പാർട്ടി ഗെയ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് ബോറിസ് ജോൺസൺ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു എന്ന അന്വേഷണക്കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വന്നതോടെ ടോറി അണികളിൽ അമർഷം പുകയുകയാണ്. കോവിഡ് നിയമങ്ങൾ തെറ്റിച്ച് ഔദ്യോഗിക വസതിയിൽ പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർലമെന്റ് അംഗങ്ങളെ ബോറിസ് ജോൺസൺ മനഃപൂർവ്വം തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഇത് അന്വേഷിക്കാനായി ചുമതലപ്പെടുത്തിയ, ജന പ്രതിനിധി സഭയിലെ പ്രിവിലേജ് കമ്മിറ്റിയുടെ കണ്ടെത്തൽ.

കൺസർവേറ്റീവ് പാർട്ടിയുടെ മുൻ ഡെപ്യുട്ടി ലീഡർ ഹാരിയറ്റ് ഹർമാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്, ബോറിസ് ജോൺസൺ എം പി സ്ഥാനത്ത് തുടർന്നിരുന്നെങ്കിൽ 90 ദിവസം വരെ സസ്പെൻഷന് വിധേയമാകുമായിരുന്നു എന്നാണ്. മാത്രമല്ല, തീർത്തും അസാധാരണമായ നീക്കത്തിലൂടെ, ബോറിസിന് നൽകിയിട്ടുള്ള കോമൺസ് പാസ്സ് പിൻവലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ മുൻ എം പിമാർക്കും നൽകുന്ന ഈ പാസ്സ് അസാധുവാക്കിയാൽ പിന്നെ ബോറിസ് ജോൺസന് പാർലമെന്റ് കെട്ടിടത്തിനകത്ത് തന്നെ പ്രവേശിക്കാൻ കഴിയില്ല.

കമ്മിറ്റിയെ കംഗാരു കോടതി എന്ന് വിളിച്ച് അധിക്ഷേപിച്ച സർ ജേക്കബ് റീസ് മോഗ് ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾക്ക് ശക്തമായ മുന്നറിയിപ്പും കമ്മിറ്റി നൽകിയിട്ടുണ്ട്. അതേസമയം, കമ്മിറ്റിയുടെ തീരുമാനം തീർത്തും ഒരു പകപോക്കലാണെന്ന് ബോറിസ് ജോൺസന്റെ അനുയായികൾ ആരോപിക്കുന്നു. അതോടെ ഈ റിപ്പോർട്ട് പാർട്ടിക്കകത്ത് കൂടുതൽ അശാന്തി പടർത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

വിഭാഗീയതയെല്ലാം നീക്കി വരുന്ന തെരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയിൽ ഐക്യം കൊണ്ടുവരാനുള്ള ഋഷി സുനകിന്റെ ശ്രമങ്ങളെ ഈ റിപ്പോർട്ട് പ്രതികൂലമായി ബാധിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കമ്മിറ്റി തീരുമാനത്തെ അനുകൂലിച്ചാൽ, കൺസർവേറ്റീവ് എം പിമാർക്ക് ലോക്കൽ പാർട്ടി ബോഡികളിൽ നിന്നും ഡിസ്സെലക്ഷൻ വരെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നാദിൻ ഡോറീസ് ശക്തമായ മുന്നറിയിപ്പുമ്നൽകിയിട്ടുണ്ട്.

ഈ കമ്മിറ്റി റിപ്പോർട്ടിന് അനുകൂലമായി ഏതെങ്കിലും കൺസർവേറ്റീവ് പാർട്ടി എം പി വോട്ട് ചെയ്താൽ, ആ വ്യക്തി അടിസ്ഥാനപരമായി ഒരു കൺസർവേറ്റീവ് അല്ല. പാർട്ടി അംഗങ്ങളും പൊതുജനങ്ങളും അത് മനസ്സിലാക്കി പെരുമാറും എന്നായിരുന്നു ഡോറിസ് പറഞ്ഞത്. കൺസർവേറ്റീവ് ഡെമോക്രാറ്റിക് ഓർഗനൈസേഷൻ പറയുനന്ത് അംഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങളുടെ പ്രവാഹമാണെന്നാണ്. സംഘടനയുടെ ചെയർമാനും മുൻ എം പിയുമായ ഡേവിഡ് കാംബെൽ പറഞ്ഞത്, ബോറിസ് ജോൺസനെ രാഷ്ട്രീയമായി നശിപ്പിക്കാനുള്ള തീർത്തും ജനാധിപത്യ വിരുദ്ധമായ നീക്കമാണിതെന്നായിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട എം പി മാരെ തിരികെ വിളിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ അന്വേഷിച്ചു കൊണ്ട് നിരവധി പാർട്ടി അംഗങ്ങളാണ് ഫോൺ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോറിസ് ജോൺസനെതിരെ പ്രിവിലെജ് കമ്മിറ്റി എടുത്ത നടപടി അത്യന്തം അപഹാസ്യമാണെന്നായിരുന്നു ലിങ്കൺഷെയറിലെ ബോസ്റ്റൺ കൺസർവേറ്റീവ് ബ്രാഞ്ച് നേതാവ് നീൽ മെക്കാഫെർട്ടി പറഞ്ഞത്. തികച്ചും രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ള നടപടിയാണിതെന്നാണ് മറ്റു ചില അംഗങ്ങൾ പറയുന്നത്. ഫോറിൻ ഓഫീസ് മന്ത്രി സാക് ഗോൾഡ്സ്മിത്തും കമ്മിറ്റി റിപ്പോർട്ടിനെ അതി നിശിതമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, കമ്മിറ്റി അംഗങ്ങൾ, അവരുടെ ചുമതല നിർവ്വഹിക്കുക മാത്രമാണെന്ന് പറഞ്ഞ ജനപ്രതിനിധി സഭ നേതാവ് പെന്നി മോർഡൗണ്ട്, തിങ്കളാഴ്‌ച്ച നടക്കാൻ ഇരിക്കുന്ന വോട്ടിംഗിൽ എം പി മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന പ്ര്വർത്തകർക്കെതിരെ മുന്നറിയിപ്പും നൽകി. പാർട്ടിക്കുള്ളിൽ ബോറിസ് ജോൺസന് ഈ റിപ്പോർട്ട് ഒരു രക്തസാക്ഷി പരിവേഷം നൽകുമെന്ന് അദ്ദേഹത്തിന്റെ ചില അനുയായികൾ കരുതുന്നു. ഇത് ഒരു തിരിച്ചു വരവിന് ബോറിസിനെ സഹായിക്കും എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.