രണകക്ഷിയായ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുടെ ഫണ്ടിലെ തിരിമറിയുമായി ബന്ധപ്പെട്ട് മുൻ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ആയ നിക്കോള സ്റ്റർജനെ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളോളം സ്‌കോട്ടിഷ് രാഷ്ട്രീയത്തിലെ രാജ്ഞിയായി വിലസിയ നിക്കോളയെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എസ് എൻ പി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇവരുടെ അറസ്റ്റിൽ എത്തിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുനന്ത്.

കുറ്റകൃത്യത്തിൽ നിക്കോള സ്റ്റർജനും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുനന്തെങ്കിലും ആറു മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനു ശേഷം അവരെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. കേസ് ചാർജ്ജ് ചെയ്യുന്നതുവരെ, പ്രതികൾ എന്ന് സംശയിക്കപ്പെടുന്നവരുടെ വിവരങ്ങൾ പുറത്തു വിടുക ബ്രിട്ടീഷ് പൊലീസിന്റെ പതിവല്ലാത്തതിനാൽ, 52 കാരിയായ ഒരു വനിതയെ അറസ്റ്റ് ചെയ്തു എന്ന് മാത്രമാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.

തന്നെ ഞെട്ടിക്കുകയും നിരാശയിലാഴ്‌ത്തുകയും ചെയ്തു ഈ അറസ്റ്റ് എന്ന് വിട്ടയച്ചതിനു ശേഷം നിക്കോള സ്റ്റർജൻ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. കേസിന്റെ തുടർനടപടികൾ നടക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അവർ പറഞ്ഞു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും അവർ വ്യക്തമാക്കി. പാർട്ടി വൃത്തങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

സ്‌കോട്ട്ലാൻഡിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്കായി ശേഖരിച്ച് 6 ലക്ഷം പൗണ്ട് ചെലവാക്കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കേസിൽ എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പാർട്ടി ഖജാഞ്ഞി കോളിൻ ബിയാറ്റി, ചീഫ് എക്സിക്യുട്ടീവ് പീറ്റർ മുറെൽഎന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ ഇവർക്കെതിരെയും കേസുകൾ ഒന്നും തന്നെ റെജിസ്റ്റർ ചെയ്തിട്ടില്ല.

നിക്കോള സ്റ്റർജന്റെ ഭർത്താവാണ് മ്യൂറെൽ. ഗ്ലാസ്ഗോയിലുള്ള ഇവരുടെ വസതിയിലും പൊലീസ് പരിശോധന നടത്തിയിരുന്നു. എട്ടു വർഷത്തോളം സ്‌കോട്ടിഷ് നാഷണൽ പാർട്ടിയുടെ നേതാവായിരുന്ന സ്റ്റർജൻ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അപ്രതീക്ഷിതമായി രാജി വയ്ക്കുകയായിരുന്നു.