വാഷിങ്ടൺ: ഇംഗ്ലീഷിലായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ സംയുക്ത പ്രസ്താവനയിലെ വിശദീകരണം. പിന്നാലെ ഹിന്ദിയിൽ വിശദീകരിച്ച ഇന്ത്യൻ പ്രധാനമന്ത്രി മോദിയും. ഇന്ത്യാ-അമേരിക്കാ സഹകരണത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഇരു നേതാക്കളും വിശദീകരിച്ചു. പിന്നാലെ ചോദ്യമായി. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ അക്രമങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാട്ടി അമേരിക്കൻ മാധ്യമങ്ങൾ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുയർത്തി. ചോദ്യത്തിലെ ആരോപണം നിഷേധിച്ച പ്രധാനമന്ത്രി ആളുകൾ ഇന്ത്യയെ ജനാധിപത്യ രാജ്യമെന്ന് പറയുന്നുവെന്ന് നിങ്ങൾ പറയുന്നതിൽ താൻ ആശ്ചര്യപ്പെടുന്നു, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ അമേരിക്കൻ മാധ്യമത്തിന്റെ കള്ളി പൊളിച്ചു. എ്ല്ലാ അർത്ഥത്തിലും വൈറ്റ് ഹൗസിനെ കീഴടക്കുകയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി.

ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎയിലും ആത്മാവിലും രക്തത്തിലും അലിഞ്ഞചേർന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വിവേചനവും ഇന്ത്യയിൽ ഇല്ല, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഭരണഘടനയിലൂന്നിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലെങ്കിൽ ജനാധിപത്യമില്ല. ജനാധിപത്യത്തിൽ ജീവിക്കുമ്പോൾ വിവേചനത്തിന്റെ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. 'തന്റെ സർക്കാർ ഒന്നിലും വിവേചനം കാണിക്കുന്നില്ല. ജാതി മത വിവേചനങ്ങളില്ലാതെയാണ് സേവനങ്ങളുടെ കൈമാറ്റങ്ങൾ നടക്കുന്നത്. സബ്കാ സാത് സബ്കാ വികാസ് എന്നതാണ് മുദ്രാവാക്യം. മതമോ ജാതിയോ പ്രായമോ ഭൂമിശാസ്ത്രമോ പരിഗണിക്കാതെ എല്ലാവർക്കും രാജ്യത്ത് സൗകര്യങ്ങൾ ലഭ്യമാണ്' മോദി പറഞ്ഞു. അങ്ങനെ കിറു കൃത്യമായ മറുപടി. എല്ലാ കണ്ട് ബൈഡനും.

ഇന്ത്യയിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ പാരിസ്ഥിതിക വെല്ലുവിളിയും അതിനോടുള്ള സമീപനവുമാണ് ചോദ്യമാക്കിയത്. അതും രണ്ട് നേതാക്കളും ഒരുമയുടെ സ്വരത്തിൽ മറുപടി നൽകി. ത്രിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ ഊഷ്മള സ്വീകരണമൊരുക്കി യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം യു.എസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇരു നേതാക്കളും വൈറ്റ് ഹൗസിൽ ജനത്തെ അഭിസംബോധന ചെയ്തു. ഇന്ത്യ അമേരിക്ക ബന്ധം ലോകനന്മയ്‌ക്കെന്ന് ബൈഡൻ ചടങ്ങിൽ പറഞ്ഞു. ഇന്ത്യയും അമേരിക്കയും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ ശക്തമായ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ തനിക്ക് ലഭിച്ച വരവേൽപ്പ് 140 കോടി ഇന്ത്യാക്കാർക്കുള്ള ആദരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യൻ വംശജയായ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ജീവിതം അടക്കം പരാമർശിച്ചാണ് ഇന്ത്യാ - അമേരിക്ക ബന്ധത്തിന്റെ തീവ്രതയെ കുറിച്ച് ജോ ബൈഡൻ വാചാലനായി. അമേരിക്കയുടെ വളർച്ചയ്ക്ക് പ്രവാസികളായ ഇന്ത്യാക്കാരുടെ പങ്ക് വളരെ വലുതാണ്. വൈവിധ്യവും, മതങ്ങളിലെ നാനാത്വവും ഇരു രാജ്യങ്ങളുടെയും ശക്തിയാണ്. ഇന്ത്യ - അമേരിക്ക ബന്ധത്തിന്റെ സാധ്യതകൾ വളരെ വലുതാണ്. രണ്ട് മഹത്തായ രാഷ്ട്രങ്ങൾ, രണ്ട് ഉറ്റസുഹൃത്തുക്കൾ, രണ്ട് ലോക ശക്തികൾ, അതാണ് അമേരിക്കയും ഇന്ത്യയും. 21ാം നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുന്ന ശക്തികളാണ് ഇന്ത്യയും അമേരിക്കയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ അർപ്പണവും, പരിശ്രമവും ഇന്ത്യയുടെ യശസ്സ് ഉയർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ അടിത്തറ ഇന്ത്യൻ സമൂഹമാണ്. വൈവിധ്യങ്ങളിൽ അഭിമാനിക്കുന്നവരാണ് ഇന്ത്യാക്കാർ. 30 വർഷങ്ങൾക്ക് മുൻപ് ഞാൻ അമേരിക്കയിൽ വന്നപ്പോൾ വൈറ്റ് ഹൗസ് പുറത്ത് നിന്നാണ് കണ്ടത്. ഇതാദ്യമായാണ് ഇത്രയധികം ഇന്ത്യാക്കാർക്ക് അതിഥേയത്വം അരുളാനായി വൈറ്റ് ഹൗസിന്റെ ഗേറ്റ് തുറക്കപ്പെടുന്നത്. ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം നിലനിർത്തുന്നതിനുള്ള പാലമായി വർത്തിക്കും. കൊവിഡിന് ശേഷമുള്ള ലോകക്രമത്തെ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് നിന്ന് പ്രവർത്തിക്കും. ലോക സമാധാനത്തിനും ലോകനന്മയ്ക്കും സ്ഥിരതയ്ക്കും പുരോഗതിക്കും ബന്ധം ശക്തിയേകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് ശേഷമായിരുന്നു സംയുക്ത പ്രസ്താവന. ഇന്ത്യയുമായുള്ള ബന്ധം ശക്തവും ആഴമേറിയതാണെന്നും സുരക്ഷിത ഭാവിക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്ത പ്രസ്താവനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ ബന്ധങ്ങളിലൊന്നാണ് യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധമെന്ന് ബൈഡൻ പറഞ്ഞു. ''ദാരിദ്ര്യ നിർമ്മാർജനം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യപരിപാലനം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലാണ് ഇന്ത്യയും യുഎസും. ഇതെല്ലാം അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ലോകത്തിനും ഭാവിയിൽ പ്രാധാന്യമുള്ളതാണ്. അമേരിക്കയും ഇന്ത്യയും തമ്മിൽ പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണമുണ്ടാകുമെന്നും മത, മാധ്യമ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമാണ്. ഇരു രാജ്യങ്ങളുടെയും ഭരണഘടനകൾ ആരംഭിക്കുന്നത് 'ഞങ്ങൾ ജനങ്ങൾ' എന്ന വാക്കുകളിലാണ്. ഇരു രാജ്യങ്ങളും സ്വന്തം വൈവിധ്യത്തിൽ അഭിമാനിക്കുന്നു. കോവിഡിന് ശേഷമുള്ള ലോകക്രമം ഒരു പുതിയ രൂപമെടുക്കുകയാണ്. ആഗോള നന്മയ്ക്കും ലോക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.- മോദി വ്യക്തമാക്കി. ഈ കൂടിക്കാഴ്ച ലോക സാമ്പത്തിക രംഗത്തിന് നിർണായകമാണ്. സെമി കണ്ടക്ടർ, എഐ, ടെലി കോം മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂട്ടും. തീവ്രവാദത്തിനെതിരെ യോജിച്ച് പോരാടും. യുക്രെയ്ൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കൂടാതെ, അഹമ്മദാബാദിലും ബംഗുളൂരുവിലും യുഎസ് കോൺസലേറ്റുകൾ തുടങ്ങുമെന്നും മോദി വ്യക്തമാക്കി.

യു.എസ്. സന്ദർശനത്തിനിടെ പല സുപ്രധാനമായ ചർച്ചകളിലും പ്രധാനമന്ത്രി പങ്കെടുത്തതായാണ് വിവരം. പ്രതിരോധമേഖലകളിലെ സഹകരണം മുതൽ ബഹിരാകാശ പര്യവേഷണങ്ങൾ, വിസ മാനദണ്ഡങ്ങളിലെ ലഘൂകരണം തുടങ്ങിയ മേഖലകളിൽ വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കോൺസുലേറ്റുകൾ തുറക്കാനും എച്ച്1ബി വിസ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താനും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ട്. ബഹിരാകാശ പര്യവേശത്തിന്റെ ഭാഗമായുള്ള ആർട്ടെമിസ് ഉടമ്പടിയിലും ഇന്ത്യ ഭാഗമാകും. 2025-ൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള അമേരിക്കയുടെ പദ്ധതിയാണ് ഇത്. ഇന്ത്യൻ വ്യോമസേനയ്ക്കായി യുദ്ധവിമാന എൻജിനുകൾ നിർമ്മിക്കാൻ യു.എസിലെ പ്രമുഖ വിമാന എൻജിൻ നിർമ്മാതാക്കളായ ജനറൽ ഇലക്ട്രിക് (ജി.ഇ) എയ്‌റോസ്‌പേസുമായും ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്.