മോസ്‌കോ: യുക്രെയിൻ അധിനിവേശത്തിന് ഉത്തരവിട്ടതിന് ശേഷമുള്ള ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇപ്പോൾ നേരിടുന്നത്. തന്റെ 25,000 സൈനികരുമായി റഷ്യയിലേക്ക് കടന്നെന്നും തെക്കൻ നഗരമായ റോസ്‌റ്റോവ് ഓൺ ഡോണിന്റെ നിയന്ത്രണം പിടിച്ചെടുത്തുവെന്നും വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യെവ്ജനി പ്രിഗോസിൻ പ്രഖ്യാപിച്ചിരിക്കുകയാണ്. തന്നെ പിന്നിൽ നിന്ന് കുത്തിയെന്നും, വാഗ്നർ ഗ്രൂപ്പിന്റേത് രാജ്യദ്രോഹമെന്നുമാണ് പുടിൻ വിശേഷിപ്പിച്ചത്.

തന്റെ സ്വകാര്യ സേനയിലെ ചില അംഗങ്ങളെ പുടിന്റെ സൈനികർ വകവരുത്തിയെന്നും, അതിന് പ്രതികാരം ചെയ്യുമെന്നും പ്രിഗോഷിൻ പറഞ്ഞു. മോസ്‌കോ ലക്ഷ്യമാക്കി നീങ്ങുന്ന വാഗ്നർ പട വോറോനെസ് നഗരത്തിന്റെ പകുതി വരെയെത്തി. മോസ്‌കോയിൽ പൊതുപരിപാടികൾ എല്ലാം റദ്ദാക്കി. സായുധ കലാപം അടിച്ചമർത്തുമെന്നാണ് പുടിന്റെ പ്രഖ്യാപനം. വാഗ്നർ ടെലിഗ്രാം ചാനലിൽ രാവിലെ വന്ന സന്ദേശം ഇങ്ങനെയായിരുന്നു: 'പുടിൻ തെറ്റായ വഴി തിരഞ്ഞെടുത്തു. അത് അയാൾക്ക് ദോഷകരമായി. വൈകാതെ നമുക്ക് പുതിയ പ്രസിഡന്റ് ഉണ്ടാകും.' റോസ്ര്‌റോവ് ഓൺ ഡോൺ നഗരത്തിലേക്ക് തന്റെ സേന കടന്നുകയറിയെന്നും നഗരത്തിന്റെ വ്യോമതാവളം തന്റെ നിയന്ത്രണത്തിലെന്നും പ്രിഗോസിൻ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ഒരുകാലത്ത് പുടിന്റെ വലംകൈയായിരുന്ന പ്രിഗോസിൻ, സൈനിക നേതൃത്വത്തിന് എതിരെ ഇന്നലെ രാത്രിയാണ് യുദ്ധം പ്രഖ്യാപിച്ചത്. മോസ്‌കോയിൽ നിന്നും 500 കിലോമീറ്റർ തെക്കുള്ള വോറോനെസ് നഗjത്തിലെ സൈനിക സംവിധാനങ്ങളുടെ നിയന്ത്രണവും വാഗ്നർ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുകയാണ്. തിരിച്ചടിക്കായി റഷ്യൻ സൈന്യവും തയ്യാറെടുപ്പുകളിലാണ്.

തന്റെ മേൽ രാജ്യദ്രോഹം അടിച്ചേൽപ്പിക്കുന്നത് തെറ്റെന്നും, പ്രസിഡന്റിന്റെ അഭ്യർത്ഥന പ്രകാരം ആരും കീഴടങ്ങാൻ പോകുന്നില്ലെന്നും പ്രിഗോസിൻ പ്രതികരിച്ചു. ഞങ്ങൾക്ക് അഴിമതിയും, കാപട്യവും നിറഞ്ഞ ഭരണത്തിൽ ജീവിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരുസൈനിക കലാപമല്ല, നീതിക്ക് വേണ്ടിയുള്ള യുദ്ധമെന്നും വാഗ്നർ ഗ്രൂപ്പ് പറയുന്നു.

യുക്രെയിനിലെ യുദ്ധത്തിൽ റഷ്യയുടെ മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ചവരാണ് വാഗ്നർ ഗ്രൂപ്പ് എന്ന സ്വകാര്യസേന. എതിരാളികളെ വളരെ ക്രൂരമായി കൊന്നൊടുക്കുന്നതിന് കുപ്രസിദ്ധി കേട്ടവരാണ് വാഗ്നർ ഗ്രൂപ്പ്. യുക്രെയിൻ തടവുകാരെയും, കൂറുമാറിയവരെയും കൂടം കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുന്നതടക്കം ക്രൂരതകളിൽ മുഴുകുന്ന സംഘമാണ്.

