പാരീസ്: ഇക്കഴിഞ്ഞയാഴ്‌ച്ച ആദ്യം പാരിസിന്റെ സമീപത്ത് പൊലീസ് വെടിയേറ്റ് മരിച്ച കൗമാരക്കാന്റെ ശവ സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞതോടെ നാൻടീർ കമ്മ്യുണിൽ സ്ഥിതിഗതികൾ വഷളായി. ലഹള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുമ്പോൾ പ്രതിഷേധക്കാരെ പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നുമുണ്ട്. വെള്ളിയാഴ്‌ച്ച വരെ 1300 പേർ അറസ്റ്റിലായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ശനിയാഴ്‌ച്ച മറ്റ് 121 പേർ കൂടി പൊലീസ് കസ്റ്റഡിയിലായി.

നാൻടീർ കമ്മ്യുണിലെ ഒരു മോസികിൽ ശവസംസ്‌കാര ചടങ്ങുകൾക്കായി മരണപ്പെട്ട കൗമാരക്കാരന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ശനിയാഴ്‌ച്ച ഉച്ചക്ക് ഒത്തു ചേർന്നിരുന്നു. സംസ്‌കാര ചടങ്ങുകൾ ശാന്തമായാണ് നടന്നതെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. ഖബർ, മോസ്‌കിലെ പ്രാർത്ഥനകൾക്ക് ശേഷം ഖബറിടത്തിലേക്ക് കൊണ്ടു പോകുന്നത് വരെ തടിച്ചു കൂടിയ ജനങ്ങൾ നിശബ്ദത പാലിച്ചു. മോസ്‌കിൻ്യൂ് ചുറ്റും കനത്ത സുരക്ഷാ വലയവും ഒരുക്കിയിരുന്നു.

തന്റെ മകനെ വെടിവെച്ച ആ ഉദ്യോഗസ്ഥൻ മാത്രമാണ് മകന്റെ മരണത്തിന് ഉത്തരവാദി എന്നാണ് കൗമാരക്കാരന്റെ അമ്മ പറയുന്നത്. എന്നാൽ, ഈ കൊലക്ക് പിന്നിൽ വംശീയ വെറിയുടെ സ്പർശനമുണ്ടോ എന്ന ചോദ്യം രാജ്യത്താകെ കലാപത്തിന് വഴി തെളിക്കുകയായിരുന്നു. രാജ്യമാകമാനം വൻ ജനക്കൂട്ടങ്ങൾ പങ്കെടുക്കുന്ന പരിപാടികൾ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ പോലും പ്രതിഷേധങ്ങൾ ശനിയാഴ്‌ച്ച പാതിരാത്രി കഴിഞ്ഞും നീണ്ടു.

തുടർച്ചയായ നാലാം ദിവസവും അക്രമ സംഭവങ്ങൾ അരങ്ങേറിയപ്പൊൾ, 1,311 പേരെ കസ്റ്റഡിയിൽ എടുത്തതായി ഫ്രാൻസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതു നിരത്തുകളിൽ വിവിധ ഇടങ്ങളിലായി 2560 തീവെയ്പുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിക്കുന്നു. 1,350 കാറുകൾ തീവെയ്‌പ്പിൽ നശിച്ചു. 234 കെട്ടിടങ്ങളിൽ അഗ്‌നിബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. കലാപത്തെ നേരിടാൻ രാജ്യത്താകെ 45,000 പ്രത്യെക പൊലീസ് സേനയെ വിന്യസിച്ചതായും ആഭ്യന്ത്രര മന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്‌ച്ച രാത്രി കനത്ത ആക്രമണ സംഭവങ്ങൾ അരങ്ങേറിയ ലിയോണിലും മാഴ്സെല്ലിലും സുരക്ഷാ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച്ച കലാപം ആരംഭിച്ചതിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പലരും പ്രായപൂർത്തിയാകാത്തവരാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. വിവിധ സംഭവങ്ങളിലായി എഴുപത്തി ഒന്ന് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. 58 ഓളം പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെടുകയും ചെയ്തു.

ലിയോണിൽ രണ്ട് പൊലീസുകാർക്ക് വെടിയേറ്റു. അതിൽ മൂക്കിൽ വെടിയേറ്റ ആളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്‌ച്ചയായിരുന്നു സംഭവം നടന്നത്. ഇന്നലെ രാത്രിയോടെ പ്രത്യേക റയട്ട് പൊലീസിനെ ലിയണിൽ വിന്യസിച്ചിട്ടുണ്ട്. ഏകദേശം 700 ഓളം വ്യാപാര സ്ഥാപനങ്ങൾ പ്രതിഷേധക്കാർ നശിപ്പിച്ചു. പലയിടങ്ങളിലും ഷോപ്പിങ് സെന്ററുകൾക്കും ബാങ്കുകൾക്കും നേരെയും ആക്രമണമുണ്ടായി. ചിലയിടങ്ങളിൽ കൊള്ളയും നടന്നിട്ടുണ്ട്.

പ്രതിഷേധം കനത്തതോടെ ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ജർമ്മൻ സന്ദർശനം റദ്ദാക്കിയതായി ഇന്നലെ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തെ സാഹചര്യങ്ങൾ ഫോൺ വഴി ജർമ്മൻ പ്രസിഡണ്ടിന് വിവരിച്ചു കൊടുത്തതായും കുറിപ്പിൽ പറയുന്നു. അക്രമ സംഭവങ്ങൾ നടക്കുന്നതിനിടയിൽ എൽട്ടൺ ജോണിന്റെ സംഗീത നിശയിൽ പങ്കെടുത്ത ഇമ്മാനുവൽ മാക്രോണിന് നേരെയും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഫ്രാൻസിന്റെ ഓവർസീസ് ടെറിറ്ററികളിലും പ്രതിഷേധം അരങ്ങേറുന്നുണ്ട്. ഫ്രഞ്ച് ഗിനിയയുടെ തലസ്ഥാനമായ സിയാനെനിലെ അജ്ഞാതന്റെ വെടിയേറ്റ് ഒരു പ്രതിഷേധക്കാരൻ മരണമടഞ്ഞു. അതുപോലെ, ഇന്ത്യൻ മഹാസമുദ്രത്തിലുള്ള, ഫ്രഞ്ച് പ്രദേശമായ റീയൂണിയനിൽ ചുരുങ്ങിയത് 28 പേരെയെങ്കിലും കലാപത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തതായ റിപ്പോർട്ടുകൾ പുറത്തു വരുന്നു. 2005-ൽ രണ്ട് കൗമാരക്കാർ കൊല്ലപ്പെട്ടപ്പൊൾ കണ്ടതിനു ശേഷം ഇതാദ്യമായാണ് ഇത്രയും തീവ്രതയാർന്ന ഒരു പ്രതിഷേധം ഫ്രാൻസ് കാണുന്നത്.