മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണി തിങ്കളാഴ്‌ച്ച മരണമടഞ്ഞതോടെ ഇറ്റാലിയൻ ജനത ഉറ്റുനോക്കുന്നത് അദ്ദേഹം പടുത്തുയർത്തിയ വൻ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരാവകാശി ആരായിരിക്കും എന്നതാണ്. രണ്ട് ഭാര്യമാരിൽ നിന്നായി അഞ്ചു മക്കളുള്ള ബെർലുസ്‌കോണിയുടെ അഞ്ചു മക്കളും ബിസിനസ്സിൽ പങ്കാളികളാണ്. വിവിധ കമ്പനികൾക്ക് പുറമെ മീഡിയാ ഫോർ യൂറോപ്പിന്റെ ഏറ്റവും വലിയ ഓഹരിയുടമ കൂടിയാണ് മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി.

തന്റെ വൻ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തതിനൊപ്പം, മൂന്ന് തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയും ആയിരുന്നു, 86 -ാം വയസ്സിൽ മരണമടഞ്ഞ ബെർലുസ്‌കോണി. 1994 മുതൽ 95 വരെയും 2001 മുതൽ 2006 വരെയും 2008 മുതൽ 2011 വരെയും ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം ഇറ്റലിയെ ഭരിച്ച ബെർലുസ്‌കോണി നിരവധി അഴിമതി ആരോപണങ്ങളിലും പെട്ടിട്ടുണ്ട്.

എന്നും സ്വന്തം പ്രതിച്ഛായയെ കുറിച്ച് ഊറ്റം കൊണ്ടിരുന്ന ബെർലുസ്‌കോണി ഒരിക്കൻ തന്നെ യേശു ക്രിസ്തുവായി പോലും ഉപമിച്ചിരുന്നു. വൻ ബിസിനസ്സുകാരൻ, പ്രധാനമന്ത്രി വരെയായ രാഷ്ട്രീയ നേതാവ് എന്നതിനേക്കാളേറെ തന്റെ ലൈംഗിക ജീവിതമായിരുന്നു ബെർലുസ്‌കോണിയെ പലപ്പോഴും അദ്ദേഹത്തെ മാധ്യമങ്ങളുടെ തലക്കെട്ടിൽ എത്തിച്ചത്. ലൈംഗികാപവാദങ്ങൾക്ക് പുറമെ നിരവധി അഴിമതിക്കഥകളിലും അദ്ദേഹം നായകനായി. മാഫിയകളുമായുള്ള ബന്ധത്തിന്റെ പേരിലും നിരവധി തവണ അദ്ദേഹം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

എന്നിട്ടും, അദ്ദേഹം തന്റെ സ്വന്തം ടെലിവിഷൻ ചാനലിലൂടെയും പത്രത്തിലൂടെയും ജനങ്ങൾക്കിടയിൽ സ്വാധീനമുറപ്പിച്ചു. ഇറ്റലിയിൽ കമ്മേഴ്സ്യൽ ടെലിവിഷൻ ചാനൽ ആദ്യമായി കൊണ്ടു വന്നതും ബെർലുസ്‌കോണിയായിരുന്നു. തുടർച്ചയായി ഒരു പതിറ്റാണ്ടോളം കാലം ഇറ്റലിയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവിയിൽ തുടർന്ന അദ്ദേഹം എ സി മിലൻ ഫുട്ബോൾ ക്ലബ്ബിന്റെ ഉടമയും ആയിരുന്നു.

അദ്ദേഹം അവശേഷിപ്പിച്ച വൻ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനതരാവകാശി ആരായിരിക്കും ഇന്നാണ് ഇപ്പോൾ ഇറ്റലി ചർച്ച ചെയ്യുന്നത്. മൂത്ത മകൾ മറീനയായിരിക്കും അമരത്തെത്തുക എന്നാണ് പൊതുവെ കരുതൂപ്പെടുന്നതെങ്കിലും ബെർലുസ്‌കോണി ആരെയും തന്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചിട്ടില്ല.