെരെഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ, ഋഷിക്ക് പകരമായി ഒരു നേതാവിനെ കണ്ടെത്താനാകും പാർട്ടി ശ്രമിക്കുക. ഈ അവസരത്തിൽ ഒരു ഫിനീക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കാനാണ് ബോറിസിന്റെ ശ്രമം എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ശിക്ഷ ഏറ്റുവാങ്ങാതെ, സ്വയം രക്തസാക്ഷിത്വം വഹിക്കുന്നതിന്റെ പുറകിലെ ലക്ഷ്യവും അതാണെന്ന്അവർ കരുതുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