ഷ്യ- യുക്രെയിൻ യുദ്ധം ഒരു ലോക മഹായുദ്ധമായി മാറിയേക്കാം എന്ന വ്ളാഡിമിർ പുടിന്റെ പ്രസ്താവനക്കെതിരെ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻബെർഗ് രംഗത്തെത്തി. ആണവയുദ്ധം ഒരിക്കലും വിജയം നേടിത്തരില്ലെന്ന് പുടിൻ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബ്രസ്സൽസിൽ അംഗരാഷ്ട്രങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലാണ് സ്റ്റോൾടെൻബർഗ് ഇക്കാര്യം പറഞ്ഞത്.

പാശ്ചാത്യ ശക്തികൾ യുക്രെയിന് ആയുധ സഹായം നൽകുന്നത് തുടരുകയാണെങ്കിൽ റഷ്യൻ- യുക്രെയിൻ യുദ്ധംമറ്റൊരു ലോകമഹായുദ്ധമായിമാറുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുടിൻ മുന്നറിയിപ്പ് നൽകിയത്. അത്തരമൊരു മഹായുദ്ധമുണ്ടായാൽ അതിൽ വിജയികളോ പരാജിതരോ ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ബെലാറൂസിയൻ പ്രസിഡണ്ട് അലക്സാൻഡർ ലുകഷെൻകോയും പുടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

റഷ്യയുമായി യുദ്ധം തുടരുന്ന സാഹചര്യത്തിൽ യുക്രെയിൻ നാറ്റോ സഖ്യത്തിൽ ചേരുന്നകാര്യം നാറ്റൊ സെക്രട്ടറി ജനറൽ നിഷേധിച്ചിരുന്നു. എന്നാൽ, യുക്രെയിനുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ നാറ്റൊ മുതിരും അടുത്തമാസം ഇതിനായി ഒരു യുക്രെയിൻ നാറ്റോ കൗൺസിൽ രൂപീകരിക്കും. ഈ സാഹചര്യത്തിലായിരുന്നു പുടിന്റെ ഭീഷണി ഉയർന്നത്.

പുടിന് പിന്നാലെ റഷ്യൻ കൗൺസിൽ ഫോർ ഫോറിൻ ആൻഡ് ഡിഫൻസ് പോളിസി ചെയർമാൻ സെർജി കരഗനോവും ഭീഷണിയുമായി രംഗത്തെത്തി. യൂറോപ്യൻ രാജ്യങ്ങളിൽ ആണവാക്രമണം നടത്തിയാൽ അമേരിക്ക തിരിച്ചടിക്കില്ല എന്നായിരുന്നു പുടിന്റെ അടുത്ത അനുഭാവിയായി അറിയപ്പെടുന്ന അദ്ദേഹം പറഞ്ഞത്. മാത്രമല്ല, അത്തരമൊരു ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിൽ, യൂറോപ്പിലുള്ള റഷ്യൻ പ്രവാസികൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടയിൽ, യുക്രെയിനിന്റെ ഹിമാർസ് റോക്കറ്റ് ആക്രമണത്തിൽ നൂറുകണക്കിന് റഷ്യൻ സൈനികർക്ക് ജീവൻ നഷ്ടമായി. സൈനിക മേധാവിയുടെ പ്രചോദന പ്രസംഗത്തിനായി രണ്ട് മണിക്കൂർ കാത്തിരിക്കാനുള്ള ഉത്തരവിനെ തുടർന്ന് കാത്തിരിക്കുകയായിരുന്ന സൈനികരായിരുന്നു മരണപ്പെട്ടതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രെയിനിലെ ലുഹാൻസ്‌ക് മേഖലയിൽ അതിർത്തിയോട് ചേർന്നായിരുന്നു ആക്രമണമുണ്ടായതെന്ന് റഷ്യൻ സൈന്യവുമായി അടുപ്പം പുലർത്തുന്ന ബ്ലോഗർമാരും പറയുന്നു.

അധിനിവേശം നടത്തുന്ന റഷ്യൻ സൈന്യത്തിനെതിരെ പ്രത്യാക്രമണം നടത്താൻ യുക്രെയിൻ തീരുമാനിച്ചതിനു പിന്നാലെയാണ് റഷ്യക്ക് ഈ തിരിച്ചടി ലഭിച്ചിരിക്കുന്നത്. നൂറിലധികം സൈനികർ ഒരിടത്ത് രണ്ടു മണിക്കൂറിലേറെയായി കൂട്ടംകൂടി നിൽക്കുകയായിരുന്നു. ഡിവിഷണൽ കമാൻഡറുടെ മോട്ടിവേഷണൽ സ്പീച്ച്‌കേൾക്കാനായിരുന്നു അവരെ അവിടെ നിർത്തിയത്. എന്നാൽ, ജനറൽ എത്തുന്നതിനു മുൻപേ യുക്രെയിനിന്റെ റോക്കറ്റുകൾ സൈനികരുടെ കഥ കഴിക്കുകയായിരുന്നു.