- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോറിസ് ജോൺസന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചോ? പ്രധാനമന്ത്രിയായിരിക്കുമ്പോൾ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതിനെതിരെ ഉണ്ടായ റിപ്പോർട്ടിനെ എതിർത്തത് ഏഴ് എം പിമാർ മാത്രം; ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എം പിമാർ ഒരുമിച്ചപ്പോൾ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് പുറത്ത്
പാർട്ടിഗെയ്റ്റ് വിവാദത്തിൽ ബോറിസ് ജോൺസൺ ജനപ്രതിനിധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിൽ അംഗീകാരം നൽകാൻ ബോറിസ് ജോൺസന്റെ രാഷ്ട്രീയ എതിരാളികൾ ഒന്നിച്ചപ്പോൾ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമാകുമോ എന്ന സംശയം ഉയരുകയാണ്. പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ 354 എം പിമാർ അനുകൂലിച്ചപ്പോൾ വെറും 7 എം പിമാർ മാത്രമായിരുന്നു എതിർക്കാൻ ഉണ്ടായിരുന്നത്.
വോട്ടിംഗിന് മുൻപ് റിപ്പോർട്ടിനെ കുറിച്ച് നടന്ന ചർച്ചയിൽ ബോറിസ് ജോൺസനെ അതിനിശിതമായി വിമർശിച്ചുകൊണ്ട് ചില ഭരണ കക്ഷി എം പി മാരും ലേബർ എം പിമാർക്കൊപ്പം രംഗത്തെത്തി. വലിയൊരു പരിധി വരെ ബോറിസ് ജോൺസന്റെ ഉദയം കാരണം പ്രധാനമന്ത്രി പദം നഷ്ടപ്പെട്ട തെരേസ മെ ശക്തമായി ബോറിസിനെതിരെ രംഗത്തുണ്ടായിരുന്നു. നമ്മിലൊരാൾ, അത് എത്രമാത്രം മുതിർന്ന നേതാവായാലും തെറ്റ് ചെയ്താൽ നമ്മൾ നടപടി എടുത്തിരിക്കും എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട അവസരമാണിതെന്നായിരുന്നു തെരേസാ മേ എം പിമാരോട് പറഞ്ഞത്.
ബോറിസ് ജോൺസന്റെ പ്രശ്ന സങ്കീർണ്ണമായ ഭരണകാലത്തെ അനുസ്മരിച്ചുകൊണ്ട് അവർ പറഞ്ഞത്, നാം കടന്നു പൊന്ന അസ്ഥിരതയുടെ നാളുകൾ നമ്മുടെ രാഷ്ട്രീയ ജീവിതത്തിൽ ഉണ്ടാക്കിയ അനിശ്ചിതത്തങ്ങൾക്ക് മറുപടിയാകില്ലെങ്കിലും, ഈ റിപ്പോർട്ടിനെ പിന്താങ്ങുക എന്നത് അതിനുള്ള ചെറിയ, എന്നാൽ സുപ്രധാനമായ ഒരു പരിഹാരമാണ് എന്നായിരുന്നു. നേരത്തെ പ്രതിരോധ സെക്രട്ടറി സ്ഥാനത്തു നിന്നും ബോറിസ് ജോൺസൺ പുറത്താക്കിയ പെന്നി മോർഡന്റും അവസരം ഉപയോഗിച്ചു.
ഭരണകക്ഷിയുടെ ജനപ്രതിനിധി സഭ നേതാവുകൂടിയായ പെന്നിയാണ് പ്രമേയത്തെ അനുകൂലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ആദ്യ കാബിനറ്റ് മന്ത്രി. ബോറിസ് ജോൺസൺ മന്ത്രി സഭയിൽ നിന്നും പുറത്താക്കപ്പെട്ട ഡെയ്ം ആൻഡ്രിയ ലീഡ്സമും ജോണസനെതിരെ അതിശക്തമായി രംഗത്തെത്തിയിരുന്നു. ഈ റിപ്പോർട്ടിനെ എതിർക്കുന്ന എം പിമാർ അവരുടെ വോട്ടർമാരെ അവഹേളിക്കുകയാണ് എന്നായിരുന്നു ലേബർ പാർട്ടി ഷാഡോ കോമൺസ് നേതാവ് താൻഗം ഡെബൊണെയർ പറഞ്ഞത്. കോവിഡ് പ്രതിസന്ധികാലത്ത് ജനങ്ങൾ ചെയ്ത ത്യാഗങ്ങളെ അപമാനിക്കലാകും ഈ റിപ്പോർട്ടിനെ എതിർക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ടിനെ പറ്റി പ്രധാനമന്ത്രി ഋഷി സുനകിന്റെ അഭിപ്രായം എന്താണെന്ന് നമ്പർ 10 ഡൗണിങ് സ്ട്രീറ്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വോട്ടിംഗിലും പ്രധാനമന്ത്രി പങ്കെടുത്തില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബോറിസ് ജോൺസന്റെ ഉറ്റ അനുയായികൾ പക്ഷെ റിപ്പോർട്ടിനെ അതിശക്തമായി എതിർക്കുകയും ചെയ്തു. പക്ഷപാതപരമായ റിപ്പോർട്ട് എന്നായിരുന്നു ജേക്കബ് റീസ്- മോഗ്ഗ് പറഞ്ഞത്. ഡുറാമിൽ ലേബർ പാർട്ടി പ്രവർത്തകർക്കൊപ്പം ബിയർ ആസ്വദിക്കുന്ന ചിത്രം പുറത്തു വന്നിട്ടും സർ കീർ സ്റ്റാർമറെ എന്തുകൊണ്ട് ശിക്ഷിച്ചില്ല എന്നായിരുന്നു മുതിർന്ന ടോറി നേതാവ് സർ ബിൽ ക്യാഷ് ചോദിച്ചത്. ആ സമയത്തും അകത്തളങ്ങളിലെ ഒത്തുകൂടലുകൾ നിരോധിച്ചിരിക്കുകയായിരുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഷ്ട്രീയ അവസരവാദത്തിന്റെ ഇരയാണ് ബോറിസ് ജോൺസൺ എന്നായിരുന്നു കൺസർവേറ്റീവ് എം പി ലിയ നിസി പറഞ്ഞത്. ജോൺസന്റെ സമീപനങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഇഷ്ടപ്പെടാത്തവരുടെ പകപോക്കലാണിതെന്നും അവർ പറഞ്ഞു. റിപ്പോർട്ട് വരുന്നതിനു മുൻപ് തന്നെ രാജിവെച്ചൊഴിഞ്ഞതിനാൽ ബോറിസിന്റെ കാര്യത്തിൽ ഈ റിപ്പോർട്ട് കാര്യമായ പ്രത്യക്ഷ സ്വാധീനമൊന്നും ചെലുത്തുകയില്ല. എന്നാൽ, മുൻ എം പിമാർക്ക് പാർലമെന്റിൽ പ്രവേശനം അനുവദിക്കുന്ന കോമൺസ് പാസ്സ് ലഭിക്കുകയില്ല.
മറുനാടന് മലയാളി ബ്യൂറോ