അടുത്ത കാലത്തായി തങ്ങൾക്ക് ആയുധങ്ങളും, പിന്തുണയും നിഷേധിക്കുകയാണെന്ന് പ്രതിരോധ മന്ത്രി സെർഗെ ഷൊയ്ഗുവിനും, ഉന്നത ജനറൽ വലേറി ഗെരാസിമോവിനും എതിരെ പ്രിഗോസിൻ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ മാസം യുക്രെയിൻ നഗരമായ ബാക്മത്, കീഴടക്കിയത് വാഗ്നറുടെ നേതൃത്വത്തിലാണ്. 10 മാസത്തിനിടയിലെ ഏറ്റവും വലിയ സൈനിക വിജയം കൈവന്നതോടെ, പ്രതിരോധ മന്ത്രാലയത്തിന് എതിരെ പ്രിഗോസിന്ഡ തുറന്ന വിമർശനങ്ങൾ അഴിച്ചുവിട്ടു. യുക്രെയിനിലെ രക്തരൂക്ഷിത യുദ്ധത്തിന്റെ ആവശ്യകത തന്നെ ചോദ്യം ചെയ്ത 62 കാരനായ പ്രിഗോസിൻ കഴിഞ്ഞ ആഴ്ചകളിൽ പുടിനെതിരെ രൂക്ഷമായ പരസ്യവിമർശനങ്ങളാണ് നടത്തിയത്. പ്രതിരോധ മന്ത്രാലയം ഇതുവരെ ഇവ അവഗണിക്കുകയായിരുന്നു. ഇപ്പോൾ, അത് നാടകീയമായി ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുന്നു.

വെറും ഗൂണ്ടാ സംഘമല്ല

വെറുമൊരു ഗുണ്ടാ സംഘമല്ല ഇവർ. ആധുനിക ആയുധങ്ങളും റോക്കറ്റുകളും ടാങ്കുകളുമൊക്കെയുള്ള പട്ടാളമാണ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ അവർ നാശം വിതച്ചു കഴിഞ്ഞു. പുടിനെ എതിർക്കുന്നവർ ലോകത്ത് എവിടെയായാലും കൊല്ലപ്പെടുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ലായിരുന്നു. കാലകേയപ്പടപോലെ കടന്നുപോകുന്നിടമെല്ലാം നക്കിത്തുടച്ച് പോകുന്ന വാഗ്‌നർ സൈന്യം, യുക്രൈയിനിൽ റഷ്യക്കുവേണ്ടി പോരടിക്കയായിരുന്നു ഇതുവരെ, കൊള്ളയും, കൊലയും, ബലാത്സംഗവും നടത്തി യുദ്ധം ആഘോഷിക്കുന്നവരാണ് ഇക്കൂട്ടർ.

റഷ്യൻ സൈന്യത്തിന് നേരത്തെ തന്നെ ഭീഷണി

യുക്രൈൻ യുദ്ധത്തിന്റെ ഭാഗമായി വാഗ്‌നർ ഗ്രൂപ്പ് ഉത്തര കൊറിയയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നതിന്റെ ചിത്രങ്ങൾ യു.എസ്. ദേശീയസുരക്ഷാവക്താവ് ജോൺ കിർബി പുറത്തുവിട്ടിരുന്നു. വാഗ്‌നർ ഗ്രൂപ്പ് റഷ്യയിലെ ഔദ്യോഗിക സെന്യത്തിന് ഭീഷണി ആയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വ്യാപകമായ പീഡനങ്ങളും മനുഷ്യാവകാശധ്വംസനങ്ങളും നടത്തുന്ന സംഘടനയാണ് വാഗ്‌നർ. അതിന് പിന്തുണ നൽകുന്നവരെ കണ്ടെത്താനും തകർക്കാനും ചെയ്യാവുന്നതെല്ലാം ചെയ്യും -കിർബി പറഞ്ഞു. യുക്രെനെതിരായ യുദ്ധത്തിൽ പ്രിഗോസിൻ വ്യക്തിപരമായി തീരുമാനമെടുക്കുന്നുണ്ടെന്നും ഇത് റഷ്യൻ സൈന്യത്തിനുതന്നെ ഭീഷണിയായിരിക്കുകയാണെന്നും കിർബി ആരോപിച്ചിരുന്നു.

