- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാഖിലെ സ്വീഡിഷ് എംബസിയിലെക്ക് ഇരച്ച് കയറി ജനങ്ങൾ; നയതന്ത്ര പ്രതിനിധിയെ തിരിച്ച് വിളിച്ച് മോറോക്കോ; കടുത്ത ഭാഷയിൽ അപലപിച്ച് അറബ് രാജ്യങ്ങൾ; സ്വീഡനിലെ ഖുറാൻ കത്തിക്കലിൽ ലോകമെമ്പാടും പ്രതിഷേധം ഇരമ്പുന്നു
സ്വീഡനിലെ ഖുറാൻ കത്തിക്കലിൽ ലോകമെമ്പാടും പ്രതിഷേധം ഉയരുകയാണ്. ഇന്നലെ ബാഗ്ദാദിലെ സ്വീഡിഷ് എംബസിയിലെക്ക് നിരവധി പ്രതിഷേധക്കാർ ഇരച്ചു കയറി. മുൻപിലെ ഇരുമ്പ് ഗെയ്റ്റ് തല്ലിതകർത്ത ജനക്കൂട്ടം ചുറ്റുമതിലിനു മുകളിലേക്ക് ഇരച്ചു കയറുകയും ചെയ്തു. ഇറാഖി വംശജനെ ഖുറാൻ കത്തിക്കാൻ അനുവാദം നൽകിയതിന് സ്വീഡനെതിരെ ഇസ്ലാമിക രാജ്യങ്ങളിൽ കടുത്ത പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണിത്.
ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച സ്റ്റോക്ക്ഹോമിലെ പ്രധാന മോസ്‌കിന് മുൻപിൽ വെച്ച് ഇരുന്നൂറോളം പേരെ സാക്ഷി നിർത്തിയായിരുന്നു സൽവാൻ മോമിക എന്ന ഇറാഖി വംശജൻ ഖുറാൻ കത്തിച്ചത്. കത്തിക്കുന്നതിനു മുൻപായി ഇയാൾ ഗ്രന്ഥത്തിന്റെ പല പേജുകളും കീറിയെറിയുകയും ചെയ്തു. ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന സ്വീഡിഷ് നിയമങ്ങൾക്ക് കീഴിൽ, ഈ പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിരുന്നു. എന്നാൽ, പിന്നീട്, വംശീയ വിദ്വേഷം പടർത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
തീർത്തും അപമാനകരമായ സംഭവം എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. ഖുറാൻ കത്തിച്ച നടപടി തികച്ചും വേദനാജനകമാണെന്നും അമേരിക്കൻ പ്രതികരണത്തിലുണ്ട്. സൗദി അറേബ്യ, ഇറാൻ, മൊറോക്കോ ബഹറേയ്ൻ, യു എ ഇ തുടങ്ങിയ രാജ്യങ്ങളും സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.
തങ്ങളുടെ ഭരണഘടന ഖുറാൻ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബാഗ്ദാദിലെ സ്വീഡിഷ് എംബസിക്ക് മുന്നിൽ എത്തിയ പ്രതിഷേധക്കാർ, സ്വീഡിഷ് അമ്പാസിഡറെ നാടുകടത്തണമെന്നും ആവശ്യപ്പെട്ടു. ഗെയ്റ്റ് തകർത്ത് എംബസി വളപ്പിൽ കയറിയ ജനക്കൂട്ടം ഏകദേശം 15 മിനിറ്റോളം അവിടെ തുടർന്നു. പിന്നീട് സുരക്ഷാ സൈന്യം എത്തിയതോടെ സമാധാനപരമായി പിരിഞ്ഞുപോവുകയായിരുന്നു. എൽ ജി ബി ടി ക്യു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന മഴവിൽ പതാക പ്രതിഷേധക്കാർ കത്തിച്ചു.
ഇറാഖി പൗരനായ മോമികയുടെ പൗരത്വം റദ്ദാക്കണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉന്നയിച്ചു. ഇത്തരമൊരു ഹീനകൃത്യം ചെയ്ത വ്യക്തി ഇറാഖ് പൗരനായി തുടരാൻ പാടില്ലെന്ന് അവർ നിർബന്ധപൂർവ്വം പറയുന്നു. ഇതിന് മുൻപ് ഖുറാൻ കത്തിച്ച് പ്രതിഷേധിക്കുന്നതിനുള്ള നിരവധി അപേക്ഷകൾ സ്വീഡിഷ് പൊലീസ് നിരാകരിച്ചിരുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിന്റെ പേരിൽ കോടതികൾ പ്രതിഷേധക്കാർക്ക് അനുകൂലമായ നിലപാടായിരുന്നു എടുത്തിരുന്നത്. ഇത് സ്വീഡന്റെ നാറ്റോ പ്രവേശനത്തിന് പോലും വിലങ്ങു തടിയായി മാറുകയും ചെയ്തു.
ഖുറാൻ കത്തിച്ച് പ്രതിഷേധിക്കാൻ അനുമതി നൽകിയ സ്വീഡിഷ് ഭരണകൂടത്തെ കടുത്ത ഭാഷയിലാണ് തുർക്കി വിമർശിച്ചത്. ഇറാൻ, ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ മൊറോക്കോ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ താത്ക്കാലികമായി സ്വീഡനിൽ നിന്നും പിൻവലിച്ചു. സ്വീഡിഷ് നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച അമേരിക്ക പക്ഷെ സ്വീഡന്റെ നാറ്റോ പ്രവേശനം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
വീണ്ടും ഖുറാൻ കത്തിക്കുമെന്ന് ഭീഷണി
ലോകമെമ്പാടും പ്രതിഷേധം ഉയരുമ്പോഴും സ്റ്റോക്ക്ഹോമിലെ മോസ്‌കിന് മുൻപിൽ ഖുറാൻ കത്തിച്ച ഇറാഖ് വംശജൻ സൽവാൻ മോമിക സ്വീഡിഷ് മാധ്യമങ്ങളോട് പറഞ്ഞത് 10 ദിവസങ്ങൾക്കുൾലിൽ വീണ്ടും ഖുറാൻ കത്തിക്കും എന്നാണ്. തന്റെ പ്രവൃത്തി കടുത്ത പ്രതികരണങ്ങൾ ഉണ്ടാക്കും എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അത് ചെയ്തതെന്ന് പറഞ്ഞ അയാൾ, തനിക്ക് നിരവധി വധ ഭീഷണികളും നേരിടേണ്ടി വരുന്നതായി പറഞ്ഞു.
ഇതൊകൊണ്ടൊന്നും താൻ പുറകോട്ടില്ല എന്ന് പറഞ്ഞ സൽവാൻ, പത്ത് ദിവസത്തിനുള്ളിൽ സ്റ്റോക്ക്ഹോമിലെ ഇറാഖി എംബസിക്ക് മുന്നിൽ വച്ച് 10 ദിവസത്തിനുള്ളിൽ താൻ ഖുറാനും ഇറാഖി പതാകയും കത്തിക്കുമെന്നും പ്രഖ്യാപിച്ചു. പ്രതിഷേധിക്കാൻ അനുമതി നൽകിയ പൊലീസ് പിന്നീട് ഇയാളുടെ മേൽ കലാപാഹ്വാനത്തിനും വിദ്വേഷ പ്രചാരണത്തിനുംകേസെടുത്തിട്ടുണ്ടെന്നും അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