മോസ്‌കോ: പുട്ടിന് താൽകാലികാശ്വസാം. കൂലിപ്പട്ടാളമായ വാഗ്‌നർ സേനയുടെ മേധാവി യെവ്ജെനി പ്രിഗോസിൻ റഷ്യ വിടുന്നു. ഉടമ്പടിയുടെ ഭാഗമായി അയൽരാജ്യമായ ബെലാറൂസിലേക്ക് പ്രിഗോസിൻ മാറുമെന്നാണ് റഷ്യൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സായുധകലാപ ശ്രമം നടത്തിയ പ്രിഗോസിനെതിരെ എടുത്ത കേസുകൾ പിൻവലിക്കുകയും ചെയ്തു. വാഗ്‌നർ സേനാ അംഗങ്ങൾ ബെലാറൂസിലേക്ക് മാറുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂകാഷെങ്കോ പ്രിഗോസിനുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വാഗ്‌നർ സേന വിമത നീക്കം അവസാനിപ്പിച്ച് പിന്മാറ്റം നടത്തിയത്. നേരത്തെ പിടിച്ചെടുത്ത റഷ്യൻ സൈനിക നഗരമായ റൊസ്‌തോവിൽ നിന്ന് വാഗ്‌നർ സേന പൂർണ്ണമായും പിൻവലിഞ്ഞു. പ്രിഗോസിനടക്കം റോസ്തോവിലുണ്ടായിരുന്നു. ഇവരുടെ പിന്മാറ്റത്തിന് പിന്നാല റഷ്യൻ പൊലീസ് നഗരം ഏറ്റെടുത്തു.

പുതിന്റെ വിശ്വസ്തനും വ്യവസായിയുമായ പ്രിഗോഷിൻ 2014-ൽ രൂപവത്കരിച്ച സ്വകാര്യ സൈനികസംഘമാണ് പി.എം.സി. വാഗ്‌നർ അഥവാ വാഗ്‌നർ പട്ടാളം. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവർഷംകൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള സംഘമായി. ആഗോളതലത്തിൽ വ്യാപാരബന്ധങ്ങളും ആയുധക്കച്ചവടവുമുള്ള സംഘടനകൂടിയാണിത്. ദിമിത്രി ഉത്കിനാണ് ഇവരുടെ സൈന്യത്തെ നയിക്കുന്നത്. പ്രിഗോഷിന്റെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ സ്ഥിരമായി പുടിനെത്തിയിരുന്നതിനാൽ പുടിൻസ് ഷെഫ് എന്നും പ്രിഗോഷിൻ അറിയപ്പെടുന്നു. അവരാണ് പുതിയ വെല്ലുവിളി ഉയർത്തിയത്.

വാഗ്‌നർസേന മോസ്‌കോ ലക്ഷ്യം വെച്ച് നീങ്ങുന്നതിനിടെയാണ് മധ്യസ്ഥ ശ്രമങ്ങൾ ഉണ്ടായത്. തങ്ങൾ മോസ്‌കോയ്ക്ക് 200 കിലോമീറ്റർ മാത്രം അകലെയാണെന്നും രക്ത ചൊരിച്ചിൽ ഒഴിവാക്കാൻ പിൻവാങ്ങുന്നു എന്നായിരുന്നു പ്രിഗോസിൻ പിന്മാറ്റം സംബന്ധിച്ച പ്രസ്താവനയിൽ പറഞ്ഞിരുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിന്റെ നിർദ്ദേശ പ്രകാരമാണ് ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂകാഷെങ്കോ മധ്യസ്ഥ ശ്രമങ്ങൾ നടത്തിയത്.

ഇതോടെ പുടിൻ റഷ്യ വിട്ടോടിപ്പോയി എന്ന പാശ്ചാത്യമാധ്യമങ്ങളുടെ പചാരണം നിലച്ചു. വാഗ്‌നർ സേന റഷ്യൻ നഗരത്തിലേക്ക് മാർച്ച് ചെയ്യുന്നു എന്ന വാര്ത്ത വന്നതോടെ പുടിന്റെ അന്ത്യമായി എന്ന് സിഎൻഎൻ ഉൾപ്പെടെയുള്ള പാശ്ചാത്യമാധ്യമങ്ങൾ കൊട്ടിഘോഷിച്ചിരുന്നു. യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന സ്വകാര്യ കൂലിപ്പട്ടാളമായ വാഗ്‌നർ സേനയാണ് അവർക്കുനേരെ തിരിഞ്ഞത്. യുക്രൈൻ അതിർത്തികടന്നെത്തി റഷ്യൻ സൈനികനഗരമായ റൊസ്‌തോവ് വാഗ്‌നർ സേന പിടിച്ചെടുത്തു. മറ്റു പ്രധാനനഗരങ്ങളും ലക്ഷ്യമിട്ടതോടെ തലസ്ഥാനമായ മോസ്‌കോയിൽ അതിജാഗ്രത പ്രഖ്യാപിച്ചു.