പുടിന്റെ ബിനാമി സേന

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ബിനാമി സേനയാണ് ഇതെന്ന് പരസ്യമായ രഹസ്യമാണ്. പുടിന്റെ വിശ്വസ്തനും വ്യവസായിയുമായ യെവ്ഗൻസി പ്രിഗോസിൻ 2014-ലാണ് വാഗ്‌നർ ഗ്രൂപ്പ് എന്ന സ്വകാര്യ സൈനികസംഘം രൂപവത്കരിച്ചത്. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവർഷംകൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള സംഘമായി മാറി. ദിമിത്രി ഉത്കിനാണ് സൈന്യത്തിന്റെ തലവൻ.

റഷ്യയിലെ ഹോട്ടൽശൃംഖലയുടെ ഉടമയാണ് പ്രിഗോസിൻ. അവിടെ പുതിൻ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നതിനാൽ 'പുടിൻസ് ഷെഫ്' എന്നും പ്രിഗോസിൻ അറിയപ്പെടുന്നു. ആഗോളതലത്തിൽ വ്യാപാരബന്ധങ്ങളും ആയുധക്കച്ചവടവുമുള്ള സംഘടനയാണ് വാഗ്‌നർ. യു.എസിന്റെ ക്രിമിനൽപ്പട്ടികയിൽ ഉൾപ്പെട്ടതോടെ സംഘടനയ്‌ക്കെതിരേ പലതരത്തിലുമുള്ള വിലക്കുകൾക്ക് സാധ്യതയുണ്ട്.

റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിന്റെ സുരക്ഷാ കാര്യങ്ങൾ മുഴുവൻ നോക്കുന്നതും ഈ സംഘടനയാണ്. 2017-ൽ പുറത്തിറങ്ങിയ ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം സംഘത്തിൽ 6,000 സൈനികർ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. കടലാസിൽ വാഗ്നർ ഗ്രൂപ്പ് സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെങ്കിലും അതിന്റെ മാനേജ്മെന്റും പ്രവർത്തനങ്ങളും റഷ്യൻ മിലിട്ടറി, ഇന്റലിജൻസുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അമേരിക്കൻ തിങ്ക്ടാങ്ക് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് പറയുന്നത്. അതുകൊണ്ടുതന്നെയാണ് ഇവർക്ക് റഷ്യൻ ജയിലുകളിലൊക്കെപോയി റിക്രൂട്ട്‌മെന്റ് നടത്താൻ കഴിയുന്നതും.

തല വെട്ടിമാറ്റി മൃതദേഹം കത്തിക്കും

പിടിച്ചോണ്ട് വരാൻ പറഞ്ഞാൽ കൊന്നോണ്ട് ചെല്ലുന്നവർ എന്നും, മൊസാദിനേക്കാൾ കടുപ്പമുള്ളവർ എന്നുമാണ് ഇവർ അറിയപ്പെടുന്നത്. രഹസ്യ ഓപ്പറേഷനുകളിലൂടെയാണ് മൊസാദ് ലക്ഷ്യം നേടുന്നതെങ്കിൽ നേരിട്ട് മുഖാമുഖം നിന്നാണ് വാഗ്നർ ഗ്രൂപ്പിന്റെ ഇടപെടലുകൾ. യുക്രൈൻ പ്രസിഡന്റ് വ്ളാഡമിർ സെലെൻസ്‌കിയെ വധിക്കുന്നതിനുള്ള ക്രെംലിനിൽ നിന്നുള്ള ഉത്തരവോടെ യുക്രൈൻ തലസ്ഥാനത്ത് ഈ സംഘമെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ സെലൻസ്‌കി ഈ കൊലയാളി സംഘത്തിൽനിന്ന് രക്ഷപ്പെട്ടു. ഫെബ്രുവരി 28 ന് ദ ടൈംസിൽ വന്ന റിപ്പോർട്ട് പ്രകാരം സെലൻസ്‌കിയെ വധിക്കാനായി വാഗ്നർ ഗ്രൂപ്പിലെ 400 ഓളം പേരാളികളെയാണ് റഷ്യ കീവിലേക്ക് അയച്ചത്. എന്നിട്ടും സെലൻസ്‌ക്കി അജയ്യനായി നിൽക്കുന്നത് വേറെ കാര്യം.

