- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാൾസ് രാജാവും സഹോദരൻ ആൻഡ്രുവും തമ്മിലുള്ള തർക്കം; തന്റെ ഉറ്റവരെ വിൻഡ്സർ പാലസിൽ നിന്നും കുടിയൊഴിപ്പിക്കാനുള്ള നീക്കത്തെ ചെറുത്ത് ആൻഡ്രു; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വലുപ്പം കുറയ്ക്കാനുള്ള നീക്കത്തിന് തിരിച്ചടി
ലണ്ടൻ: വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുമ്പോഴും വീടുവിട്ട് പോകാൻ കൂട്ടാക്കുന്നില്ല ബ്രിട്ടണിലെ ആൻഡ്രു രാജകുമാരൻ. തിരികെയെത്തുമ്പോൾ വീട് നഷ്ടമായേക്കും എന്ന ഭയമാണ് രാജകുമാരനെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
ദീർഘനാളായി ആൻഡ്രു താമസിക്കുന്ന വിൻഡ്സറിലെ റോയൽ ലോഡ്ജിൽ നിന്നും ആൻഡ്രുവിനെ ഒഴിപ്പിക്കാൻ സഹോദരൻ ചാൾസ് രാജാവ് ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണിത്. ജെഫ്രി എപ്സ്റ്റീൻ ലൈംഗിക പീഡന കേസിൽ പേര് വന്നതോടെ രാജപദവികൾ എല്ലാം നഷ്ടപ്പെട്ട ആൻഡ്രു ഈ 30 മുറികളുള്ള കൊട്ടാര സദൃശമായ വീട്ടിൽ മുൻ ഭാര്യ സാറ ഫെർഗുസണുമോത്താണ് താമസിക്കുന്നത്.
റോയൽ ലോഡ്ജ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാനാണ് രാജാവ് ആഗ്രഹിക്കുന്നത്. എന്നാൽ, തന്റെ അമ്മ, എലിസബത്ത് രാജ്ഞിയിൽ നിന്നും ദീർഘകാല പാട്ടത്തിനെടുത്ത ഈ വീട്ടിൽ ആൻഡ്രു സ്വന്തം ചെലവിൽ പണം മുടക്കി 7 മില്യൺ പൗണ്ടിന്റെ നവീകരണങ്ങൾ വരുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ സൗധം വിട്ടുകൊടുക്കാൻ ആൻഡ്രുവിന് താത്പര്യമില്ല.
വീടിന്റെ മേൽക്കൂരയുടെത് ഉൾപ്പടെയുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്. പണി തീരുന്നത് വരെ തൊട്ടടുത്തുള്ള ഫ്രോഗ്മോർ കോട്ടേജിലെക്ക് മാറാൻ സൗകര്യമൊരുക്കിയെങ്കിലും, പണികൾ തീർന്ന് കഴിഞ്ഞാൽ ഒരുപക്ഷെ റോയൽ ലോഡ്ജ് തനിക്ക് തിരികെ ലഭിച്ചേക്കില്ല എന്ന ആശങ്കയാണ് ആൻഡ്രുവിനെ അവിടെ തുടരാൻ പ്രേരിപ്പിക്കുന്നതെന്ന് ആൻഡ്രുവുമായി അടുപ്പമുള്ളവർ പറയുന്നു. ഏതാനുംമാസങ്ങൾ നീണ്ടു നിൽക്കുന്ന പണികളാണ് നടക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ബക്കിങ്ഹാം കൊട്ടാരം വിസമ്മതിച്ചു. എന്നാൽ, ആൻഡ്രു അവിടം വിട്ട് പോകേണ്ടതില്ല എന്നായിരുന്നു കൊട്ടാരവുമായി ഏറെ അടുപ്പമുള്ള മറ്റൊരാൾ പ്രതികരിച്ചത്. നിലവിൽ അമേരിക്കയിലുള്ള ഹാരിയും മേഗനും താമസിച്ചിരുന്ന ഫ്രോഗ്മോർ കോട്ടേജിൽ, അവർക്ക് ജൂലായ് മാസം വരെ കാലാവധിയുണ്ട്. ഈ വീട് ഒഴിഞ്ഞു കൊടുക്കാൻ അവർക്ക് കൊട്ടാരം നോട്ടീസ് നൽകുകയും ചെയ്തിരുന്നു. യൂജിൻ രാജകുമാരിയാണ് തന്റെ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ഇപ്പോൾ അവിടെ താമസിക്കുന്നത്.
ആൻഡ്രുവിനെ റോയൽ ലോഡ്ജിൽ നിന്നും ഒഴിപ്പിച്ച് അവിടെ വില്യം രാജകുമാരന് വസതിയൊരുക്കുവാനാണ് ചാൾസ് ആഗ്രഹിക്കുന്നതെന്ന് ചില കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ, ഫ്രോഗ്മോറിലെ താമസക്കാരനാകാൻ ആൻഡ്രുവിന് താത്പര്യമില്ല. പാട്ടാക്കാലാവധി തീരുവാൻ ഇനിയും വർഷങ്ങൾ ഏറെയുള്ളപ്പോൾ, വീട് നന്നാക്കുന്നതിനായി ആൻഡ്രു ധാരാളം പണം ചെലവിടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ റോയൽ ലോഡ്ജ് വിട്ട് മറ്റെങ്ങും പോകില്ല എന്ന ദൃഢനിശ്ചയത്തിലാണ് ആൻഡ്രു രാജകുമാരൻ.
മറുനാടന് മലയാളി ബ്യൂറോ