- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടമില്ലാത്ത ഗർഭം അലസിപ്പിക്കുന്നതിന് വേണ്ടി ഒരു മരുന്ന് കഴിച്ചാൽ ബ്രിട്ടൻ പോലെയൊരു രാജ്യത്ത് എങ്ങനെ ജയിലിലാകും? സാങ്കേതിക വിഷയങ്ങളിൽ രണ്ട് വർഷം ജയിലിലടച്ച സ്ത്രീക്ക് അനുകൂലമായി തെരുവിലിറങ്ങി ജനങ്ങൾ; നിയമം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഋഷി സുനക്; ഗർഭഛിദ്രം വീണ്ടും ബ്രിട്ടനിൽ വിവാദമാകുമ്പോൾ
ലണ്ടൻ: മൂന്ന് കുട്ടികളുടെ അമ്മയും മൃഗ സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരിയുമായ യുവതിയെ എട്ട് മാസം പ്രായമുള്ള ഗർഭം അലസിപ്പിച്ചതിന് രണ്ട് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചതിനെതിരെ ബ്രിട്ടനിലാകെ അമർഷം പുകയുകയാണ്. പ്രത്യേക സാഹചര്യത്തിൽ രണ്ട് പുരുഷന്മാരുമായി ബന്ധപ്പെട്ട കാർല ഫോസ്റ്റർ എന്ന 44 കാരിക്ക്, ഗർഭത്തിനുത്തരവാദി ആരെന്ന ചിന്ത ആശങ്കയുണ്ടാക്കി. അതുകൊണ്ട് അത് അലസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഡോക്ടറെ കാണുന്നതിൽ വിമുഖത കാണിച്ച അവർ, കൊറോണ കാലത്ത് നടപ്പിലാക്കിയ, ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് പോസ്റ്റ് വഴി എത്തുന്ന പ്രൊജക്ടുമായി ബന്ധപ്പെട്ട് മരുന്ന് വരുത്തുകയായിരുന്നു. ഏഴാഴ്‌ച്ച മാത്രം ഗർഭം എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അവർ ഇത് വാങ്ങിയത്. മരുന്ന് കഴിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം 2020 മെയ് മാസത്തിൽ ഇവർ പ്രസവിച്ചു. ഇവർ വിളിച്ചതനുസരിച്ച് എത്തിയ എമർജൻസി സർവീസ് ആളുകൾ കാണുന്നത് ശ്വാസം വലിക്കാത്ത കുട്ടിയെ ആയിരുന്നു.
ഭിന്നശേഷിക്കാരനായ ഒരു കുട്ടി ഉൾപ്പടെ മൂന്ന് കുട്ടികളുടെ മാതാവാണ് ഫോസ്റ്റർ. കൊറോണ ലോക്ക്ഡൗൺ കാലത്ത് അവർ തന്റെ മുൻ പങ്കാളിക്കൊപ്പം ചേർന്നിരുന്നു. അടുത്തിടെയാണ് അവർ ഒരു മൃഗ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്ക് കയറുന്നതും. നിങ്ങൾ അനുഭവിച്ചത് എന്തെന്ന് ആർക്കും അറിയില്ല, അതിനാൽ തന്നെ നിങ്ങളെ വിധിക്കാൻ ആർക്കും അവകാശമില്ല എന്നായിരുന്നു ജയിലിൽ പോകുന്നതിന് മുൻപായി അവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ഏതായാലും, ഈ കോടതി വിധി ഒരു വലിയ വിവാദമായിരിക്കുകയാണ്. ഗർഭഛിദ്രത്തിന് സൗകര്യമൊരുക്കുന്ന ആശുപത്രികളും എം പിമാരും മറ്റ് സാമൂഹ്യ പ്രവർത്തകരുമൊക്കെ, കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതണം എന്ന ആവശ്യം കൂടുതൽ ഉച്ചത്തിൽ ഉയർത്താൻ തുടങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ സാധാരണയായി നടക്കുന്ന ഗർഭഛിദ്രങ്ങളെല്ലാം തന്നെ ഗർഭം 24 ആഴ്‌ച്ചകൾ പൂർത്തിയാക്കുന്നതിന് മുൻപാണ് നടക്കുന്നത്. 24 ആഴ്‌ച്ച കഴിഞ്ഞാൽ, അമ്മയുടെ ആരോഗ്യം, ഗർഭസ്ഥ ശിശുവിന്റെ വൈകല്യങ്ങൾ എന്നിങ്ങനെ ചില പ്രത്യെക സാഹചര്യങ്ങളിൽ മാത്രമെ അനുവദനീയമുള്ളു.
കേസ് വിചാരണക്ക് വരുന്നതിനു മുൻപ് തന്നെ റോയൽ കോളേജ് ഓഫ് മിഡ്വൈഫ്സ്, റോയൽ കോളേജ് ഓഫ് ഗൈനക്കോളജിസ്റ്റ്സ്, ഫാക്കല്റ്റി ഓഫ് സെക്ഷ്വൽ ആൻഡ് റീപ്രൊഡക്ടീവ് ഹെൽത്ത്കെയർ തുടങ്ങിയ സ്ഥാപനങ്ങൾ ഫോസ്റ്റർക്ക് അനുകൂലമായി കോടതിക്ക് കത്തുകൾ അയച്ചിരുന്നു. ഇവരെ ശിക്ഷിക്കുന്നത് മറ്റു സ്ത്രീകളെ ടെലി മെഡിക്കൽ സേവനങ്ങൾ സ്വീകരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കും എന്നവർ ചൂണ്ടിക്കാട്ടിയിരുന്നു.
ഗർഭഛിദ്രം നടത്തിയതിന് ഒരു സ്ത്രീക്ക് തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തിൽ ഗർഭഛിദ്ര നിയമങ്ങൾ പൊളിച്ചെഴുതണമെന്ന് മുതിർന്ന വനിത എം പിമാരും പറയുന്നു. തികച്ചും വിവേചനപരമായ ഒരു നടപടിയാണെന്ന് വിമർശകർ ഒന്നടങ്കം പറയുന്നു. 1861 ലെ നിയമത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ഫോസ്റ്റർ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. അത് മാറ്റണമെന്ന് ആവശ്യപ്പെടുന്നവർക്കൊപ്പം ജനപ്രതിനിധി സഭയിലെ വിമൻ ആൻഡ് ഈക്വാലിറ്റി കമ്മിറ്റിയുടെ ചെയർപേഴ്സൺ കൂടിയായ കൺസർവേറ്റീവ് എം പി കരോലിൻ നോക്ക്സും ചേർന്നിട്ടുണ്ട്.
അതേസമയം, സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചിൽഡ്രൻ പറയുന്നത് എട്ട് മാസം പ്രായമുള്ള ഒരു ഗർഭസ്ഥ ശിശുവിന്റെമരണം വിരൽ ചൂണ്ടുന്നത് സുരക്ഷയുടെ കുറവിനെയാണെന്നാണ്.
മറുനാടന് ഡെസ്ക്