നീണ്ടതും പ്രത്യക്ഷവുമായ സൈനിക ഓപ്പറേഷനുകളെക്കാൾ നിശബ്ദമായ കൊലപാതകങ്ങളിലാണ് സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിക്രൂരമായ കൊലപാതകങ്ങളിലാണ് വാഗ്‌നർ ഗ്രൂപ്പിന്റെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്നതിൽ പലതും. തലയും കാലും കൈയും വെട്ടിമാറ്റി മൃതദേഹം കത്തിക്കുകയെന്നത് വാഗ്‌നർ ഗ്രൂപ്പിന്റെ കൊലപാതകങ്ങളിലെ പ്രത്യേകതയായി കരുതപ്പെടുന്നു. യുദ്ധക്കുറ്റവാളികളോട് നീതിപുർവകമായ പെരുമാറ്റമൊന്നും ഇവർക്കില്ല. ഇരകളെ ബലാത്സഗം ചെയ്്തുകൊള്ളാനുള്ള അനൗദ്യോഗികമായ ഉത്തരവും ഇവർക്കുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ നടത്തുന്ന യുദ്ധങ്ങളിൽ റഷ്യൻ സർക്കാരിനൊപ്പം ഇവർ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. സിറിയ, മാലി, സുഡാൻ, മൊസാംബിക്ക്, സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക്, എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ റഷ്യക്കായി വാഗ്‌നർ ഗ്രൂപ്പിന്റെ പോരാളികളുണ്ടായിരുന്നു. നിലവിൽ ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയയിലും ഇവരുണ്ട്. സിറിയയിൽ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് റഷ്യ ഇടപെട്ടപ്പോൾ സിറിയൻ യുദ്ധ ഭൂമിയിലേക്കും വാഗ്നർ ഗ്രൂപ്പെത്തി.യുക്രൈനിലെ ഫാസിസ്റ്റുകൾക്കെതിരെയാണ് തങ്ങൾ പോരാടുന്നതെന്നാണ് വാഗ്നർ ഗ്രൂപ്പ് പറയുന്നത്. പക്ഷെ വാഗ്നർ ഗ്രൂപ്പ് നേതൃത്വം തന്നെ നിയോ നാസികളാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

2019 ൽ ഇത്തരത്തിൽ കൊല ചെയ്യപ്പെട്ട നിരവധി പേരുടെ വീഡിയോ ഫുട്ടേജുകൾ വാഗ്‌നർ ഗ്രൂപ്പിന്റെ പേരിൽ പുറത്ത് വന്നിരുന്നു. പുടിന്റെ പിന്തുണയുള്ള സിറിയൻ സ്വേച്ഛാധിപതി ബാഷർ അസദിനെ സഹായിക്കാൻ വാഗ്‌നർ ഗ്രൂപ്പിനെ സിറിയിലേക്ക് അയച്ചിരുന്നു. ലിബിയയിൽ പ്രവർത്തിച്ചിരുന്ന വാഗ്‌നർ ഗ്രൂപ്പ് സംഘം ഉപയോഗിച്ചിരുന്ന ടാബലെറ്റ് ബിബിസിക്ക് ലഭിച്ചിരുന്നു. ഇതിൽ ഈ കൊലയാളി സംഘം ഉപയോഗിച്ചിരുന്ന അത്യാധുനിക റഡാർ സംവിധാനം എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു.

വാഗ്‌നർ ഗ്രൂപ്പുകളെ കുറിച്ച് ജോയിന്റ് ഫോഴ്സ് കമാൻഡിന്റെ മുൻ കമാൻഡറായ ജനറൽ സർ റിച്ചാർഡ് ബാരൺസ് പറഞ്ഞ വാക്കുകൾ ഏറെ പ്രശസ്തമാണ്. 'അവർ വളരെ ഫലപ്രദമാണ്, കാരണം, അവർക്ക് നിഴലിൽ നിന്ന് പ്രത്യക്ഷപ്പെടാനും വളരെ അക്രമാസക്തമായ കാര്യങ്ങൾ ചെയ്യാനും പിന്നീട് അത് പോലെ തന്നെ അപ്രത്യക്ഷമാകാനും കഴിയും, ആരാണ് ഉത്തരവാദിയെന്ന് മാത്രം വ്യക്തമാകില്ല. അവർക്ക് റഷ്യൻ സർക്കാരുമായി നേരിട്ട് ബന്ധമില്ല, അതിനാൽ തന്നെ അവയ്ക്ക് തെളിവുകളും കണ്ടെത്താൻ പറ്റില്ല.' എന്നായിരുന്നു.