ബോറിസ് ജോൺസൺ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു എന്ന പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്ന തിങ്കളാഴ്‌ച്ച ജനപ്രതിനിധി സഭയിൽ ചർച്ചക്ക് വരുമ്പോൾ ഭൂരിഭാഗം എം പിമാരും ചർച്ചയിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയുന്നു. പാർട്ടി അംഗങ്ങൾക്കിടയിലും അനുഭാവികൾക്കിടയിലും റിപ്പോർട്ടിനെതിരെ പടരുന്ന അമർഷം കണക്കിലെടുത്താണ് ഈ നടപടി. വോട്ടിംഗിൽ പങ്കെടുത്ത് പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യുന്നവരെ തിരികെ വിളിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്ന ആവശ്യം വരെ പല കോണുകളിൽ നിന്ന് ഉയരുന്നുമുണ്ട്.

വെറുമൊരു രാഷ്ട്രീയ പകപോക്കൽ എന്ന് ബോറിസ് ജോൺസൺ ആരോപിച്ച റിപ്പോർട്ടിനെ ശക്തമായി എതിർക്കാനാണ് ബോറിസ് ജോൺസൺ ക്യാമ്പിന്റെ നീക്കം. എന്നാൽ, ഭൂരിഭാഗം ഭരണകക്ഷി എം പിമാരും വോട്ടിംഗിൽ നിന്നും വിട്ടു നിൽക്കുകയും, പ്രതിപക്ഷം പ്രമേയത്തെ അനുകൂലിക്കുകയുംചെയ്താൽ അത് പാസ്സാകും എന്നത് ഉറപ്പാണ്. ഒറ്റ വാചകത്തിലുള്ള ഒരു വിപ്പ് മാത്രമാണ് പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ കൺസർവേറ്റീവ് എം പിമാർക്ക് നൽകിയിട്ടുള്ളത്. അതായത്, വോട്ട് ചെയ്യാതിരുന്നാലും നടപടികൾ ഒന്നും ഉണ്ടാവില്ലെന്ന് ചുരുക്കം.

പ്രധാനമന്ത്രി ഋഷി സുനക് ചർച്ചകളിൽ പങ്കെടുക്കുമോ എന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, മറ്റ് പരിപാടികളിൽ വ്യാപൃതനായി തിങ്കളാഴ്‌ച്ച അദ്ദേഹം പാർലമെന്റിൽ നിന്നും വിട്ടു നിൽക്കണം എന്നാണ് മുതിർന്ന ടോറി നേതാക്കൾ ആഗ്രഹിക്കുന്നതെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂരിഭാഗം എം പിമാരും ചർച്ചയിൽ നിന്നും വോട്ടിംഗിൽ നിന്നും വിട്ടു നിൽക്കുമെന്നാണ് ചില കൺസർവേറ്റീവ് വൃത്തങ്ങൾ അറിയിക്കുന്നത്.

സാധാരണ ഇത്തരത്തിലുള്ള അന്വേഷണ റിപ്പോർട്ടുകൾ ജനപ്രതിനിധി സഭയിൽ ചർച്ച ചെയ്ത് അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ, ബോറിസ് ജോൺസൺ ഇതിനോടകം തന്നെ രാജി സമർപ്പിച്ച സ്ഥിതിക്ക് കമ്മിറ്റി നിർദ്ദേശിച്ച 90 ദിവസത്തെ സസ്പെൻഷൻ എന്ന ശിക്ഷയുടെ പ്രാധാന്യം നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാൽ, സാധാരണയായി മുൻ എം പിമാർക്ക് നൽകുന്ന പാർലമെന്ററി പാസ്സ് കൈവശം വക്കുന്നതിൽ നിന്നും ജോണസനെ വിലക്കണമെന്നും കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

പ്രമേയത്തിൽ ഭേദഗതികൾ വരുത്താൻ ഒരുപക്ഷെ ബോറിസ് ജോൺസന്റെ ഔയായികൾ ശ്രമിച്ചേക്കാം. അതേസമയം, കൂടുതൽ കർശന നിർദ്ദേശങ്ങൾ ഉൾക്കൊള്ളിക്കാൻ മറുപുറത്ത് പ്രതിപക്ഷവും ശ്രമിച്ചേക്കാം എന്ന ഭീതിയും നിലനിൽക്കുന്നു. മുൻ പ്രധാനമന്തിമാർക്ക് നൽകുന്ന പ്രതിവർഷം 1,15,000 അലവൻസ് ബോറിസ് ജോൺസന് നൽകരുതെന്ന് ഇപ്പോൾ തന്നെ ലിബറൽ ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടുകഴിഞ്ഞു.

ഏതായാലും, ഈ റിപ്പോർട്ടും അതിന്മേലുള്ള ചർച്ചയും കൺസർവേറ്റീവ് പാർട്ടിക്കുള്ളിലെ ഭിന്നത വർദ്ധിപ്പിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പൊതുവെ വിലയിരുത്തുന്നത്. വരുന്ന തെരഞ്ഞെടുപ്പിന് മുൻപായി പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ എല്ലാം ഒതുക്കി, ഐക്യം കൊണ്ടു വരാനുള്ള ഋഷി സുനകിന്റെ പരിശ്രമങ്ങൾക്ക് ഒരു തിരിച്ചടിയാകും ഇത്. റിപ്പോർട്ടിനെ പിന്തുണക്കുന്ന എം പിമാർ ലോക്കൽ പാർട്ടി അംഗങ്ങൾ തിരിച്ചു വിളിക്കുമെന്നു വരെ നാദിൻ ഡോറിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.