ലണ്ടൻ: കുലംകുത്തി എന്നത് മലയാളത്തിലെ ഒരു പ്രയോഗമാണെങ്കിലും, ആഗ്രഹിച്ചത് നേടാനാകാതെ വന്നാൽ, സ്വന്തം കുലം പോലും മുടിക്കാൻ മടിക്കാത്തവർ എല്ലായിടങ്ങളിലുമുണ്ട്. താനില്ലെങ്കിൽ പിന്നെ തന്റെ സംഘടനതന്നെ വേണ്ട എന്ന് കരുതുന്ന രാഷ്ട്രീയ നേതാക്കളുടെ നിരയിലെക്കെത്തുകയാണോ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ? ഇപ്പോൾ പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത് അത്തരമൊരു സാധ്യതയിലേക്കാണ്.

പാർട്ടിഗേറ്റ് വലിയൊരു വിവാദമാകി തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് നേരെ ബോറിസ് തന്റെ ആയുധങ്ങൾ തയ്യാറാക്കി കഴിഞ്ഞു എന്നാണ് ആ സൂചനകൾ വെളിപ്പെടുത്തുന്നത്. അതിന്റെ മുന്നോടിയാണ് ജനപ്രതിനിധി സഭയിലെ പ്രിവിലേജ് കമ്മിറ്റിയിൽ നിന്നും പടിയിറങ്ങണമെന്ന് മുതിർന്ന കൺസർവേറ്റീവ് നേതാവ് സർ ബെർനാർഡ് ജെൻകിനോട് ബോറിസ് ആവശ്യപ്പെട്ടത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ജെൻകിനും മദ്യ സത്ക്കാരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്നാണ് ബോറിസ് ജോൺസൺ ആരോപിക്കുന്നത്.

വളരെ സ്പഷ്ടവും മൃഗീയവുമായ കാപട്യമാണ് ജെൻകിൻ പ്രദർശിപ്പിക്കുന്നതെന്ന് കമ്മിറ്റിക്ക് കഴിഞ്ഞ ദിവസം അയച്ച കത്തിൽ ബോറിസ് ജോൺസൺ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിനെതിരെ ഉള്ള റിപ്പോർട്ടുകൾ ഇപ്പോഴും വിശ്വാസയോഗ്യമയ റിപ്പോർട്ടുകളായി കമ്മിറ്റി പരിഗണിക്കുമോ എന്നും കത്തിൽ ചോദിക്കുന്നുണ്ട്. ഇന്ന്പ്രസിദ്ധീകരിക്കാൻ ഇരിക്കുന്ന റിപ്പോർട്ടിൽ, ബോറിസ് ജോൺസൺ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായി കമ്മിറ്റി ഔദ്യോഗികമായി സ്ഥിരീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

അത്തരത്തിലുള്ള സൂചനകൾ ലഭിച്ചതായിരുന്നു റിപ്പോർട്ട് പുറത്ത് വരുന്നതിനു മുൻപേ രാജി വെയ്ക്കാൻ ബോറിസിനെ പ്രേരിപ്പിച്ചത്. ബോറിസ് ജോൺസൺ എന്ന രാഷ്ട്രീയ ചാണക്യന്റെ അതി സമർത്ഥമായ ഒരു നീക്കമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ആ നീക്കത്തെ വിലയിരുത്തിയത്. ഇപ്പോഴിതാ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ഇരിക്കെ അതിലെ ഒരു മുതിർന്ന അംഗത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് ബോറിസ് ജോൺസൺ.

