റോം: ഇന്ന് അന്തരിച്ച സിൽവിയോ ബെർലുസ്‌കോണി(86) ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി മാത്രമായിരുന്നില്ല, ശതകോടീശ്വരനായ വ്യവസായ പ്രമുഖനുമായിരുന്നു. ഇറ്റോലിയൻ ഫുട്‌ബോൾ ക്ലബ് എസി മിലാന്റെ ഉടമയായിരുന്നു. മിലാനിലെ സെന്റ്. റാഫേൽസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ഇറ്റലിയിലെ ഏറ്റവും വലിയ മാധ്യമ കമ്പനി ഉടമയായ ശേഷമാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. കുറച്ചുനാളായി ലുക്കേമിയ ബാധിതനായ ബർലുസ്‌കോണിക്ക് ശ്വാസകോശത്തിൽ അണുബാധയും ഉണ്ടായിരുന്നു. മിലാനിസെ കത്തീഡ്രലിൽ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച സംസ്‌കാരം നടക്കും.

ബർസുസ്‌കോണിയുടെ ഫോർസ ഇറ്റാലിയ പാർട്ടി പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ വലതുപക്ഷ മുന്നണി സർക്കാരിലെ സഖ്യകക്ഷിയാണ്. ബർലുസ്‌കോണിക്ക് സർക്കാരിൽ പങ്കൊന്നും ഇല്ലായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ മരണം ഇറ്റാലിയൻ രാഷ്ട്രീയത്തിൽ വരും മാസങ്ങളിൽ ചലനം സൃഷ്ടിക്കുമെന്ന് രാഷ്ടീയ വിശകലന വിദദ്ധർ പറയുന്നു.

ഉയർച്ചയും, താഴ്ചയും

1994ലാണ് ആദ്യമായി അധികാരത്തിൽ വരുന്നത്. 2011 വരെയുള്ള കാലയളവിൽ നാലു തവണ പ്രധാനമന്ത്രിയായി. 1993ലാണ് ഫോർസ ഇറ്റാലിയ പാർട്ടി സ്ഥാപിച്ചത്. ഒരു വർഷത്തിനുശേഷം അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തി. 2008ൽ അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും 2011ൽ രാജിവയ്ക്കേണ്ടി വന്നു. 2012 അവസാനത്തോടെ നികുതി തട്ടിപ്പിനു ബെർലുസ്‌കോണി ശിക്ഷിക്കപ്പെട്ടു.പാർട്ട് ടൈം കമ്യൂണിറ്റി സേവനം ചെയ്തുകൊണ്ട് ഒരു വർഷത്തോളം തടവ് അനുഭവിച്ചു.

2018ലെ പൊതുതിരഞ്ഞെടുപ്പിൽ ഫോർസാ ഇറ്റാലിയ ലീഗും ബ്രദേഴ്സ് ഓഫ് ഇറ്റലിയും ചേർന്ന് മത്സരിച്ചെങ്കിലും ഭരിക്കാൻ ആവശ്യമായ 40% വോട്ടു ലഭിച്ചില്ല. 2019ൽ ബെർലുസ്‌കോണി യൂറോപ്യൻ പാർലമെന്റിൽ ഒരു സീറ്റ് നേടി. 2022 ഒക്ടോബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലിയുമായി സഖ്യത്തിലായതോടെ അദ്ദേഹത്തിന്റെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തി. ബെർലുസ്‌കോണി സെനറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.

ബൂംഗ ബൂംഗ സെക്‌സ് പാർട്ടികളിലൂടെ വിവാദത്തിൽ

വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു എന്നും ബർലുസ്‌കോണിയുടെ രാഷ്ട്രീയ ജീവിതം. ബംഗ ബംഗ സെക്്‌സ് പാർട്ടികൾ പലപ്പോഴും അദ്ദേഹത്തെ കുഴപ്പങ്ങളിൽ കൊണ്ടുചാടിച്ചു. 2011-ലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് നടത്തിയ സെക്‌സ് പാർട്ടിയും മാധ്യമ, ഫുട്‌ബോൾ രംഗത്തെ വമ്പനായ ബെർലുസ്‌കോണിക്ക് തിരിച്ചടികളായി.

33 കാരിയായ ഫോർസ ഇറ്റാലിയ എംപിയുമായി ഉറ്റബന്ധത്തിലായിരുന്നു ബർലുസ്‌കോണി. ഒരിക്കൽ തന്നെ അദ്ദേഹം സ്വയം യേശുവിനോട് താരതമ്യം ചെയ്തു. ജീവതം ആസ്വദിക്കുകയും, തനിക്ക് തോന്നുന്ന പോലെ ജീവിക്കുകയും ചെയ്ത പ്രകൃതക്കാരനായിരുന്ന ബർലുസ്‌കോണി, തന്റെ സഹപ്രവർത്തകരായ നേതാക്കളെ പരസ്യമായി അപമാനിക്കുന്നതിിനും മടിച്ചിരുന്നില്ല. ബിസിനസ് രംഗത്ത് വിജയിച്ച ശേഷം ഡൊണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതിന് മുമ്പേ ഇതേ രീതിയിൽ മാതൃക കാട്ടിയ ആളാണ് ബർലുസ്‌കോണി.

മികച്ച ഭരണാധികാരി എന്നുപേരെടുത്തപ്പോഴും, റൂബി ദ ഹാർട്ട് സ്റ്റീലർ പോലെയുള്ള പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പങ്കെടുപ്പിച്ചുള്ള ബൂംഗ ബൂംഗ സെക്‌സ് പാർട്ടികൾ അദ്ദേഹത്തെ വിവാദച്ചുഴിയിലാക്കി. 2023 ഫെബ്രുവരിയിൽ ഇതുമായി ബന്ധപ്പെട്ട കേസുകളിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയപ്പോളാണ് ആരോപണങ്ങൾ കെട്ടടങ്ങിയത്.

ടെലിവിഷനിലും, പത്രങ്ങളിലും ഉള്ള താൽപര്യം വഴി വലിയ സ്വാധീനം ചെലുത്തി. ഇറ്റലിയിൽ വാണിജ്യ ടിവി സംപ്രേഷണത്തിന്റെ തലതോട്ടപ്പനായിരുന്നു. 1936ൽ മിലാനിൽ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ബെർലുസ്‌കോണി, ഇറ്റലിയിലെ ഏറ്റവും വലിയ വാണിജ്യ ബ്രോഡ്കാസ്റ്ററായ മീഡിയസെറ്റിന്റെ സ്ഥാപകനായി മാറുകയായിരുന്നു.

1986നും 2017നും ഇടയിൽ എസി മിലാൻ ഫുട്‌ബോൾ ക്ലബ്ബും ബെർലുസ്‌കോണിയുടെ ഉടമസ്ഥതയിലായിരുന്നു. എസി മിലാന്റെ ഉടമ എന്ന നിലയിലും കുമിഞ്ഞുകൂടിയ സ്വത്തുകൊണ്ടും പതിറ്റാണ്ടോളം ഇറ്റലിയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരുന്നു. ലുക്കേമിയ മൂലം ചികിത്സയിൽ ആയിരിക്കുമ്പോഴും, സെനറ്റർ എന്ന നിലയിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു.