മോസ്‌കോ: യുക്രെയിൻ യുദ്ധത്തിൽ ഒരുപക്ഷെ, റഷ്യൻ സൈന്യത്തേക്കാൾ വീര്യത്തോടെ പൊരുതുകയും, ക്രൂരതകൾ കാണിക്കുകയും ചെയ്തത്, പുടിന്റെ സ്വകാര്യ സേന എന്നറിയപ്പെടുന്ന വാഗ്നാർ സേനയായിരുന്നു. പല പ്രദേശങ്ങളും ഇവരായിരുന്നു പിടിച്ചെടുത്തത്. അതിനു ശേഷമായിരുന്നു ആ പ്രദേശങ്ങൾ റഷ്യൻ സൈന്യത്തിന് കൈമാറിയിരുന്നത്. എന്നാൽ, യുക്രെയിൻ സേന പ്രത്യാക്രമണം ശക്തമാക്കിയതോടെ റഷ്യൻ സേനക്ക് പലയിടങ്ങളിലും പിന്മാറേണ്ടി വന്നത് വാഗ്നാർ സേനയുടെ കോപത്തിനു കാരണമായിരുന്നു.

റഷ്യൻ സേനയുടെയും മേധാവികളുടെയും കഴിവില്ലായ്മയെ പരിഹസിച്ച് പരസ്യമായി രംഗത്തെത്തിയ വാഗ്നാർ സേന തലവൻ യെവ്ഗേനി പ്രിഗോസിൻ ഇപ്പോൾ റഷ്യൻ സേനക്കെതിരെ നീങ്ങുകയാണെന്ന ചില റിപ്പോർട്ടുകൾ പുറത്തു വരുന്നു. ക്രെംലിനുമായി നേരിട്ടൊരു ഏറ്റുമുട്ടലിനൊരുങ്ങുകയാണ് പ്രിഗോസിൻ എന്നാണ് സൂചന. തന്റെ സൈന്യം റഷ്യൻ അതിർത്തി കടന്നു എന്ന് പ്രഖ്യാപിച്ച പ്രിഗോസിൻ, ആവശ്യപ്പെടുന്നത് പ്രതിരോധ മന്ത്രിയുടെ രാജിയും, തന്റെ 2000 ഓളം സേനാംഗങ്ങളുടെ മരണത്തിനിടയാക്കിയ സൈനിക മേധാവികളെ ശിക്ഷിക്കണം എന്നുമാണ്.

സൈനിക മേധാവികളെ അട്ടിമറിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞ പ്രിഗോസിൻ, തങ്ങളുടെ മാർഗത്തിൽ തടസ്സമാകുനതെന്തും ഇല്ലാതെയാക്കുമെന്നും പറഞ്ഞു. അതിർത്തി കടന്ന് തങ്ങൾ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും അയാൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രിഗോസിന്റെ അവകാശവാദങ്ങളെ കുറിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനെ അറിയിച്ചിട്ടുണ്ടെന്നും, ആവശ്യമായ നടപടികൾ സ്വീകരിച്ചു കഴിഞ്ഞെന്നും പുടിന്റെ വക്താവ് അറിയിച്ചു. റഷ്യൻ രഹസ്യാന്വേഷണ വിഭാഗമായ എഫ് എസ് ബി, പ്രിഗോസിനെതിരെ ഒരു ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചതായി നേരത്തേ അറിയിച്ചിരുന്നു.

യുക്രെയിൻ ആക്രമണത്തിന് ഉത്തരവിട്ടതിനു ശേഷം വ്ളാഡിമിർ പുടിൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിട്ടാണ് പാശ്ചാത്യ ം മാധ്യമങ്ങൾ ഈ സംഭവ വികാസങ്ങളെ വിശേഷിപ്പിക്കുന്നത്. സർക്കാർ ഓഫീസുകളിലും, പൊതുഗതാഗത സംവിധാനങ്ങളിലും, മോസ്‌കോയിലെ മറ്റ് തന്ത്ര പ്രധാന മേഖലകളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട് എന്ന് റഷ്യ ന്യുസ് ഏജൻസിയായ ടാസ്സ് അറിയിച്ചു.

ഒരു സൈനിക അട്ടിമറിയല്ല താൻ ഉദ്ദേശിക്കുന്നത് എന്ന് പ്രിഗോസിൻ ഒരു റേഡിയോ സന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്. നൂറോളം റേഡിയോ സന്ദേശങ്ങൾ ഇയാളുടെ പേരിൽ വരുന്നുണ്ടെങ്കിലും, ചിലതിൽ ശബ്ദ വ്യത്യാസമുണ്ടെന്നും, സന്ദേശങ്ങൾഇയാളുടേത് തന്നെയാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്താൻ ആയിട്ടില്ലെന്നും ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. 25,000 ഓലം സൈനികരാണ് പ്രതിരോധ മന്ത്രിയെ പുറത്താക്കുക എന്ന ലക്ഷ്യത്തിൽ മോസ്‌കോയിലേക്ക് നീങ്ങുന്നതെന്ന് ഇയാൾ മറ്റൊരു സന്ദേശത്തിൽ അവകാശപ്പെട്ടിരുന്നു.

തങ്ങളുടെ ആളുകളുടെ ജീവൻ നശിപ്പിച്ച, ആയിരക്കണക്കിന് റഷ്യൻ സൈനികരെ കൊലക്ക് കൊടുത്ത അധികാരികൾ ശിക്ഷിക്കപ്പെടണം എന്നും പ്രിഗോസിൻ പറയുന്നു. റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി കഴിഞ്ഞ കുറച്ച് നാളുകളായി പ്രിഗോസിൻ അകലത്തിലായിരുന്നു. സൈന്യത്തിലെ ചില ഉന്നത ഉദ്ദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഫലമായി രൂപം കൊണ്ട് നുണകളായിരുന്നു യുക്രെയിൻ ആക്രമണത്തിന് പ്രചോദനമായതെന്ന് നേരത്തേ ഇയാൾ പറഞ്ഞിരുന്നു.

അതേസമയം, രാജ്യത്തിനെതിരെ സായുധ സമരത്തിനൊരുങ്ങി എന്ന കുറ്റത്തിന് പ്രിഗോസിന്റെ പേരിൽ കേസ് ചാർജ്ജ് ചെയ്തതായി എഫ് എസ് ബി അറിയിച്ചു. 20 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. പ്രിഗോസിൻ തന്റെ നടപടികളിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ആർമി ലെഫ്റ്റനന്റ് ജനറൽ വ്ളാഡിമിർ അലെക്സേയേവും രംഗത്തെത്തിയിട്ടുണ്ട്. സൈനിക മേധാവികളെ നിയമിക്കുന്നതിനുള്ള അധികാരം പ്രസിഡണ്ടിന് മാത്രമാണെന്നും അതിൽ കൈകടത്തരുതെന്നും ജനറൽ, പ്രിഗോസിനോട് ആവശ്യപ്പെട്ടു.

ഒരുകാലത്ത് പുടിന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന പ്രിഗോസിൻ പക്ഷെ അടുത്തകാലത്ത് മോസ്‌കോയിലെ അധികാര ഇടനാഴികളിൽ നിന്നും അകന്നിട്ടുണ്ട്. കഴിഞ്ഞമാസം യുക്രെയിൻ നഗരമായ ബാഖ്മത്ത് പിടിച്ചെടുത്തത് പ്രിഗോസിന്റെ സ്വകാര്യ സൈന്യമായ വാഗ്നാർ സേനയായിരുന്നു. ഈ അവസരത്തിൽ പ്രിഗോസിൻ റഷ്യൻ സൈന്യത്തിനെതിരെ കടുത്ത വിമർശനമുയർത്തിയിരുന്നു. ഇതുവരെ ഇയാളുടെ വിമർശനങ്ങൾക്ക് നേരെ കണ്ണടക്കുകയായിരുന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം ചെയ്തിരുന്നത്.