അകത്തളങ്ങളിൽ ആളുകൾ കൂടുന്നത് നിരോധിച്ച ടയർ 2 നിയന്ത്രണങ്ങൾ ലണ്ടനിൽ പ്രാബല്യത്തിൽ ഉണ്ടായിരുന്ന 2020 ഡിസംബറിൽ സർ ബെർനാർഡ് ജെൻകിൻ, ജന പ്രതിനിധി സഭ ഡെപ്യുട്ടി സ്പീക്കർ ഡെയിം എലനോർ ആതിഥേയമരുളിയ സത്ക്കാരത്തിൽ പങ്കെടുത്തിരുന്നു. സർ ബെർനാർഡിന്റെ ഭാര്യയുടെ 65-ാം പിറന്നാളിനോടനുബന്ധിച്ചുള്ള പാർട്ടിയായിരുന്നു. ആ വിരുന്നിൽ മദ്യവും വിളമ്പിയിരുന്നു എന്നാണ് ആരോപണം.

ഈ ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ പക്ഷെ സർ ബെർനാർഡോ ഡെയിം എലനോറോ തയ്യാറായില്ല. ഇക്കാര്യവും മെട്രോപോളിറ്റൻ പൊലീസിനും കോമൺസ് അഥോറിറ്റിക്കും റെഫർ ചെയ്തിട്ടുണ്ട്. ഇത്തരമൊരു പ്രവൃത്തി ചെയ്ത സർ ബെർനാർഡിന് ബോറിസ് ജോൺസന്റെ കാര്യത്തിൽ ഒരു വിധി കർത്താവാകാൻ കഴിയില്ല എന്നാണ് കമിറ്റി ചെയർപേഴ്സണ് എഴുതിയ കത്തിൽ ബോറിസ് ജോൺസൺ വ്യക്തമാക്കിയിരിക്കുന്നത്. സ്വയം നിയമം ലംഘിച്ച വ്യക്തിയാണ് സർ ബെർനാർഡ് എന്നും ബോറിസ് ചൂണ്ടിക്കാട്ടി.

സർ ബെർനാർഡിനെതിരെയുള്ള ആരോപണം പക്ഷെ ഒരു അന്വെഷണ ഏജൻസിയും അന്വേഷിച്ച് സ്ഥിരീകരിച്ചിട്ടില്ല എന്ന് ബോറിസ് തന്നെ കത്തിൽ പരാമർശിക്കുന്നുണ്ട്. എന്നിരുന്നാലും, ഇത്തരമൊരു കാര്യം കമ്മിറ്റിയെയും ജനപ്രതിനിധി സഭയേയും അറിയിക്കേണ്ട ബാദ്ധ്യത, ഈ കമ്മിറ്റിയിൽ അംഗമാകുന്നതിനു മുൻപായി സർ ബെർനാർഡിന് ഉണ്ടായിരുന്നു എന്ന് ജോൺസൺ പറയുന്നു.

അതിനിടെ, ബോറിസ് ജോൺസൺ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ, കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് നിർത്തി വയ്ക്കണമെന്ന് മുൻ ക്യാബിനറ്റ് മന്ത്രി നദീൻ ഡോറിസ് ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ സർ ബെർനാർഡ് എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അറിയില്ലെന്നും നദീൻ പറഞ്ഞു.

ഗൈഡോ ഫോക്ക്സ് എന്ന വെബ്സൈറ്റിലായിരുന്നു സർ ബെർനാർഡിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും വിരുന്നിന്റെ വിവരം പ്രസിദ്ധീകരിച്ചത്. 2 ടയർ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ള സമയത്ത് 2020 ഡിസംബർ 8 ന് ആയിരുന്നു ഈ വിരുന്ന് എന്നാണ് വെബ്സൈറ്റിൽ പറയുന്നത്. അന്നേ ദിവസം തന്റെ വസതിയിൽ ഒരു ഔദ്യോഗിക യോഗമാണ് നടന്നതെന്നും അതിൽ രണ്ട് മീറ്റർ അകലം എന്നത് താൻ കർശനമായി പാലിച്ചിരുന്നു എന്നുമാണ് ഡെയിം എലെനോർ ഈ വെബ്സൈറ്റിനോട് പറഞ്ഞത്.