ജനങ്ങൾക്കായാണ് ഈ പോരാട്ടമെന്നും ലക്ഷ്യംകാണാൻ മരിക്കാൻവരെ തയ്യാറാണെന്നും വാഗ്‌നർ സേനയുടെ മേധാവി യെവെനി പ്രിഗോഷിൻ അറിയിച്ചു. വാഗ്‌നർസേന പിന്നിൽനിന്ന് കുത്തിയെന്നും എന്തുവിലകൊടുത്തും അടിച്ചമർത്തുമെന്നും റഷ്യൻ പ്രസിഡന്റ് പുടൻ പറഞ്ഞു. ഇത് തുടക്കംമാത്രമാണെന്ന് യുക്രൈനും പ്രതികരിച്ചു. എന്നാൽ പെട്ടെന്ന് പ്രതിസന്ധി ഒഴിഞ്ഞു. റൊസ്‌തോവിലെ തെരുവുകളിൽ കവചിതവാഹനങ്ങളും യുദ്ധടാങ്കുകളുമായി നീങ്ങുന്ന വാഗ്‌നർ സൈനികരുടെ വീഡിയോയും പ്രചരിച്ചിരുന്നു.

യുദ്ധമുഖത്ത് യുക്രൈൻ പ്രത്യാക്രമണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ വാഗ്‌നർ സേന ഭരണകൂടവുമായി ഇടഞ്ഞത് റഷ്യൻ സൈന്യത്തെ കൂടുതൽ പ്രതിരോധത്തിലാകുമായിരുന്നു. സ്വകാര്യ സൈന്യമായാണ് വാഗ്‌നർ സൈനികർ സ്വയം വിശേഷിപ്പിക്കുന്നത്. പ്രൈവറ്റ് സെക്യൂരിറ്റി ഗാർഡ് കമ്പനികളുടെ സൈനികരൂപമെന്നു വേണമെങ്കിൽ പറയാം. സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് റഷ്യയിലും വിട്ടുപോയ റിപ്പബ്ലിക്കുകളിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും നിയമവാഴ്ച തകർന്നതോടെ, വൻ ബിസിനസ് സ്ഥാപനങ്ങളും എണ്ണക്കമ്പനികളും ഖനിയുടമകളും ബാങ്കുകളും മറ്റും സ്ഥാപനങ്ങളുടെ സംരക്ഷണത്തിനു രൂപീകരിച്ചു തുടങ്ങിയവയാണിവ. അവയിൽ ചിലതു വളർന്ന് അന്നത്തെ അരാജകത്വം മുതലെടുത്തു ചെറു സൈന്യങ്ങളായി മാറി.

പുതുതായി പരിശീലനം നൽകേണ്ട എന്നതിനാൽ ഇത്തരം കൂലിപ്പട്ടാള കമ്പനികൾ രൂപീകരിക്കാൻ വൻ സന്നാഹങ്ങളൊന്നും വേണ്ട. അതിനാൽ ദേശീയസൈന്യത്തെക്കാൾ ഉയർന്ന ശമ്പളം നൽകാൻ കഴിയും. റഷ്യയിൽ മാത്രമല്ല, ചില കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും പശ്ചിമേഷ്യയിലും ഇത്തരം കൂലിപ്പട്ടാള കമ്പനികളുണ്ട്. പശ്ചിമേഷ്യയിൽ റഷ്യ നടത്തുന്ന പല സൈനിക ഇടപെടലുകളിലും ഇവരെയാണ് ഉപയോഗിക്കുന്നതെന്നാണു പാശ്ചാത്യലോകത്ത് ഉയരുന്ന ആരോപണം. ഇങ്ങനെ വളർന്ന ഒന്നാണ് വാഗ്‌നർ ഗ്രൂപ്പ്.

വ്‌ലാഡിമിർ പുട്ടിന്റെ സുഹൃത്തായി അറിയപ്പെട്ടിരുന്ന യെവ്‌ജെനി പ്രിഗോഷിനാണ് വാഗ്‌നർ സൈന്യത്തിന്റെ കമാൻഡറും ഉടമയും. വിഖ്യാത ജർമൻ സംഗീതജ്ഞൻ റിച്ചഡ് വാഗ്‌നറോടുള്ള ആരാധന മൂലമാണ് പ്രിഗോഷിൻ തന്റെ കൂലിപ്പട്ടാളത്തിന് ഈ പേരിട്ടതെന്നു പറയപ്പെടുന്നു. പുട്ടിന്റെ സുഹൃത്തുക്കളായ വൻ വ്യവസായികൾ വാടകയ്‌ക്കെടുത്താണത്രെ കമ്പനി വളർന്നത്.

റഷ്യൻ സൈന്യത്തോടൊപ്പം യുക്രെയ്‌നിൽ പൊരുതിയിരുന്നവരാണ് വാഗ്‌നർ കൂലിപ്പടയാളികൾ. ദേശീയ സൈന്യത്തെക്കൊണ്ടു ചെയ്യിക്കാൻ മടിക്കുന്ന, അല്ലെങ്കിൽ അവർ ചെയ്യാൻ അറയ്ക്കുന്ന പലതുമാണ് ഇവരെക്കൊണ്ടു ചെയ്യിച്ചിരുന്നതെന്നു പറയപ്പെടുന്നു. ദേശീയ സൈന്യം പേരിനെങ്കിലും ജനീവ കൺവൻഷൻ നിയമങ്ങൾ പാലിക്കാറുണ്ട്. അവയൊന്നും കൂലിപ്പട്ടാളങ്ങളെ ബാധിക്കാറില്ല. ഇവരാണ് റഷ്യയിൽ പ്രതിസന്ധിയുണ്ടാക്കിയത്.